Last Updated: 13 May 2026, 11:14 PM IST നീറ്റ്-യു.ജി.യുടെ നടത്തിപ്പുചുമതലയുള്ള ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) വിമർശനമുനയിലാണ് മെഡിക്കൽ ബിരുദപ്രവേശനത്തിനുള്ള ദേശീയപരീക്ഷയായ ‘നീറ്റ്-യു.ജി.’യുടെ ചോദ്യക്കടലാസ് ചോർന്ന സംഭവം രാജ്യത്തെ മികവുനിർണയസംവിധാനങ്ങളുടെയാകെ കാര്യക്ഷമതയെയാണ് ചോദ്യമുനയിലാക്കുന്നത്. നീറ്റ്-യു.ജി.യുടെ നടത്തിപ്പുചുമതലയുള്ള ദേശീയ പരീക്ഷാ ഏജൻസി(എൻ.ടി.എ.) വിമർശനമുനയിലുമായി. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്രസ്വഭാവമുള്ള ഏജൻസിയാണിതെന്നത് ഗൗരവം വർധിപ്പിക്കുന്നു. ഇരുപത്തിരണ്ടുലക്ഷം വിദ്യാർഥികൾ എഴുതിയ പരീക്ഷയപ്പാടെ റദ്ദാക്കിയിരിക്കുകയാണ്, ഇപ്പോൾ. ഈ കുട്ടികൾ വർഷങ്ങളോളം നടത്തിയ കഠിനാധ്വാനത്തിനു വിലയൊന്നുമില്ലേ? പുതിയ പരീക്ഷാതീയതി ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് എൻ.ടി.എ. അറിയിച്ചിരിക്കുന്നത്. വീണ്ടും കാത്തിരുന്ന്, പഠിച്ച് പരീക്ഷയെ അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നു, ഈ കുട്ടികൾക്ക്. അല്ലെങ്കിലേ വർഷങ്ങളോളം കഠിനമായ സമ്മർദങ്ങളിലൂടെ കടന്നുപോയിട്ടാണ് ഈ കുട്ടികൾ ഇമ്മാതിരി പരീക്ഷകൾക്കുമുൻപിലെത്തുന്നത്. നടത്തിപ്പുസംവിധാനങ്ങളുടെ വീഴ്ചകാരണം ഇവർ കൂടുതൽ ഭാരംപേറേണ്ടിവരുന്ന അവസ്ഥ എത്ര ദൗർഭാഗ്യകരമാണ്? ഈ മാസം മൂന്നിനായിരുന്നു നീറ്റ്-യു.ജി. പരീക്ഷ. ഇതിന് രണ്ടുനാൾമുൻപായി മത്സരാർഥികൾക്കിടയിൽ പ്രചരിച്ച ‘സാധ്യതാചോദ്യക്കടലാസി’ലെ 120 ചോദ്യങ്ങൾ പരീക്ഷയ്ക്ക് അതേപടി വന്നതാണു സംശയമുയർത്തിയത്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുകയും ചോദ്യക്കടലാസ് ചോർന്നതായി ബോധ്യപ്പെടുകയുംചെയ്തു. ചോദ്യച്ചോർച്ചയെപ്പറ്റി സി.ബി.ഐ. അന്വേഷിക്കും. അതുകൊണ്ട് പ്രതികൾ കുടുങ്ങിയേക്കാമെങ്കിലും ഈ പ്രശ്നത്തിന് ശാശ്വതപരിഹാരമെന്തെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയ അധികൃതർ കാര്യമായി ആലോചിക്കേണ്ടിവരും. 2024-ലും നീറ്റ്-യു.ജി. ചോദ്യച്ചോർച്ചാവിവാദമുണ്ടായെങ്കിലും പരീക്ഷ റദ്ദാക്കിയിരുന്നില്ല. അക്കൊല്ലം ഇതേ പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചതും ഒട്ടേറെ മത്സരാർഥികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചതും വിവാദമാകുകയുണ്ടായി. തുടർന്ന് ആയിരത്തഞ്ഞൂറോളം മത്സരാർഥികൾക്ക് പുനഃപരീക്ഷ നടത്തേണ്ടിവന്നു. കോച്ചിങ് സെന്ററുകളുടെ കിടമത്സരമാണ് നീറ്റ്-യു.ജി. ചോദ്യക്കടലാസുചോർച്ചയ്ക്കു കാരണമാകുന്നത്. വലിയ പണമൊഴുക്കാണ് ഇതിൽ നടക്കുന്നത്. പരീക്ഷാകേന്ദ്രങ്ങളിൽ ആൾമാറാട്ടം കണ്ടെത്തിയ അവസരങ്ങളും പലതുണ്ട്. 2024-ൽ പരീക്ഷാകേന്ദ്രത്തിൽനിന്നും ഇത്തവണ അച്ചടിച്ച പ്രസിൽനിന്നുമാണ് ചോദ്യക്കടലാസ് ചോർന്നതെന്നാണു നിഗമനം. പക്ഷേ, എൻ.ടി.എ.യുമായി ബന്ധപ്പെട്ടവരുടെ അറിവില്ലാതെ ഇങ്ങനെ ചെയ്യാനാകില്ലെന്നു ചിലർ ആരോപിക്കുന്നുണ്ട്. 2024-ൽ എൻ.ടി.എ. നടത്തിയ യു.ജി.സി.-നെറ്റ് പരീക്ഷ, ചോദ്യം ചോർന്നെന്ന സംശയത്തെത്തുടർന്ന് റദ്ദാക്കിയിരുന്നു. എന്നാൽ, എൻ.ടി.എ. വീഴ്ചകൾ തുടരുകയാണ്. ഏതാനുംമാസംമുൻപുനടന്ന യു.ജി.സി.-നെറ്റ് പരീക്ഷയിൽ പല വിഷയങ്ങളിലും ചോദ്യങ്ങൾക്ക് ഒന്നിലേറെ ഉത്തരംവരുന്ന സാഹചര്യമുണ്ടായി. രാജ്യത്തെ പ്രധാന പ്രവേശനപ്പരീക്ഷകളുടെയൊക്കെ നടത്തിപ്പുചുമതലയുള്ള സ്ഥാപനമാണ് എൻ.ടി.എ. എന്നോർക്കണം. 2024-ലെ നീറ്റ്-യു.ജി. പരീക്ഷയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളുടെ വെളിച്ചത്തിൽ, മത്സരപരീക്ഷകളുടെ നടത്തിപ്പു പരിഷ്കരിക്കുന്നതിന് ശുപാർശകൾ നൽകാൻ ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ കെ. രാധാകൃഷ്ണൻ അധ്യക്ഷനായി വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിലെ ഭൂരിഭാഗം നിർദേശങ്ങളും ഇതുവരെയായി നടപ്പാക്കിയിട്ടില്ല. നീറ്റ് ഉൾപ്പെടെ എല്ലാ മത്സരപരീക്ഷകളും പേന-കടലാസ് രീതിയിൽനിന്ന് കംപ്യൂട്ടർ അധിഷ്ഠിത പ്ലാറ്റ്ഫോമിലേക്കുമാറ്റണമെന്ന് സമിതി ശുപാർശചെയ്തിരുന്നു. ഇതുൾപ്പെടെയുള്ള ശുപാർശകൾ എത്രയുംവേഗം നടപ്പാക്കിയില്ലെങ്കിൽ രാജ്യത്തെ യോഗ്യതാപരീക്ഷകളുടെ മൂല്യം തകർന്നടിയാൻ ഇനിയേറെ താമസമുണ്ടാകില്ല. To advertise here, Published: 13 May 2026, 11:14 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
