ലഖ്നൗ: 24 മണിക്കൂറിനിടെ മൂന്നുപേരെ വെടിവെച്ച് കൊലപ്പെടുത്തിയ വിമുക്ത ഭടൻ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിനെ മുൾമുനയിലാക്കിയ കൊലപാതക പരമ്പരയിലെ പ്രതി ഗുർപ്രീത് സിങ്(45) ആണ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പഞ്ചാബ് സ്വദേശിയായ ഇയാൾ മുൻ സൈനികനാണെന്നും ഇയാൾക്ക് മാനസികപ്രശ്നമുണ്ടെന്നും പോലീസ് പറഞ്ഞു. To advertise here, തിങ്കളാഴ്ച രാത്രി പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തെളിവെടുപ്പിനിടെ പോലീസുകാരിൽനിന്ന് തോക്ക് തട്ടിപ്പറിച്ച പ്രതി പോലീസുകാർക്ക് നേരേ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസും പ്രതിക്ക് നേരേ വെടിയുതിർത്തു. വെടിയേറ്റുവീണ പ്രതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് വാരണാസി റേഞ്ച് ഡിഐജി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കൈകളിൽ വെടിയേറ്റ ഇരുവരും ചികിത്സയിലാണ്. 24 മണിക്കൂറിനിടെ മൂന്ന് കൊലപാതകം... കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിലായി 24 മണിക്കൂറിനിടെ മൂന്നുപേരെയാണ് ഗുർപ്രീത് സിങ് കൊലപ്പെടുത്തിയത്. ഇതിൽ രണ്ട് കൊലപാതകങ്ങൾ ട്രെയിനിൽവെച്ചായിരുന്നു. മൂന്നാമത്തെ കൊലപാതകം ഒരു ആശുപത്രിക്കുള്ളിലും. മൂന്നാമത്തെ കൊലപാതകത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഒരു ഓട്ടോഡ്രൈവറാണ് സാഹസികമായി പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കുച്ഛ്മാൻ റെയിൽവേ സ്റ്റേഷനിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഇയാൾ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു. അമിതമായ മദ്യപാനം കാരണം മാനസികവിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന ഗുർപ്രീത് സിങ് ഏപ്രിൽ 29-നാണ് പഞ്ചാബിൽനിന്ന് വീട് വിട്ടിറങ്ങിയത്. ബിഹാറിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലിക്കെത്തിയ ഇയാൾക്ക് ജോലി ലഭിച്ചില്ല. തുടർന്ന് പ്രതി ട്രെയിനിൽ ഉത്തർപ്രദേശിലെ പ്രയാഗ്രാജിലേക്ക് തിരിച്ചു. ഉത്തർപ്രദേശിലെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ റെയിൽവേസ്റ്റേഷനിലിറങ്ങിയ പ്രതി ഇവിടെനിന്ന് താരിഘട്ടിലേക്കുള്ള പാസഞ്ചർ ട്രെയിനിൽ കയറി. ഈ ട്രെയിനിൽ യാത്രചെയ്യുന്നതിനിടെയാണ് ആദ്യ കൊലപാതകം അരങ്ങേറിയത്. യാത്രയ്ക്കിടെ സഹയാത്രികനും ഗാസിപുർ സ്വദേശിയുമായ മംഗ്രു(34) എന്നയാളുമായി ഗുർപ്രീത് സിങ് വാക്കേറ്റത്തിലേർപ്പെട്ടു. ഈ തർക്കത്തിനിടെയാണ് പ്രതി കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ഗാസിപുർ സ്വദേശിയെ വെടിവെച്ച് കൊന്നത്. മൃതദേഹം ട്രെയിനിൽനിന്ന് പുറത്തേക്ക് തള്ളിയിട്ടു. വെടിയൊച്ച കേട്ട് മറ്റുയാത്രക്കാർ ഓടിയെത്തിയെങ്കിലും ട്രെയിൻ വേഗം കുറഞ്ഞവേളയിൽ പ്രതി ചാടി രക്ഷപ്പെടുകയുംചെയ്തു. ആദ്യ കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതി പിന്നീട് കൊൽക്കത്ത-ജമ്മുതാവി എക്സ്പ്രസിൽ കയറിപ്പറ്റി. ഈ ട്രെയിനിലെ എസ്2 കോച്ചിൽ യാത്രചെയ്തിരുന്ന ദിനേശ് ഷാ(42) എന്നയാളെയും വെടിവെച്ച് കൊന്നു. ട്രെയിനിലെ ശൗചാലയത്തിന് സമീപത്തുവെച്ചാണ് ദിനേശ് ഷായ്ക്ക് വെടിയേറ്റ്. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു ഈ സംഭവം. രണ്ടാമത്തെ കൊലപാതകത്തിനുശേഷവും പ്രതി പോലീസിന് പിടികൊടുക്കാതെ കടന്നുകളഞ്ഞു. ഇതിനുശേഷം ചന്ദൗലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കാണ് ഇയാളെത്തിയത്. വിരേന്ദ്ര എന്ന വ്യാജപേരിൽ ആശുപത്രിയിൽനിന്ന് ഒപി ടിക്കറ്റെടുത്ത പ്രതി ഡോക്ടറെ കണ്ടു. പിന്നാലെ മുകൾനിലയിലെ വാർഡിലേക്ക് പോയി. തുടർന്നാണ് വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ലക്ഷ്മിണ(55) എന്ന സ്ത്രീയെ വെടിവെച്ച് കൊന്നത്. പോയിന്റ് ബ്ലാങ്കിൽ സ്ത്രീക്ക് നേരേ വെടിയുതിർത്തശേഷം ആശുപത്രിയിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതി ആളുകളെ ഭീഷണിപ്പെടുത്താനായി പലതവണ വെടിയുതിർത്തിരുന്നു. തുടർന്ന് ഒരു ബൈക്കിൽ കയറി രക്ഷപ്പെടുന്നതിനിടെയാണ് ആശുപത്രി വളപ്പിലുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ പ്രതിയെ കീഴ്പ്പെടുത്തിയത്. സൈനികനായിരുന്ന പ്രതി 2021-ലാണ് സൈന്യത്തിൽനിന്ന് പിരിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. മാനസികവിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന പ്രതി മൂന്ന് കൊലപാതകങ്ങളും ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു. അതേസമയം, കൊലപാതകങ്ങൾക്ക് പിന്നിൽ പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നാണ് ഇയാൾ പറഞ്ഞിരുന്നതെന്നും പോലീസ് പറഞ്ഞു. Content Highlights: Former soldier Gurpreet Singh killed in police encounter during evidence collection., Accused was responsible for three murders within 24 hours in Uttar Pradesh., Incidents occurred on trains and inside a hospital., Police recovered the weapon; two officers sustained injuries during the confrontation., Accused had a history of mental instability and alcohol abuse. Published: 13 May 2026, 04:37 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
