ഈ നൂറ്റാണ്ടിലെ അതിസങ്കീർണമായ ഭൗമരാഷ്ട്രീയ ചതുരംഗക്കളത്തിൽ പാകിസ്താനെപ്പോലെ ആസൂത്രിതമായ അവ്യക്തതയോടെ നീങ്ങുന്ന രാജ്യങ്ങൾ കുറവായിരിക്കും. പരസ്പരം ഏറ്റുമുട്ടുന്ന രണ്ടു പേർക്കുമൊപ്പം ഒരേസമയം നിൽക്കാനും ഇരുകൂട്ടരെയും വഞ്ചിക്കാനും പാക് ഭരണകൂടത്തിനും പട്ടാളത്തിനും മടിയില്ല. അതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണ് കഴിഞ്ഞ ദിവസം അമേരിക്കൻ മാധ്യമമായ സിബിഎസ് പുറത്തുവിട്ടത്. പാകിസ്താൻ റാവൽപിണ്ടിയിലെ നൂർ ഖാൻ ഉൾപ്പെടെയുള്ള വ്യോമത്താവളങ്ങളിൽ ഇറാനിയൻ യുദ്ധവിമാനങ്ങളും ചാരവിമാനവും പാർക്ക് ചെയ്യാൻ അനുമതി നൽകിയെന്ന് ചാനൽ വെളിപ്പെടുത്തി. അതിന്റെ ഉപഗ്രഹചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. To advertise here, അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനചർച്ചകളിൽ മധ്യസ്ഥത വഹിക്കുമ്പോഴാണ് പാകിസ്താൻ ഈ ചതി കാട്ടിയത്. മധ്യസ്ഥത തങ്ങളുടെ ആഗോളതലത്തിലെ സ്വീകാര്യതയ്ക്കുള്ള തെളിവാണെന്ന് പാകിസ്താൻ മേനി നടിച്ചെങ്കിലും അതിന് അധികം ആയുസ്സുണ്ടായില്ല. ട്രംപ് ഭരണകൂടത്തിൽ നിർണായകസ്വാധീനമുള്ള സെനറ്റർ ലിൻസീ ഗ്രഹാം പാകിസ്താന്റെ മധ്യസ്ഥത പൂർണമായും പുനപ്പരിശോധിക്കണമെന്ന് അഭിപ്രായപ്പെട്ടു. പാകിസ്താന്റെ വ്യോമത്താവളങ്ങളിൽ ഇറാൻ സൈനികവിമാനങ്ങൾക്ക് സംരക്ഷണമൊരുക്കുകയാണെങ്കിൽ പുതിയ മധ്യസ്ഥനെ തേടണമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ നടക്കുമ്പോൾ ചൈനീസ് എഞ്ചിനീയർമാർ സാങ്കേതികസഹായം നൽകാൻ പാകിസ്താനിലുണ്ടായിരുന്നുവെന്ന് കഴിഞ്ഞയാഴ്ച സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സർക്കാർ മാധ്യമമായ സിസിടിവിയിൽ വന്ന വ്യോമയാന എഞ്ചിനീയറിംഗ് വിദഗ്ധൻ ഷാങ് ഹെങിന്റെ അഭിമുഖത്തെ ആധാരമാക്കിയായിരുന്നു വാർത്ത. യുദ്ധത്തിൽ ചൈനയും തുർക്കിയും പാകിസ്താന് സജീവസഹായം നൽകിയെന്ന ഇന്ത്യൻ സൈന്യത്തിന്റെ വാദത്തിന് സ്ഥിരീകരണമായി. പിന്നാലെ ഭീകരസംവിധാനങ്ങളെ സംരക്ഷിക്കുന്നത് തങ്ങളുടെ സൽപ്പേരിനും അന്തസ്സിനും ദോഷം ചെയ്യില്ലേയെന്ന് ഉത്തരവാദിത്തമുള്ള രാജ്യങ്ങൾ ചിന്തിക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭൗമരാഷ്ട്രീയത്തിൽ അതിവേഗ മാറ്റങ്ങൾ സംഭവിക്കുന്ന കാലത്ത് ഈ തുറന്ന കുറ്റപ്പെടുത്തൽ ചൈന ഗൗരവത്തോടെ കാണുമെന്നുറപ്പാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈനാ സന്ദർശനം ലോകശ്രദ്ധ ആകർഷിക്കുകയാണ്. ദീർഘനാളായി ഇരുരാജ്യങ്ങളും അതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ലോകത്തിന്റെ ഫാക്ടറിയായ ചൈനയുടെ എണ്ണക്കുഴലുകളുടെ നിയന്ത്രണം കൈപ്പിടിയിലാക്കി ചർച്ചകളിൽ മാനസികമായ മേധാവിത്വം നേടാനായിരുന്നു ട്രംപിന്റെ ശ്രമം, അത് മിക്കവാറും പൊളിഞ്ഞിരിക്കുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡൂറോയെ അട്ടിമറിച്ചതും ഇറാനിൽ ആക്രമണം നടത്തിയതുമൊക്കെ ഈ ഉദ്ദേശ്യത്തിലാണെന്ന് നിരീക്ഷകർ പറയുന്നു. ആദ്യത്തേതു വിജയിച്ചുവെങ്കിലും രണ്ടാമത്തേത് മിക്കവാറും പൊളിഞ്ഞ നിലയിലാണ്. വെല്ലുവിളി മുന്നിൽ കണ്ട് വലിയ തോതിലെ എണ്ണ സംഭരണശേഷി കൈവരിച്ച ചൈന, ഇറാൻ യുദ്ധത്തിൽ നേരിട്ട് ഇടപെടുന്നതായി ആക്ഷേപമുണ്ട്. ഇറാനിൽ സംഘർഷം നീണ്ടുപോവുന്ന സാഹചര്യത്തിൽ ഇന്ധന, രാസവള ഉപഭോഗത്തിനും സ്വർണം ഇറക്കുമതിക്കും വിദേശയാത്രക്കുമൊക്കെ നിയന്ത്രണങ്ങൾ കൊണ്ടുവരാനും സ്വദേശിവത്കരണത്തിന് മുൻതൂക്കം നൽകാനും ഇന്ത്യ നിർബന്ധിതമാവുകയാണ്. യുദ്ധമുണ്ടായ ശേഷം ഇന്ത്യയുടെ വിദേശനാണ്യശേഖരം ഏതാണ്ട് 38 ബില്യൻ ഡോളർ കുറഞ്ഞ് 690 ബില്യനിലെത്തിയിരിക്കുന്നു. അത് തുടരാൻ അനുവദിക്കാനാവില്ല. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഉടനെയെങ്ങും പൂർണമായി പുനസ്ഥാപിക്കപ്പെടുമെന്ന് തോന്നുന്നില്ല. ഇന്ത്യയ്ക്കാവശ്യമുള്ള എണ്ണയുടെ നാൽപ്പത്തഞ്ചു ശതമാനത്തിലധികം വരുന്നത് ഈ വഴിയാണ്. അതിനാൽ മധ്യപൂർവേഷ്യയിൽ സമാധാനമുണ്ടാക്കാൻ ഇന്ത്യ കൂടുതൽ സജീവമായ പങ്കുവഹിക്കാൻ തയ്യാറായേക്കും. ഇക്കാരണത്താൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ് 15 മുതൽ 20 വരെയുള്ള അഞ്ചുരാജ്യ സന്ദർശനവും ശ്രദ്ധയാകർഷിക്കുന്നു. യുഎഇ, നെതർലൻഡ്സ്, നോർവേ, സ്വീഡൻ, ഇറ്റലി എന്നീ രാജ്യങ്ങളിലാണ് ആറുദിവസത്തെ യാത്ര. കഴിഞ്ഞമാസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശമന്ത്രി എസ്. ജയശങ്കറും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും യുഎഇ സന്ദർശിച്ചിരുന്നു. മാറുന്ന ലോകത്ത് ഇന്ത്യ യുഎഇയുമായുള്ള ബന്ധത്തിന് നൽകുന്ന പ്രാധാന്യം എത്ര വലുതാണെന്ന് വ്യക്തമാണല്ലോ. യുദ്ധമുണ്ടാക്കുന്ന എണ്ണപ്രതിസന്ധിയെ മറികടക്കുന്നതിലും യുഎഇയുടെ സഹകരണം വലിയ പങ്കു വഹിക്കും. മെയ് 15-ന് പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മോദി നടത്തുന്ന ചർച്ചകൾ ഊർജ്ജസുരക്ഷ, വ്യാപാരം, പ്രതിരോധ സഹകരണം, പ്രാദേശികസ്ഥിരത എന്നിവയ്ക്ക് മുൻഗണന നൽകുമെന്ന് കരുതുന്നു. പാകിസ്താൻ പ്രസിഡന്റ് ഷഹബാസ് ഷെരീഫും ജരേദ് കുഷ്നറും കൃതഘ്നതയുടെ പര്യായമായി പാകിസ്താൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെട്ട അമേരിക്കൻ സംഘം തങ്ങുന്നതിന് അറുപതു കിലോമീറ്റർ മാത്രം അകലെയുള്ള ആണവായുധങ്ങൾ സൂക്ഷിക്കുന്നതായി കരുതപ്പെടുന്ന (ഇവിടെയും ബ്രഹ്മോസ് മിസൈൽ വലിയ നഷ്ടം വിതച്ചിരുന്നു) നൂർ ഖാൻ വ്യോമത്താവളത്തിൽ ഇറാന്റെ പോർവിമാനങ്ങൾ! അതുപോലെ, ഫെബ്രുവരി 28-ന് ഇറാനിലെ ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പത്തെ ആഴ്ചയിൽ നിരവധി തവണ അമേരിക്കൻ പോർവിമാനങ്ങൾ പാകിസ്താനിൽ നിന്നും പറന്നുയർന്നതിന്റെയും വിവരങ്ങൾ പുറത്തായിട്ടുണ്ട്. നല്ല ബെസ്റ്റ് മധ്യസ്ഥൻ! ആരോപണങ്ങളെ തെറ്റിദ്ധാരണാജനകമെന്നും നിറംപിടിപ്പിച്ചവയെന്നും പ്രാദേശിക സമാധാനത്തിനുള്ള നീക്കങ്ങളെ തുരങ്കം വെക്കാനുദ്ദേശിച്ചുള്ള നീക്കമാണെന്നും പറഞ്ഞ് പാകിസ്താൻ തള്ളിക്കളഞ്ഞു. പക്ഷേ, ഉപഗ്രഹചിത്രങ്ങളെയും സിബിഎസ് ആധാരമാക്കിയ അമേരിക്കൻ വൃത്തങ്ങളെയും തള്ളിക്കളയാനാവില്ലല്ലോ. ഏതെങ്കിലും ഇറാനിയൻ സൈനികവിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവ ഏപ്രിലിൽ ആരംഭിച്ച സമാധാനചർച്ചകളുടെ ഭാഗമായുള്ള ലോജിസ്റ്റിക്സ്, നയതന്ത്രശ്രമങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും എന്നും പറഞ്ഞ് തടിയൂരാനാണ് പാക് ശ്രമം. 2018 ജനുവരിയിൽ ട്രംപ് നടത്തിയ ഒരു പ്രസ്താവനയുണ്ട്. പാകിസ്താൻ അമേരിക്കയെ കബളിപ്പിക്കുകയാണെന്നും പതിനഞ്ചുവർഷം കൊണ്ട് 33 ബില്യൻ ഡോളർ സഹായമായി കൈപ്പറ്റിയ രാജ്യം നുണയും വഞ്ചനയുമല്ലാതെ മറ്റൊന്നും നൽകിയിട്ടില്ല എന്നും. അമേരിക്ക അഫ്ഗാനിസ്താനിൽ ഭീകരവേട്ട നടത്തുമ്പോൾ പാകിസ്താൻ ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുകയാണെന്നു പറഞ്ഞ അതേ ട്രംപാണ് ഇപ്പോൾ പാകിസ്താനെ വാഴ്ത്തുന്നത്. ട്രംപിന്റെയും അദ്ദേഹത്തിന്റെ പ്രത്യേകദൂതൻ സ്റ്റീവ് വിറ്റ്കോഫിന്റെയും കുടുംബത്തിന് മുഖ്യപങ്കാളിത്തമുള്ള ക്രിപ്റ്റോ കമ്പനിയിൽ പാക് പട്ടാളം നടത്തിയ നിക്ഷേപമാണ് കാരണമെന്ന് പ്രസിഡന്റിന്റെ വിമർശകർ പറയുന്നു. തനിക്കെന്തു കിട്ടും നയത്തിൽ (ട്രാൻസാക്ഷണൽ) വിശ്വസിക്കുന്ന ട്രംപിന്റെ പ്രവൃത്തികൾക്ക് അതാണോ പ്രേരകമാവുന്നത് അതോ ഡീപ് സ്റ്റേറ്റിന്റെ ഗൂഢലക്ഷ്യങ്ങളോയെന്ന് കണ്ടറിയണം. ഇന്ത്യയ്ക്ക് സുപരിചിതമാണ് പാകിസ്താന്റെ ചതിയും നുണകളും. അതിനാൽ ഈ വെളിപ്പെടുത്തൽ ഇന്ത്യയെ ഒട്ടും അത്ഭുതപ്പെടുത്തില്ല. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ നിരവധി റഫാൽ വിമാനങ്ങളെ വീഴ്ത്തിയെന്നും പാകിസ്താന്റെ തിരിച്ചടിയിൽ ഇന്ത്യ ഭയന്നെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് യുദ്ധം അവസാനിപ്പിച്ചതെന്നുമൊക്കെ തട്ടിവിടാൻ അവർക്ക് മടിയില്ല. യുദ്ധമവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് തുടർച്ചയായി അവകാശപ്പെട്ടത് അവർക്ക് തുണയായിരുന്നു. എന്നാൽ ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ ദിവസം മുതൽ വെടിനിർത്തൽ നടപ്പിലാവും വരെ അമേരിക്കയിലെ പാക് എംബസി വിശ്രമമില്ലാതെ യുഎസ് കോൺഗ്രസിലെ പ്രമുഖരെ ബന്ധപ്പെടുകയായിരുന്നുവെന്ന് കഴിഞ്ഞദിവസം വാർത്ത വന്നിരുന്നു. എങ്ങനെയെങ്കിലും യുദ്ധമവസാനിപ്പിക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി. പക്ഷേ, അവർ തള്ളുന്നതോ? പൂജ്യത്തിനെതിരെ നൂറിന് സമ്പൂർണവിജയം! ഇറാന്റെ പോർവിമാനങ്ങൾക്ക് പാകിസ്താൻ സംരക്ഷണം നൽകിയത് സൗദി അറേബ്യയെയും ഞെട്ടിച്ചു കാണണം. ഇരുരാജ്യങ്ങളും തമ്മിൽ സൈനികസഹായക്കരാർ നിലവിലുണ്ട്. പക്ഷേ, സൗദിയിൽ ഇറാൻ ആക്രമണം നടത്തിയപ്പോൾ പാകിസ്താൻ മൗനം പാലിച്ചു (ഒരുപക്ഷേ, അതാവാം മധ്യസ്ഥവേഷം കെട്ടാൻ അവരെ പ്രേരിപ്പിച്ചത്.) അമേരിക്കൻ ബോംബിങ്ങിൽ നിന്നും സംരക്ഷണം കിട്ടിയ ഇറാനിയൻ പോർവിമാനങ്ങൾ സൗദിയെ ലക്ഷ്യം വച്ചെങ്കിലോ എന്ന് അവർ ഭീതിയോടെ ആലോചിക്കുന്നുണ്ടാവണം. പാകിസ്താനിലെ സീപെക് (ചൈന- പാക് സാമ്പത്തിക ഇടനാഴി) വഴി ചൈന ഇറാന് ആയുധസജ്ജീകരണങ്ങൾ എത്തിച്ചതായി ആരോപണമുണ്ടായിരുന്നു. എങ്കിലും ചൈനയ്ക്കും കൈപൊള്ളിയിരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതോടെ ട്രംപിന്റെ കൈപിടിച്ച പാകിസ്താൻ (സാമ്പത്തികപ്രതിസന്ധി മറികടക്കാൻ അന്താരാഷ്ട്ര നാണ്യനിധിയുടെയും ലോകബാങ്കിന്റെയും വായ്പ വേണം, അതിന് യുഎസ് കനിയണം) ഇരുട്ടി വെളുക്കുംമുമ്പ് ചൈനയെ തഴഞ്ഞു. സീപെക്കിലും ഗ്വാദറിലുമൊക്കെ കോടിക്കണക്കിനു ഡോളർ മുക്കിയ ചൈന കടമായും കൊടുത്തു കോടികൾ. അതൊക്കെ തിരിച്ചു കിട്ടുന്നതു പോകട്ടെ, ഉണ്ടാക്കിയതെല്ലാം ഉപേക്ഷിച്ച് മടങ്ങിപ്പോകേണ്ട അവസ്ഥയാണ് ചൈനയ്ക്ക്. നിരന്തരമായ ബിഎൽഎയുടെ (ബലൂച് ലിബറേഷൻ ആർമി) ആക്രമണം കാരണം ചൈനീസ് നിക്ഷേപങ്ങൾക്കും ചൈനക്കാർക്കും ഒരു സുരക്ഷയുമില്ല, പാക് പട്ടാളത്തിന് അതുറപ്പു വരുത്താൻ കഴിയുന്നില്ല. ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്താനെ നേരിട്ടു സഹായിച്ചെന്ന ചൈനീസ് വെളിപ്പെടുത്തൽ ഒരുപക്ഷേ വ്യാളിയുടെ മനസ്സു മാറുന്നതിന്റെ സൂചനയാവാം. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യഥാർത്ഥ നിഷ്പക്ഷതയുടെ ഇന്ത്യൻ മാതൃക ഗൾഫ് രാജ്യങ്ങളിൽ നടന്ന ഇറേനിയൻ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിക്കുന്ന ഇന്ത്യ ഇറാനുമായും മികച്ച ബന്ധമാണ് പുലർത്തുന്നത്. ഇന്ത്യൻ നിലപാടിനെ ബഹുമാനിക്കുന്ന ഇറാന്റെ വിദേശമന്ത്രി അരാഗ്ചി ഈയാഴ്ച ജയശങ്കറെ കാണാനിരിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളും റഷ്യയുമൊക്കെ സമാധാനശ്രമങ്ങളിൽ ഇന്ത്യ കൂടുതൽ സജീവമായി ഇടപെടണം എന്ന് ആഗ്രഹിക്കുന്നവരാണ്. യുഎഇയും ഇസ്രായേലും ഇന്ത്യയും ചേർന്ന ത്രികക്ഷി സഖ്യം ശാന്തമായ നയതന്ത്രത്തിന് വേദിയൊരുക്കുന്നു. ഇസ്രായേലിന്റെ മിസൈൽ പ്രതിരോധ സംവിധാനമായ അയേൺ ഡോം ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ നിന്നും യുഎഇക്ക് കവചമാവുന്നു. ലഭ്യമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു, ഇന്ത്യയാകട്ടെ ബ്രഹ്മോസ്, ആകാശ് മിസൈൽ സംവിധാനങ്ങളടക്കം യുഎഇക്ക് വിൽക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. (അവയുടെ കാര്യക്ഷമത ഓപ്പറേഷൻ സിന്ദൂറിൽ തെളിയിക്കപ്പെട്ടതാണ്.) കൂടാതെ നിരവധി ആയുധസംവിധാനങ്ങൾ സംയുക്തമായി നിർമിക്കാനും നീക്കമുണ്ട്. ട്രംപും ഷീ ജിൻപിങ്ങും തമ്മിലുള്ള ബീജിങ് കൂടിക്കാഴ്ചയിൽ ഇറാൻ പ്രശ്നം പ്രധാന ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, വ്യാപാരം, സാങ്കേതികവിദ്യ, അപൂർവ ഭൗമമൂലകങ്ങൾ, തായ്വാൻ പ്രശ്നം എന്നിവയും. ഇറാൻ പ്രശ്നപരിഹാരത്തിന്റെ കാര്യത്തിലെങ്കിലും ധാരണയായില്ലെങ്കിൽ തിക്തഫലം ഇന്ത്യയും ലോകവും അനുഭവിക്കേണ്ടിവരും. യുദ്ധം നീണ്ടാലും പ്രശ്നമില്ലെന്നു ട്രംപ് ആദ്യം പറഞ്ഞിരുന്നെങ്കിലും യുദ്ധമാരംഭിച്ച ശേഷം അമേരിക്കയിലെ പെട്രോൾവില 50 ശതമാനത്തോളം വർധിച്ചു. നവംബറിൽ ഇടക്കാല തിരഞ്ഞെടുപ്പ് നേരിടേണ്ട ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിയുകയാണ്. ഏറ്റവുമൊടുവിലത്തെ റോയിട്ടേഴ്സ്/ഇപ്സോസ് പോളിൽ അദ്ദേഹത്തിന്റെ അംഗീകാരനിരക്ക് 34 ശതമാനം മാത്രമാണ്. അന്തസ്സോടെ ഇറാൻ യുദ്ധത്തിൽനിന്നു പിൻവാങ്ങാനുള്ള മാർഗമൊന്നും തൽക്കാലം ട്രംപിനു മുന്നിലില്ല. ഇതുവരെ ഉണ്ടായതിലും വലിയ ബോംബാക്രമണവും നഷ്ടവുമൊന്നും ഇനി വരാനില്ലെന്ന് കരുതുന്ന ഇറാൻ നിലപാടുകൾ കർക്കശമാക്കുകയാണ്. മധ്യപൂർവേഷ്യൻ ചതുപ്പിൽനിന്ന് കര കയറണമെങ്കിൽ ചൈനയുടെ സഹായം ട്രംപിന് അനിവാര്യമാണ്. പക്ഷേ, ചോദിക്കേണ്ട രീതിയിൽ ചോദിക്കുകയോ വ്യാളിക്ക് നിരസിക്കാനാവാത്ത ഒരു ഓഫർ വെച്ചുനീട്ടുകയോ ചെയ്യേണ്ടിവരും. അത് ട്രംപിന് കഴിയുമോ?
