തിരുവനന്തപുരം : റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡും അടങ്ങുന്ന തമ്പാനൂരിൽ ആയിരക്കണക്കിനു പേരാണ് ദീർഘദൂര യാത്രയ്ക്കടക്കം എല്ലാ ദിവസവും എത്തുന്നത്. റെയിൽവേയ്ക്ക് തുറന്ന പാർക്കിങ്ങും കെഎസ്ആർടിസിക്ക് കെട്ടിടത്തിനടിയിലും മുകൾ നിലകളിലുമായാണ് പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇവയുടെയെല്ലാം സ്ഥിതി പരിതാപകരമാണ്. ഇതിലേതിലെങ്കിലും ഒരു തീപ്പിടിത്തമുണ്ടായാൽ തലസ്ഥാന നഗരകേന്ദ്രത്തിൽ വൻ ദുരന്തമാണുണ്ടാവുക. ഒരുവശത്ത് റെയിൽവേ സ്റ്റേഷനും മറുവശത്ത് കെഎസ്ആർടിസി ടെർമിനലുമാണ്. ഇതിനുള്ളിൽ പെട്രോൾ പമ്പും നിരവധി ബസുകളുമടക്കമുണ്ട്. To advertise here, തമ്പാനൂരിൽ കോർപ്പറേഷൻ പുതുതായി മൾട്ടിലവൽ പാർക്കിങ് കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. പ്രദേശത്ത് ശാസ്ത്രീയമായി പ്രവർത്തിക്കുന്ന പാർക്കിങ് കേന്ദ്രം ഇതു മാത്രമാണ്. വാഹനത്തിന്റെ സുരക്ഷിതത്വവും ശാസ്ത്രീയമായി ഉറപ്പാക്കുന്നുണ്ട്. ഇവിടെ മിക്കപ്പോഴും വാഹനങ്ങൾ നിറഞ്ഞ അവസ്ഥയാണ്. റെയിൽവേ സ്റ്റേഷനിൽ ചവർക്കൂനയും :റെയിൽവേ സ്റ്റേഷനു മുന്നിൽ ഒരു പ്രീമിയം പാർക്കിങ് സ്ഥലവും സ്റ്റേഷന്റെ ഇരുവശത്തുമായി സാധാരണ രണ്ടു പാർക്കിങ് കേന്ദ്രങ്ങളുമാണുള്ളത്. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പ്രധാന പാർക്കിങ് കേന്ദ്രത്തിന്റെ ഭൂരിഭാഗം സ്ഥലവും അടച്ചിട്ടിരിക്കുകയാണ്. സ്റ്റേഷനു പുറകിൽ പവർഹൗസ് റോഡിലെ ഭാഗത്തെ പാർക്കിങ് പൂർണമായി പ്രവർത്തിക്കുന്നില്ല. സ്റ്റേഷന്റെ മുൻവശത്തുള്ള തുറന്ന പാർക്കിങ് കേന്ദ്രത്തിനു യാതൊരു സുരക്ഷയുമില്ല. ഇവിടെനിന്ന് വാഹനങ്ങളും ഹെൽമറ്റുകളുമടക്കം മോഷണം പോകുന്നതായും പരാതിയുണ്ട്. സൂക്ഷിക്കുന്ന വാഹനങ്ങൾ കേടാകുന്നതും പതിവാണ്. പാർക്കിങ് കേന്ദ്രങ്ങളോടു ചേർന്ന് ചവർക്കൂനകളുമുണ്ട്. ആർക്കും എപ്പോഴും കടന്നു കയറാൻ കഴിയുന്ന സ്ഥിതിയുമാണ്. ഇതിൽ തീപിടിച്ചാൽ വൻ നാശനഷ്ടമാണുണ്ടാവുക. കെഎസ്ആർടിസിയിൽ പിരിവുമാത്രം :കെഎസ്ആർടിസി ടെർമിനലിന്റെ അടിയിലത്തെ നിലയിലെ പാർക്കിങ് കേന്ദ്രം ദയനീയാവസ്ഥയിലാണ്. പണം പിരിക്കുകയല്ലാതെ ഇവിടേക്കു കെഎസ്ആർടിസിയോ കരാറുകാരനോ തിരിഞ്ഞു നോക്കുകയില്ല. വാഹനവുമായി ഇറങ്ങാൻ പോലും കഴിയില്ല. കടുത്ത ദുർഗന്ധവും മാലിന്യക്കൂമ്പാരവുമാണ്. തറയിൽ കാൽകുത്താൻപോലും അറയ്ക്കും. ഇവിടെ ഒരു തീപിടിത്തമുണ്ടായാൽ തലസ്ഥാനത്തിനു താങ്ങാൻ പോലും കഴിയില്ല. അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിനാൽ ഷോർട്ട് സർക്കിറ്റ് അടക്കമുള്ളവ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇവിടെ കൊണ്ടുെവച്ച വാഹനങ്ങളുടെ ഭാഗങ്ങൾ പോലും നഷ്ടപ്പെടുന്നുണ്ട്. കരാറുകാർക്കാണ് ഇവയുടെ നടത്തിപ്പ്. പലപ്പോഴും പരാതി പറഞ്ഞാൽ മോശം പെരുമാറ്റവും പണം പിരിക്കുന്നവരുടെ ഭാഗത്തു നിന്നുണ്ടാകും. കെഎസ്ആർടിസി ആസ്ഥാനത്തിന്റെ തൊട്ടടുത്തായിട്ടും ഈ പാർക്കിങ് കേന്ദ്രം വൃത്തിയായി സൂക്ഷിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. അതേസമയം ഇതേ കെട്ടിടത്തിനു മുകൾനിലകളിലെ പാർക്കിങ് കേന്ദ്രങ്ങൾ താരതമ്യേന ഭേദമാണ്. തമ്പാനൂരടക്കമുള്ള പാർക്കിങ് കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസ്.
