ഡി.ആർ. കോംഗോയിലും ഉഗാണ്ടയിലുമുണ്ടായ എബോള വ്യാപനത്തിൽ ആദ്യ മാസത്തിൽമാത്രം 200-ൽ അധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് ആഫ്രിക്കയിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ& പ്രിവൻഷൻ. നിലവിൽ സ്ഥിരീകരിച്ച കേസുകൾ 894 ആയി. 2000-ൽ ഉഗാണ്ടയിലുണ്ടായ എബോള വ്യാപനത്തെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതലാണ് ഇപ്പോഴത്തതേതെന്നും ആഫ്രിക്ക സിഡിസി അറിയിച്ചു. To advertise here, 2000-ത്തിൽ ഇതേ ഘട്ടത്തിൽ 281 കേസുകളാണ് ഉണ്ടായിരുന്നതെന്ന് ആഫ്രിക്ക സിഡിസിയിലെ മെഡിക്കൽ എപിഡെമിയോളജിസ്റ്റ് ഡോ. വെസാം മാങ്കൗല പറഞ്ഞു. കഴിഞ്ഞ ആഴ്ച മുതൽ കേസുകളുടെ എണ്ണത്തിൽ 38% വർധനവുണ്ടായിട്ടുണ്ട്. ഇതുവരെ കിഴക്കൻ കോംഗോയിലും ഉഗാണ്ടയിലുമായി 74 രോഗികൾ രോഗമുക്തി നേടിയിട്ടുണ്ട്. കോംഗോയുടെ കിഴക്കൻ പ്രവിശ്യയായ ഇട്ടൂരിയിലാണ് കൂടുതൽ രോഗവ്യാപനമുള്ളത്. 90%-ത്തിലേറെ കേസുകളും ഇവിടെയാണ്. നോർത്ത് കിവു, സൗത്ത് കിവു പ്രവിശ്യകളിലും കേസുകൾ രേഖപ്പെടുത്തുന്നുണ്ട്.. രോഗം സ്ഥിരീകരിച്ച 800 കേസുകളുടെ സമ്പർക്ക പട്ടിക വിലയിരുത്തുമ്പോൾ 17,000 നും 35,000 നും ഇടയിൽ കാണണമെന്നും നിലവിൽ ആ പട്ടികയിൽ ഏകദേശം 4,000 പേരെ മാത്രമാണ് കണ്ടെത്തിയിട്ടുള്ളതെന്നും ഡോ. വെസാം മാങ്കൗല പറഞ്ഞു. 15% ൽ താഴെയാണ് ഈ നിരക്ക്. രോഗപ്പടർച്ച പ്രതിരോധിക്കുന്നതിലെ പ്രധാന തടസ്സവും ഇതാണ്. ഡി.ആർ.((DRC) കോംഗോയിലെയും ഉഗാണ്ടയിലെയും എബോള വ്യാപനത്തിൽ നിരവധിപേർക്കാണ് ജീവൻ നഷ്ടമായത്. പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്ത എബോളയുടെ അപൂർവ വകഭേദമായ ബൂൻഡി ബുഗ്യോ ആണ് വ്യാപനത്തിനു പിന്നിൽ. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണിത്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റുള്ളവ. 2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിൽ 28,600-ൽ അധികം പേർക്ക് രോഗം ബാധിച്ചിരുന്നു. 1976-ൽ എബോള കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യാപനമായിരുന്നു ഇത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കോംഗോയിൽ ഇതിനുമുമ്പ് എബോള റിപ്പോർട്ടുചെയ്തത്. അന്ന് 34 പേർ മരിച്ചു. 2018-2020 കാലത്ത് എബോള വൈറസ് ബാധിച്ച് 2300 പേരാണ് ഇവിടെ മരിച്ചത്. എബോള വൈറസ് വ്യാപനം വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം. ലക്ഷണങ്ങൾ വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം. സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾരോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു. പ്രതിരോധ മാർഗങ്ങൾ രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യ രോഗമായതിനാൽ തന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയായ മുൻകരുതലിന് രോഗം പകരുന്നത് തടയാൻ കഴിയും. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക.
