അയ്യപ്പക്ഷേത്രങ്ങളിലൂടെ To advertise here, മൈസൂരു : അയ്യനെക്കണ്ട് കൊതിതീരാത്ത കണ്ണും തൊഴുത് തൃപ്തിയടങ്ങാത്ത കൈയുമായി വീണ്ടും വീണ്ടും ഒട്ടേറെ ഭക്തജനങ്ങളാണ് ചാമുണ്ഡിമലയുടെ അടിവാരത്തെ അയ്യന്റെ സന്നിധാനത്തിൽ അനുഗ്രഹം തേടിയെത്താറ്. ചാമുണ്ഡിദേവി കുടികൊള്ളുന്ന ചാമുണ്ഡിമലയുടെ അടിവാരത്തെ ക്ഷേത്രം മലയാളികൾക്ക് മാത്രമല്ല മൈസൂരുകാർക്കും അവരുടെ വിശ്വാസത്തിന്റെയും ഭക്തിയുടെയും ഭാഗമാണ്. 1960-ൽ ഏതാനും ഭക്തർചേർന്ന് രൂപവത്കരിച്ച അയ്യപ്പസമിതി ഇന്ന് ശബരിമല അയ്യപ്പ ശ്രീഅയ്യപ്പപൂജാസമിതിയുടെ കീഴിൽ ശ്രീ അയ്യപ്പസ്വാമി-ഗുരുവായൂരപ്പക്ഷേത്രമെന്ന പേരിൽ ഒരുപാട് വളർന്നു. മൈസൂരുവിലെ മലയാളികൾക്ക് മാത്രമല്ല ജാതി, മത, വർഗ, ഭാഷാ-ഭേദമെന്യേ ഏവർക്കും അഭയകേന്ദ്രമാണ് ക്ഷേത്രം. 1972-ൽ മൈസൂരുവിലെ പ്രശസ്ത ബോറയ്യ ബസവയ്യ ആൻഡ് സൺസ് കുടുംബമാണ് ക്ഷേത്രത്തിന് സ്ഥലം സൗജന്യമായി വിട്ടുനൽകിയത്. 1983-ൽ ഇന്നുകാണുന്ന ക്ഷേത്രംപണിതു. അന്നത്തെ ഗുരുവായൂർ തന്ത്രിയായ ചേന്നാസ് പരമേശ്വരൻനമ്പൂതിരിപ്പാടിന്റെ ഉപദേശമനുസരിച്ചാണ് ക്ഷേത്രകമ്മിറ്റിക്കാർ അമ്പലത്തിലെ പൂജാവിധികൾ തീരുമാനിച്ചത്. ക്ഷേത്രാചാരപ്രകാരം വർഷത്തിൽ ദിവസവും മൂന്നുനേരത്തെ പൂജാരീതിയായ ത്രികാല പൂജയാണ് ഇന്നും പിന്തുടരുന്നത്. അയ്യപ്പനും ഗുരുവായൂരപ്പനുമാണ് പ്രധനപ്രതിഷ്ഠ. ദേവി, മുരുകൻ, ഗണേശൻ, നാഗം എന്നിവ ഉപദേവതകളാണ്. ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിയുടെ ഉപദേശപ്രകാരമാണ് ക്ഷേത്രത്തിൽ ഇപ്പോഴും പൂജാവിധികൾ നടക്കുന്നത്. സുരേഷ്, ആര്യദാസ് എന്നിവരാണ് ക്ഷേത്രത്തിലെ പൂജാരിമാർ. മണ്ഡല-മകര വിളക്ക് കാലത്ത് ഒട്ടേറെ പ്രത്യേക പൂജകളും രണ്ടരമാസത്തെ അന്നദാനവും പ്രധാനമാണ്. 68 ദിവസത്തെ അന്നദാനത്തിലും അഞ്ചുദിവസത്തെ മഹാ അന്നദാനത്തിലും ആയിരങ്ങളാണെത്തുക. മണ്ഡല വ്രതം അനുഷ്ഠിക്കുന്നവർക്ക് ക്ഷേത്രപരിസരത്ത് രാത്രികാലത്ത് ക്ഷേത്രത്തിൽ പ്രത്യേക താമസ സൗകര്യം ഒരുക്കും. കൂടാതെ മാലധാരണം, കെട്ടുനിറ എന്നിവയ്ക്കുള്ള സൗകര്യവും വിശേഷാൽപൂജകളും പ്രത്യേകപരിപാടികളും. എല്ലാമാസവും ആയില്യംനാളിൽ നാഗപ്രതിഷ്ഠയ്ക്കായി പ്രത്യേകപൂജകളും നടക്കാറുണ്ട്. മൈസൂരുവിൽ ദസറ കാലമായ നവരാത്രിദിനങ്ങളിൽ പ്രത്യേകം ഉത്സവമാണ് എല്ലാവർഷവും. ദിവസവും നെയ്യഭിഷേകം, ഗണപതിഹോമം, കുങ്കുമാർച്ചന, പഞ്ചാമൃതം, പാൽപ്പായസ നിവേദ്യം എന്നിവയുണ്ടാകും. ഗ്രന്ഥംവെപ്പ് പൂജ, ആയുധപൂജ, വിദ്യാരംഭച്ചടങ്ങ് എന്നിവയ്ക്ക് മൈസൂരുവിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മലയാളികൾക്ക് പുറമേ ഒട്ടേറെ പേരാണ് പങ്കെടുക്കുക. മകരസംക്രമത്തിനോടനുബന്ധിച്ച് നടക്കുന്ന ലക്ഷം ദീപം തെളിയിക്കൽ മലയാളികളടക്കമുള്ള ആയിരത്തോളം വിശ്വാസികൾ പങ്കാളികളാകും. ദർശനത്തിനുശേഷം ദീപംതെളിയിച്ച് പ്രസാദം സ്വീകരിച്ച് സംതൃപ്തിയോടെയാണ് ഭക്തർ മടങ്ങുക. പ്രസിഡന്റ് ജി. ശ്രീനിവാസ്, സെക്രട്ടറി ആർ. ഹരിദാസ്, ട്രഷറർ കെ.എൻ. ബസവ ആരാദ്യ എന്നിവരുടെ നേതൃത്വത്തിൽ 30 അംഗ കമ്മിറ്റിയാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല നിർവഹിക്കുന്നത്. മലയാളികൾക്ക് പുറമേ മൈസൂരുവിലുള്ളവരുടെയും ഇതരമതസ്ഥരുടെയും പൂർണ സഹകരണത്തോടെയാണ് കമ്മിറ്റിയുടെ പ്രവർത്തനം.
