കൊല്ലം : കൊല്ലം തന്റേതായ ഇടം വീണ്ടെടുക്കണം. ഒരു കാലത്ത് സാഹിത്യകാരൻമാർ സഞ്ചരിക്കാത്ത തെരുവില്ല കൊല്ലത്ത്. ഇന്ന് ആ ഓർമ്മപോലും സംരക്ഷിക്കപ്പെടുന്നില്ല. എല്ലാ എഴുത്തുകാരെയും കൈനീട്ടി സ്വീകരിച്ച് കുടിയിരുത്തിയ പട്ടണമാണിത്. ബഷീറിനെ തടവിലിട്ട് മതിലുകൾ താണ്ടുന്ന പ്രണയത്തെ കണ്ടെത്തിയ ഇടം. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനുമുന്നോടിയായി നടത്തിയ ചായക്കടച്ചർച്ച നഗരത്തിന്റെ ചരിത്രത്തിലൂടെയും സാംസ്കാരിക പാരമ്പര്യത്തിലൂടെയുമുള്ള സഞ്ചാരമായി. ‘കൊല്ലം തൊഴിലിന്റെയും വാക്കിന്റെയും തുറമുഖം’ എന്ന വിഷയത്തിൽ ഉയർന്ന ചൂടേറിയ ചർച്ച ഒരു കാര്യം ഉറപ്പിച്ചുപറഞ്ഞു: ഈ പൈതൃകത്തിന്റെ ഓർമ്മകളെ അടയാളപ്പെടുത്തുന്ന സംരംഭം ഇവിടെയുണ്ടാവേണ്ടതുണ്ട്. ആശ്രാമം മൈതാനത്തെ ജാജീസ് ഫുഡ് കോർട്ട് അങ്കണത്തിലായിരുന്നു പരിപാടി. To advertise here, സാഹിത്യത്തെയും അതിലെ ഭാഷാശൈലികളെയും ആഴത്തിൽ മനസ്സിലാക്കിയപ്പോഴാണ് ഒട്ടേറെ സാഹിത്യകാരന്മാരും കവികളും കൊല്ലത്തുകാരാണെന്ന് അറിഞ്ഞതെന്ന് എഴുത്തുകാരിയും അധ്യാപികയുമായ നിത്യ പി. വിശ്വം അഭിപ്രായപ്പെട്ടു. [object Object] ‘‘കൊല്ലത്തിന്റെ പരമ്പരാഗത വ്യവസായമായ കയറിന്റെ സുവർണചാരുതയും അതിനുപിന്നിലുള്ള അധ്വാനത്തിന്റെ താളവും കവിതയായി ആവിഷ്കരിച്ച കവിയാണ് തിരുനല്ലൂർ കരുണാകരൻ’’ -എഴുത്തുകാരനും സംരംഭകനുമായ വിമൽ റോയി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സാംസ്കാരികചരിത്രത്തിൽ അടയാളപ്പെടുത്തിയ പല പ്രസിദ്ധീകരണങ്ങളുടെയും ഈറ്റില്ലം കൊല്ലമാണെന്ന് എഴുത്തുകാരനായ ഡോ. എം.എസ്. നൗഫൽ ചൂണ്ടിക്കാട്ടി. ‘‘നിള എം.ടി.യുടെ ഭാഷയെ സൗമ്യാത്മകമാക്കിയെങ്കിൽ കൊല്ലത്തിന്റെ പ്രകൃതി, കാക്കനാടന്റെ ഭാഷയെ പരുഷഭംഗിയേറ്റുകയാണ് ചെയ്തത്’’ -നൗഫൽ പറഞ്ഞു. കഥകളിയുടെ ഈറ്റില്ലമായ കൊട്ടാരക്കരയിലെ കഥകളി തമ്പുരാൻ മ്യൂസിയം വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താനാകുന്നില്ലെന്ന് അധ്യാപകനും പ്രഭാഷകനുമായ മനോജ് എസ്. മംഗലത്ത് അഭിപ്രായപ്പെട്ടു. കൊല്ലത്തിന്റെ കസബ ജയിൽ, തേവള്ളി കൊട്ടാരം, ചീനക്കൊട്ടാരം, പാർവതി മിൽ, പുനലൂർ പേപ്പർമിൽ, അലിൻഡ്, കശുവണ്ടിമേഖല, ചരിത്ര സ്മാരകങ്ങൾ, വ്യാവസായിക കേന്ദ്രങ്ങൾ എന്നിവ സംരക്ഷിക്കപ്പെടണമെന്ന നിർദേശവും ചർച്ചയിൽ പങ്കെടുത്തവർ മുന്നോട്ടുവെച്ചു. കവി പെരുമ്പുഴ ഗോപാലകൃഷ്ണൻ, അധ്യാപകനും ഫോട്ടോഗ്രാഫറുമായ കണ്ണൻ ഷൺമുഖം, സാഹിത്യകാരൻ വി.എം. രാജ്മോഹൻ കാർട്ടൂണിസ്റ്റ് എം.എസ്. മോഹനചന്ദ്രൻ, ചാർട്ടേഡ് അക്കൗണ്ടന്റ് സിദ്ധാർഥൻ, നിയമവിദ്യാർഥിനി മീനാക്ഷി പി. പിള്ള, അധ്യാപിക പി.വി. മായ ഷൺമുഖദാസ്, അധ്യാപിക ഷെമ, ബിരുദവിദ്യാഥിനി ദിയ ആർ. കുര്യൻ എന്നിവരും സംസാരിച്ചു. മാതൃഭൂമി ചീഫ് റിപ്പോർട്ടർ ജി. ജ്യോതിലാൽ മോഡറേറ്ററായി. Content Highlights: Rediscover Kollam`s rich literary heritage and cultural traditions. Explore its vibrant past and discuss its future at the Mathrubhumi International Festival of Letters. Published: 04 Jan 2026, 04:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
