പുത്തുമല : ഉരുളിൽ മറഞ്ഞുപോയ മൂന്ന് പിഞ്ചോമനകളുറങ്ങുന്ന പുത്തുമലയിലെ ഹൃദയഭൂമിയിലെത്തി കൈനിറയെ കളിപ്പാട്ടങ്ങൾ സമ്മാനിച്ച് നിയുക്ത എം.എൽ.എ. കെ. രാജൻ. അവസാനനിദ്രയിലമർന്ന കുഞ്ഞോമനകളുടെ കുഴിമാടത്തിൽ അദ്ദേഹം പൂച്ചെണ്ടുകൾ വെച്ചു. ശേഷം കൈയിൽ കരുതിയ കളിപ്പാട്ടങ്ങൾ ഓരോന്നായി നിരത്തി. ഓമനകളുടെ ഓർമ്മകളിൽ സയന വിതുമ്പിപ്പോയി. വിങ്ങുന്ന ഓർമ്മകളുടെ ഉരുൾപൊട്ടലിൽ ഹൃദയഭൂമി സന്ദർശിക്കാനെത്തിയവരും ഉള്ളാലെ തേങ്ങി. To advertise here, തൃശ്ശൂർ ഒല്ലൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോൾ സയനയും അനീഷും എൽ.ഡി.എഫ്. സ്ഥാനാർഥിയായ കെ. രാജനെ നേരിൽപ്പോയി കണ്ട് വിജയാശംസകൾ നേർന്നിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മക്കൾ അന്ത്യനിദ്രകൊള്ളുന്നയിടം കാണാൻവരണമെന്ന് സയന അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് നിയുക്ത എം.എൽ.എ. കെ. രാജൻ ബുധനാഴ്ച വൈകീട്ട് ഹൃദയഭൂമിയിലെത്തിയത്. സങ്കടംമാത്രം നിറയുന്ന ഹൃദയഭൂമിയിലെ കൂടിക്കാഴ്ചയിൽ വാക്കുകൾക്ക് പകരം മൗനം നിറഞ്ഞുനിന്നു. അനീഷിന്റെയും സയനയുടെയും മക്കളായ നിവേദും ധ്യാനും ഇഷാനുമൊപ്പംതന്നെയാണ് അനീഷിന്റെ അമ്മ രാജമ്മയും അന്ത്യവിശ്രമം കൊള്ളുന്നത്. രാജമ്മയുടെ കുഴിമാടത്തിനരികിൽ കെ. രാജൻ കൈകൂപ്പിനിന്നു. നീണ്ട നിശ്ശബ്ദതയ്ക്കുശേഷമാണ് അവിടെ വാക്കുകൾ പിറന്നത്. ‘വന്നതിൽ സന്തോഷമുണ്ടെന്ന്’ സയന കരച്ചിലടക്കി പറഞ്ഞു. ഇരുവരെയും സമാധാനിപ്പിച്ചശേഷം ടൗൺഷിപ്പിലെ വീടിനെക്കുറിച്ചും താമസം മാറുന്നതിനെക്കുറിച്ചുമൊക്കെ കെ. രാജൻ ചോദിച്ചു. ടൗൺഷിപ്പിലെ പുതിയ വീട്ടിൽ താമസം തുടങ്ങുമ്പോൾ വരുമെന്ന് ഉറപ്പുനൽകിയാണ് അദ്ദേഹം മടങ്ങിയത്. കുഞ്ഞുങ്ങൾ ഒപ്പമുണ്ടായിരുന്ന നാളുകളിലേതുപോലെത്തന്നെയാണ് സയനയും അനീഷും ഇന്നും. കുഞ്ഞുങ്ങളുടെ അടുത്തെത്തി ചോക്ലെറ്റും കളിപ്പാട്ടങ്ങളുമൊക്കെ സമ്മാനിച്ച് കൊഞ്ചിച്ചും ലാളിച്ചുമൊക്കെയാണ് ഓരോതവണയും മടങ്ങുന്നത്. രാജമ്മയ്ക്ക് കടലമിഠായിയും വെറ്റിലമുറുക്കുമെല്ലാം ഇപ്പോഴും സമ്മാനിക്കും. “ഹൃദയഭൂമി സന്ദർശിക്കാനെത്തുന്നവരും ഇപ്പോൾ കുഞ്ഞുങ്ങൾക്ക് സമ്മാനമായി നൽകാറുണ്ട്. ഒരിക്കൽ ആരോ കളിപ്പാട്ടത്തിനുള്ളിൽ പണം വെച്ചിട്ടുപോയിരുന്നു ആ പണം ഉപയോഗിച്ചും മക്കൾക്ക് കളിപ്പാട്ടം വാങ്ങി നൽകി...”-സയന പറഞ്ഞു. അനീഷിനും സയനയ്ക്കും ടൗൺഷിപ്പിൽ അനുവദിച്ച വീട്ടിലും ഇരുവർക്കുമൊപ്പം കെ. രാജൻ സന്ദർശനം നടത്തി. സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, മേപ്പാടി പഞ്ചായത്തംഗം ഷൈജാ ബേബി, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.എം. ഫ്രാൻസിസ് തുടങ്ങിയവരും ഒല്ലൂരിൽനിന്നുള്ള എൽ.ഡി.എഫ്. പ്രവർത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. Content Highlights: K. Rajan MLA fulfilled his promise to visit the resting place of children lost in the Puthumala landslide., The visit highlights the emotional bond between the victims' families and the representative. Published: 14 May 2026, 08:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
