ജയിച്ചുനിൽക്കുന്നു എന്നത് ഇറാന്റെ തോന്നൽമാത്രം, ട്രംപിന്റെ ലക്ഷ്യം വേറെ; എണ്ണമേഖല തകർച്ചയുടെ വക്കിൽ

ജയിച്ചുനിൽക്കുന്നു എന്നത് ഇറാന്റെ തോന്നൽമാത്രം, ട്രംപിന്റെ ലക്ഷ്യം വേറെ; എണ്ണമേഖല തകർച്ചയുടെ വക്കിൽ

വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ നീട്ടാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം വെറുമൊരു സമാധാന നീക്കമല്ലെന്നും മറിച്ച് ഇറാന്റെ സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയായ എണ്ണമേഖലയെ അപ്പാടെ തകർക്കാനുള്ള കൃത്യമായ കണക്കുകൂട്ടലിന്റെ ഫലമാണെന്നും റിപ്പോർട്ടുകൾ. വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അവരുടെ പ്രധാന വരുമാനമാർഗമായ എണ്ണ ഉൽപ്പാദനം തകർക്കാൻ ലക്ഷ്യമിട്ടുള്ള നാവിക ഉപരോധം അമേരിക്ക തുടരുകയാണ്. To advertise here, ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടം ഇറാനെതിരെ സ്വീകരിച്ചിരിക്കുന്നത് 'സാമ്പത്തിക യുദ്ധമുറകളാണ്' എന്നാണ് വിദഗ്ധർ കരുതുന്നത്‌. എണ്ണ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ പരിമിതമായതിനാൽ ഉടൻ തന്നെ ഖാർഗ് ഐലൻഡിലെ എണ്ണക്കിണറുകൾ അടച്ചുപൂട്ടാൻ ഇറാൻ നിർബന്ധിതരാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എണ്ണക്കിണറുകളെ അടച്ചുപൂട്ടുന്നത് വഴി ഇറാന്റെ സമ്പദ് വ്യവസ്ഥയെ ശാശ്വതമായി ദുർബലപ്പെടുത്താനാണ് അമേരിക്കൻ നീക്കം. വെറുമൊരു സൈനിക നീക്കത്തേക്കാൾ ഉപരിയായി ഇറാനിലെ ആഭ്യന്തര രാഷ്ട്രീയ വിള്ളലുകൾ മുതലെടുത്ത് അവരെ നയതന്ത്രപരമായി കീഴടക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ട്രംപിന്റെ ഈ തന്ത്രം കേവലം വിട്ടുവീഴ്ചയല്ല, മറിച്ച് ഇറാന്റെ സാമ്പത്തിക ഭദ്രതയെ തകർക്കാനുള്ള കൃത്യമായ കണക്കുകൂട്ടലാണെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. അത്തരത്തിൽ വിലയിരുത്തുമ്പോൾ, 'ഓപ്പറേഷൻ എപിക് ഫ്യൂറി' (Operation Epic Fury) ഇപ്പോൾ ഇറാന്റെ എണ്ണപ്പാടങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു 'സാമ്പത്തിക യുദ്ധമായി' (Economic Fury) മാറിയിരിക്കുകയാണ്. ട്രംപിന്റെ ഉപരോധം പ്രധാനമായും ലക്ഷ്യംവെക്കുന്നത് ഖാർഗ് ഐലൻഡിനെയാണ്. ഇറാന്റെ പ്രധാന എണ്ണ ഹബ്ബാണ് ഖാർഗ്. ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) നാവിക ഉപരോധത്തിലൂടെ ഇറാന്റെ എണ്ണക്കപ്പലുകളുടെ നീക്കം അമേരിക്ക പൂർണമായും തടഞ്ഞിരിക്കുകയാണ്. ഖാർഗ് ദ്വീപിലെ സംഭരണശാലകൾ ഏപ്രിൽ 26-ഓടെ നിറയുമെന്നാണ് കണക്കാക്കുന്നത്. കയറ്റുമതി തടസപ്പെട്ട സാഹചര്യത്തിൽ, ഇവിടുത്തെ സംഭരണശേഷി മറികടന്നാൽ, പുതുതായി ഉത്പാദിപ്പിക്കുന്ന എണ്ണ സൂക്ഷിക്കാൻ ഇവിടെ ഇടമില്ലാതെ വരും. അതോടെ എണ്ണ ഉത്പാദനം നിർത്തിവെക്കാൻ ഇറാൻ നിർബന്ധിതരാകും. ഇത് രാജ്യത്തിന്റെ പ്രാഥമിക വരുമാനമാർഗത്തിന് നേരിട്ടുള്ള തിരിച്ചടിയാകും. മാത്രമല്ല, എണ്ണക്കിണറുകൾ അടച്ചുപൂട്ടുന്നത് ഒരു ടാപ്പ് അടച്ചുവെക്കുന്നതുപോലെ എളുപ്പമല്ല. പൊതുവെ പഴയ എണ്ണപ്പാടങ്ങളാണ് ഇറാനിൽ കൂടുതലായുള്ളത്. അതുകൊണ്ടുതന്നെ ചെറിയ കാലയളവിലേക്കാണെങ്കിൽ പോലും എണ്ണ ഉത്പാദനം നിർത്തിവെച്ചാൽ അത് ഇത്തരം പഴയ എണ്ണപ്പാടങ്ങൾക്ക് മാരകമായ നാശനഷ്ടങ്ങൾ വരുത്തിവെക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് ഇറാന് ശാശ്വതമായ സാമ്പത്തിക ആഘാതം സൃഷ്ടിക്കും. ഉത്പാദനം നിർത്തിവെക്കുമ്പോൾ റിസർവോയർ മർദം കുറയുകയും വെള്ളം ഉള്ളിലേക്ക് കയറുകയും ചെയ്യുന്നത് ഭൂമിക്കടിയിലെ പാറകളുടെ ഘടനയെതന്നെ നശിപ്പിച്ചേക്കും. പശപശപ്പും കട്ടിയും കൂടിയ തരത്തിലുള്ളതാണ് ഇറാന്റെ ക്രൂഡ് ഓയിൽ. കുഴലുകൾക്കുള്ളിൽ ചലനമില്ലാതിരുന്നാൽ അത് കട്ടപിടിക്കുകയും സിസ്റ്റം മുഴുവൻ ബ്ലോക്കാവുകയും ചെയ്യും. മനുഷ്യന്റെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നതിന് സമാനമായ അവസ്ഥ എന്നാണ് ഈ മേഖലയിലെ വിദഗ്ധനായ മെയർ ജാവേദൻഫർ ഇതിനെ വിശേഷിപ്പിച്ചത്. ഇറാന്റെ മിക്ക എണ്ണപ്പാടങ്ങളും പഴയതായതിനാൽ ഇത്തരം ബ്ലോക്കുകൾ വന്നാൽ അവയെ വീണ്ടും പ്രവർത്തനക്ഷമമാക്കുക എന്നത് അസാധ്യമായേക്കാമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരിക്കൽ അടച്ചുപൂട്ടിയ എണ്ണക്കിണറുകൾ വീണ്ടും തുറന്ന് പ്രവർത്തനക്ഷമമാക്കുന്നത് വർഷങ്ങൾ നീണ്ടുനിൽക്കുന്ന കഠിനമായ പ്രക്രിയയാണ്. മാത്രമല്ല, മുമ്പ് ഉത്പാദിപ്പിച്ചിരുന്ന അത്രയും അളവിൽ എണ്ണ പിന്നീട് ഈ കിണറുകളിൽനിന്ന് ലഭിക്കണമെന്നുമില്ല. എണ്ണ ഉത്പാദനം നിലയ്ക്കുന്നതിലൂടെ ഇറാന് പ്രതിദിനം 3,00,000 മുതൽ 5,00,000 വരെ ബാരൽ എണ്ണ നഷ്ടപ്പെടും. ഇത് പ്രതിവർഷം ഏകദേശം 75,000 കോടി മുതൽ 1.25 ലക്ഷം കോടി രൂപ വരെ വരുമാനനഷ്ടത്തിന് കാരണമാകും. നിലവിൽ, ഇറാനിലെ ഭരണകൂടം 'ഗുരുതരമായി ഭിന്നിച്ചിരിക്കുകയാണ്' എന്നാണ് ട്രംപിന്റെ വിലയിരുത്തൽ. ഇറാനിലെ ഇപ്പോഴത്തെ നേതൃത്വത്തിനുള്ളിൽ കാര്യമായ വിള്ളലുകളുണ്ടെന്ന്‌ ട്രംപ് ആദ്യമായാണ് തുറന്നുസമ്മതിച്ചത് എന്നതും ശ്രദ്ധേയമാണ്. കാണാമറയത്തുനിന്ന് ഇറാൻ ഭരണകൂടത്തിന്റെ ചരടുവലിക്കുന്നത് റവല്യൂഷണറി ഗാർഡ് കമാൻഡർ അഹമ്മദ് വാഹിദിയാണെന്നും യുഎസ് ആരോപിക്കുന്നു. ഭരണകൂടത്തിനുള്ളിലെ ഈ വിള്ളലുകൾ മുതലെടുത്ത് സാമ്പത്തികമായി ഇറാനെ തളർത്താനാണ് ട്രംപിന്റെ നീക്കം. രാജ്യത്തിന്റെ പ്രധാന വരുമാന മാർഗമായ എണ്ണ ഉദ്പാദനം സ്ഥിരമായി തടസപ്പെടുത്തുന്നതിലൂടെ ഇറാൻ ഭരണകൂടത്തെ തളർത്താനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. സൈനികമായ ബോംബാക്രമണങ്ങളേക്കാൾ ശാശ്വതമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ ഈ സാമ്പത്തിക ആയുധത്തിന് സാധിക്കുമെന്നാണ് ട്രംപ് വിലയിരുത്തുന്നത്. ഇതിലൂടെ ഇറാനെക്കൊണ്ട് അമേരിക്കയുടെ നിബന്ധനകൾ അംഗീകരിപ്പിക്കാനാകും എന്നും ട്രംപ് ഭരണകൂടം വിലയിരുത്തുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജയിച്ചുനിൽക്കുന്നു എന്നത് ഇറാന്റെ തോന്നൽമാത്രം, ട്രംപിന്റെ… | Boolokam