ഗ്യാസ് വേണ്ടാ, എന്നും പാചകം വിറകടുപ്പിൽ To advertise here, കുന്നംകുളം: പാചകവാതകത്തിന്റെ വിലവർധനയും ക്ഷാമവും ഒട്ടുമിക്ക ഹോട്ടലുകളെയും ബാധിച്ചപ്പോഴും കുന്നംകുളത്തെ നായർ ഹോട്ടലിൽ അങ്ങനെ ഒരു പ്രശ്നമുണ്ടായതായി അറിഞ്ഞ മട്ടില്ല. എല്ലാ വിഭവങ്ങളും പഴയതുപോലെത്തന്നെ മാറ്റമില്ലാതെ ഇവിടെ വിളമ്പുന്നുണ്ട്. കാലങ്ങളോളമായി ഇവിടെ പാചകത്തിന് വിറകുമാത്രമാണ് ഉപയോഗിക്കുന്നത്. ചായയുണ്ടാക്കാൻ മാത്രം അടുത്തകാലം മുതൽ ഗ്യാസ് ഉപയോഗിക്കുന്നുണ്ട്. ഒന്നല്ല, മൂന്ന് ഹോട്ടലുകളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. കുന്നംകുളം അരി മാർക്കറ്റിൽ പ്രവർത്തിക്കുന്ന നായർ ഹോട്ടലാണ് മാതൃസ്ഥാപനം. കൂടാതെ തൃശ്ശൂർ റോഡിലെയും മലങ്കര ആശുപത്രിയിലെ കാന്റീനിലും ഇതേ രീതിയിൽത്തന്നെയാണ് പ്രവർത്തനം. രാവിലെ മൂന്നരയോടെ നായർ ഹോട്ടലിലെ അടുക്കള ഉണരും. ആറ് അടുപ്പുകൾ വീതമാണ് ഓരോ ഹോട്ടലിലുമുള്ളത്. ആദ്യം തയ്യാറാക്കുന്നത് പ്രാതലിനുള്ള വിഭവങ്ങൾത്തന്നെ. ആറരയോടെ ചായയ്ക്കും പ്രാതലിനുമായി ആളുകളെത്തും. ദോശ, ഇഡ്ഡലി, കൊള്ളി, നൂലപ്പം, മസാലദോശയും നെയ്റോസ്റ്റും ചപ്പാത്തിയും എന്നിങ്ങനെ പോകുന്നു വിഭവങ്ങൾ. ഇതൊരു പതിനൊന്നരവരെ തുടരും. അതു കഴിഞ്ഞാൽപ്പിന്നെ ഉച്ചയൂണായി. ചോറും സാമ്പാറും അവിയലും ഓലനും തോരനും പച്ചടിയും രസവും മോരും വറുത്ത മുളകും അച്ചാറും പപ്പടവും പായസവും കൂടിയതാണ് ഉച്ചയൂണ്. അതൊരു മൂന്നര, നാലുവരെ. നാലിനുശേഷം ദോശകളും ചപ്പാത്തിയുമാണുണ്ടാകുക. രാത്രി ഏഴുവരെ തുടരും. 50 വർഷംമുൻപാണ് കുന്നംകുളത്ത് നായർ ഹോട്ടലിന്റെ തുടക്കം. അന്ന് നാലുചക്രവണ്ടിയിൽ ചായക്കടയായി തുടങ്ങിയതാണ്. അരിമാർക്കറ്റിലായിരുന്നു പ്രധാന കച്ചവടം. പിന്നീട് അവിടെത്തന്നെ മുറിയെടുത്ത് ഹോട്ടലാക്കി. കക്കാട് ശേഖരത്ത് വേലായുധൻ നായരായിരുന്നു തുടക്കക്കാരൻ. മക്കളും ആ വഴിതന്നെ തുടർന്നു. മൂന്ന് മക്കളാണ് ഹോട്ടൽ നടത്തുന്നത്. അരി മാർക്കറ്റിലെ ഹോട്ടൽ നാരായണൻ നായരും (സുന്ദരേട്ടൻ) തൃശ്ശൂർ റോഡിലുള്ള ഹോട്ടൽ മണികണ്ഠനും മലങ്കര ആശുപത്രിയിലെ കാന്റീൻ അനിലുമാണ് നടത്തുന്നത്. മൂന്ന് ഹോട്ടലുകളിലേക്കുമായി ദിവസം 60 തുലാൻ (20 കിലോ -ഒരു തുലാൻ) വിറകാണ് വേണ്ടിവരുന്നത്. പുളിവിറകാണ് ഉപയോഗിക്കുന്നത്. പാചകവാതകത്തിന് വില കൂടുകയും ക്ഷാമം നേരിടുകയും ചെയ്തതോടെ വിറകുവിലയിലും വർധനയുണ്ടായി. തുലാത്തിന് 125 രൂപയ്ക്ക് കിട്ടിയിരുന്ന വിറകിന് ഇപ്പോൾ 158 രൂപയാണ്. ഭക്ഷണസാധനങ്ങളുടെ വില ഇതുവരെ വർധിപ്പിച്ചിട്ടില്ല. പക്ഷേ, വില കൂട്ടേണ്ട സാഹചര്യമാണെന്ന് സുന്ദരേട്ടൻ പറയുന്നു.
