തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനിടെ ലോക്‌സഭയിൽ എഫ്.സി.ആർ.എ. ഭേദഗതി ബില്ല് കൊണ്ടുവരാൻ ശ്രമിക്കുന്നത് ചർച്ചപോലും ചെയ്യാതെ ബില്ല് പാസാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് പ്രചാരണ കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പായതുകൊണ്ടുതന്നെ നല്ലൊരു ശതമാനം എം.പി.മാർക്കും ലോക്‌സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു കേന്ദ്ര സർക്കാർ. എന്നാൽ രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം കോൺഗ്രസ് എം.പി.മാർ സമ്മേളനത്തിൽ പങ്കെടുത്തതോടെ ബില്ല് സഭയിൽ അവതരിപ്പിക്കാതെ കേന്ദ്രസർക്കാർ ഒളിച്ചോടുകയായിരുന്നു. കോൺഗ്രസ് എം.പി.മാരുടെ പ്രതിഷേധം ഫലം കാണുമെന്നതിന് തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബില്ലിനെതിരെ സഭയ്ക്കകത്തും പുറത്തും കോൺഗ്രസ് വലിയ പ്രതിഷേധമുയർത്തും. നിയമഭേദഗതി റദ്ദാക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. To advertise here, ജി. സുധാകരൻ യു.ഡി.എഫിനൊപ്പം ചേർന്ന് മത്സരിക്കുന്നതിൽ സി.പി.എം. വല്ലാതെ അസ്വസ്ഥരാവുകയാണ്. ജി. സുധാകാരനെ മുഖ്യമന്ത്രി കടന്നാക്രമിക്കുമ്പോൾ അണികൾ വധഭീഷണിവരെ മുഴക്കുകയാണ്. ഇതിന്റെ ഭാഗമാണ് ജി. സുധാകരന്റെ ഡ്രൈവർക്ക് ലഭിച്ച വധഭീഷണിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ്. വിട്ട് എൽ.ഡി.എഫിലെത്തുന്നവർക്ക് സ്ഥാനമാനങ്ങൾ നൽകി സ്വീകരിച്ചവരാണ് ഇപ്പോൾ എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിൽ എത്തിയവരെ മോശക്കാരായി ചിത്രീകരിക്കുന്നത്. ഇത് വിരോധാഭാസമാണെന്നും ചെന്നിത്തല പറഞ്ഞു. ഇരകൾക്കൊപ്പമെന്നു പറയുകയും എന്നാൽ എപ്പോഴും വേട്ടക്കാർക്കൊപ്പം നിൽക്കുന്നതുമാണ് സി.പി.എം. നിലപാട്. സി.പി.എം. സഹയാത്രികനായ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായത് അദ്ദേഹത്തിനെതിരായ മൂന്നാമത്തെ പരാതിയിലാണ്. അതും തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് മാത്രമാണ് ഈ കേസിൽ അറസ്റ്റ് നടന്നത്. അല്ലായിരുന്നുവെങ്കിൽ മറ്റുപല കേസുകളിലേതുപോലെ ഈ കേസിലും ഇടതുസർക്കാർ അദ്ദേഹത്തെയും സംരക്ഷിക്കുമായിരുന്നുവെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവുമായി ആദ്യം സംവാദത്തിന് തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നിട് അതിൽനിന്ന് പിന്മാറി ഫെയ്‌സ്ബുക്ക് സംവാദമാണ് തൻ ഉദ്ദേശിച്ചതെന്ന് പറഞ്ഞത് ഒളിച്ചോട്ടമാണ്. പത്ത് വർഷത്തിനിടെ ചൂണ്ടിക്കാണിക്കാൻ ഒരു വൻകിട വികസന പദ്ധതി പോലുമില്ലാത്ത ഇടതുസർക്കാരിന് ഇതല്ലാതെ മറ്റൊന്നും ചെയ്യാൻ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബി.ജെ.പി., എസ്.ഡി.പി.ഐ., പി.ഡി.പി. എന്നീ വർഗീയ സംഘടനകളുമായി നടത്തിയ ഡീലിന്റെ ബലത്തിൽ ജയിച്ചുകയറാമെന്നാണ് പിണറായി വിജയനും ഇടതുപക്ഷവും വിലയിരുന്നത്. എന്നാൽ മതേതര കേരളം ഈ ഗൂഢനീക്കം പൊളിക്കും. യു.ഡി.എഫ്. സർക്കാൻ നൂറിലധികം സീറ്റു നേടി ജയിക്കുമെന്നുതന്നെയാണ് ഏറ്റവും പുതിയ ട്രെൻഡുകളിൽനിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. Published: 01 Apr 2026, 08:21 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കോൺഗ്രസ് എംപിമാരെ കണ്ടപ്പോൾ കേന്ദ്രം ഒളിച്ചോടി; എഫ്സിആർഎ ബില്ലിൽ കേന്ദ്രസർക്കാരിനെതിരേ ചെന്നിത്തല
M
MathrubhumiSource Link
about 1 month ago