മലപ്പുറം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കേരളത്തിലെ ജനവികാരം ഉൾക്കൊള്ളണമെന്ന നിലപാടിൽ ഉറച്ച് മുസ്ലിം ലീഗ്. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നതെന്ന് ഫലം വന്നശേഷം എ.ഐ.സി.സി. നിരീക്ഷരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ലീഗ് നേതൃത്വം അറിയിച്ചിരുന്നു. To advertise here, ഈ നിലപാടിൽനിന്ന് പിന്നോട്ടുപോകേണ്ട സാഹചര്യമില്ലെന്ന് ബുധനാഴ്ച സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽച്ചേർന്ന അടിയന്തര നേതൃയോഗം തീരുമാനിച്ചു. ഡൽഹിയിൽനിന്നുള്ള തീരുമാനത്തിന് കാത്തുനിൽക്കുകയാണെന്നും അതിനുശേഷമാണ് എന്തുസമീപനം സ്വീകരിക്കണമെന്ന് തീരുമാനിക്കുകയെന്നും യോഗശേഷം ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അതിനായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയതായും അറിയിച്ചു. എന്നാൽ, കോൺഗ്രസ് ആരെ മുഖ്യമന്ത്രിയായി തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് പറയാൻ ലീഗ് നേതൃത്വം തയ്യാറായില്ല. മുഖ്യമന്ത്രിയെ കണ്ടെത്തുന്നത് ഉത്തരവാദിത്വമുള്ള വിഷയമാണെന്നും ഇനിയും വൈകരുതെന്നും പറഞ്ഞ് തീരുമാനം നീണ്ടുപോകുന്നതിലെ അതൃപ്തി പരസ്യമാക്കുകയും ചെയ്തു. ഫലം വന്നശേഷം ചില കോൺഗ്രസ് നേതാക്കൾ ലീഗിനെതിരേ തിരിഞ്ഞതും യോഗത്തിൽ ചർച്ചയായി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഘടകക്ഷികൾക്ക് പങ്കില്ലെന്ന തരത്തിൽ ചില കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രസ്താവനയിലുള്ള അമർഷവും പങ്കുവെച്ചു. എന്നാൽ, ഇക്കാര്യം പരസ്യമായിപ്പറഞ്ഞ് മുന്നണിയെ പ്രതിസന്ധിയിലാക്കേണ്ടെന്നാണ് തീരുമാനം. കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചശേഷം അക്കാര്യത്തിലുള്ള പാർട്ടി നിലപാട് സാദിഖലി തങ്ങൾ മാധ്യമങ്ങളെ അറിയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി ചർച്ചകൾക്കായി സോണിയാ ഗാന്ധിയടക്കമുള്ള മുതിർന്ന നേതാക്കൾ ബന്ധപ്പെട്ടുവെന്ന വാർത്ത ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാർ: തീരുമാനം സാദിഖലി തങ്ങൾക്ക് വിട്ടു മുസ്ലിം ലീഗിന്റെ മന്ത്രിമാരെക്കുറിച്ച് നേതൃയോഗത്തിൽ പ്രാഥമിക ചർച്ചയുണ്ടായെങ്കിലും തീരുമാനമെടുത്തില്ല. ഇക്കാര്യത്തിലും തീരുമാനമെടുക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയെ തീരുമാനിച്ചശേഷം കോൺഗ്രസ് നേതാക്കളുമായി ലീഗ് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തും. പാർട്ടിക്ക് എത്ര മന്ത്രിമാരുണ്ടാകും, ഏതെല്ലാം വകുപ്പുകൾ എന്നതിൽ യു.ഡി.എഫിൽ തീരുമാനമാകണം. അതിനുശേഷമായിരിക്കും മന്ത്രിമാരെക്കുറിച്ചുള്ള അന്തിമതീരുമാനം. വകുപ്പിലോ മന്ത്രിമാരുടെ എണ്ണത്തിലോ വിട്ടുവീഴ്ച വേണ്ടെന്ന അഭിപ്രായമാണ് മിക്ക നേതാക്കൾക്കും. പാണക്കാട് സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, പി.എം.എ. സലാം, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, എം.പി. അബ്ദുസ്സമദ് സമദാനി, കെ.പി.എ. മജീദ്, എം.കെ. മുനീർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. Content Highlights: Muslim League insists on reflecting public sentiment for the 2026 CM candidate. Sadiqali Thangal authorized to make final decisions on cabinet and CM support. League expresses dissatisfaction with Congress leaders' remarks on alliance partners. Decision on ministerial portfolios and numbers to follow post-CM announcement. Published: 14 May 2026, 06:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
