നേമം : നഗരത്തിൽ ശേഷിക്കുന്ന നെൽപ്പാടങ്ങൾ വീണ്ടെടുത്ത് സംരക്ഷിക്കാൻ കോർപ്പറേഷൻ നടപടി സ്വീകരിക്കണമെന്നാവശ്യമുയരുന്നു. To advertise here, കൃഷി മുടങ്ങിക്കിടക്കുന്ന പല പാടശേഖരങ്ങളും മണ്ണിട്ട് നികത്താനുള്ള ശ്രമങ്ങൾ വ്യാപകമാണ്. നഗരസഭാതിർത്തി പ്രദേശമായ എസ്റ്റേറ്റ്, നേമം വാർഡുകളിലുൾപ്പെടുന്ന കോലിയക്കോട് പാടത്ത് രണ്ട് പതിറ്റാണ്ടായി കൃഷി മുടങ്ങിക്കിടക്കുകയാണ്. ഒരു കാലത്ത് തലസ്ഥാനത്തെ പ്രധാന പാടശേഖരങ്ങളിലൊന്നായിരുന്നു കോലിയക്കോട് പാടം. ഇവിടെ റോഡിനിരുവശത്തുമായി ഹെക്ടർ കണക്കിന് പാടങ്ങളിൽ കൃഷിയുണ്ടായിരുന്നു. പിന്നീട് പല കാരണങ്ങൾകൊണ്ട് കൃഷി മുടങ്ങിയതോടെ പാടങ്ങളിൽ കോരകയറി തരിശ് കിടക്കുകയാണ്. ഈ അവസ്ഥയിൽ പാടങ്ങളിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുന്ന സ്ഥിതിയുമുണ്ട്. ദീർഘനാളായി കൃഷി മുടങ്ങിയപ്പോൾ കോലിയക്കോട് പാടത്ത് ഏതാനും വർഷംമുൻപ് പാപ്പനംകോട് എൻജിനിയറിങ് കോളേജിലെ നാഷണൽ സർവീസ് സ്കീമിലെ വിദ്യാർഥികൾ പാടം ഒരുക്കി മാതൃകാ കൃഷിയിറക്കിയെങ്കിലും മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. കോലിയക്കോട് പാടത്ത് കൃഷി നിലച്ചു തുടങ്ങിയതോടെ സമീപത്തെ വീടുകളിലെ കിണറുകളിൽ വെള്ളം വറ്റിത്തുടങ്ങി. കോലിയക്കോട് കൃഷി വീണ്ടും സജീവമായി പുനരാരംഭിക്കാൻ നടപടി വേണം. കുറെ കാലമായി കൃഷി മുടങ്ങിക്കിടന്നതിനാൽ പാടമൊരുക്കുന്നതിന് കഠിന പരിശ്രമം വേണ്ടിവരും. കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കോർപ്പറേഷനോടൊപ്പം കൃഷിവകുപ്പും സംയുക്തമായി ശ്രമം നടത്തിയാൽ മാത്രമേ കൃഷി നിലച്ച പാടങ്ങളെ വീണ്ടും കതിരണിയിക്കാൻ കഴിയൂ. കൃഷി പുനരാരംഭിക്കും ഇറിഗേഷന്റെ സഹകരണത്തോടെ ജലസേചന സൗകര്യം മെച്ചപ്പെടുത്തി കർഷകരുടെ യോഗം വിളിച്ച് കൃഷി പുനരാരംഭിക്കാനുള്ള നടപടികൾ തുടങ്ങി. ബിനുലാൽ, കൃഷി ഓഫീസർ, നേമം. തുക വകയിരുത്തി നെൽക്കൃഷിക്കായി കോർപ്പറേഷൻ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. കോലിയക്കോട് പാടശേഖരത്തിൽ കൃഷി വീണ്ടും തുടങ്ങുന്നതിന് മേയറുമായി സംസാരിച്ച് നടപടി സ്വീകരിക്കും. ആർ.അഭിലാഷ്, കൗൺസിലർ, എസ്റ്റേറ്റ് വാർഡ്.
