പൂരം ഇന്ന് To advertise here, അങ്ങാടിപ്പുറം : തിരുമാന്ധാംകുന്നിൽ 11 ദിവസത്തെ പൂരത്തിന് തുടക്കംകുറിച്ച് പൂരംപുറപ്പാട്. രാവിലെ എട്ടിന് കൂത്തമ്പലത്തിൽ എടനാട് രാധാമണി നങ്ങ്യാരുടെ നങ്ങ്യാർക്കൂത്തോടെയാണ് പൂരംപുറപ്പാട് ചടങ്ങിനു തുടക്കമായത്. അമ്മന്നൂർ കുട്ടൻ ചാക്യാരുടെ കൂത്തുപുറപ്പാടുമുണ്ടായി. പന്തീരടിപ്പൂജയ്ക്കും ഉച്ചപ്പാട്ടിനും ശേഷം തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയുടെ പുറപ്പാടു പൂജ. പാണികൊട്ടി ദേവിയുടെ പഞ്ചലോഹത്തിടമ്പു വെച്ച കോലത്തോടെ പൂരം ആചാരപ്രൗഢിയിൽ കൊട്ടിപ്പുറപ്പെട്ടു. വടക്കേ ബലിക്കൽപ്പുരയിൽ മാമാങ്കത്തെ അനുസ്മരിപ്പിക്കുന്ന പാനേങ്കളിസംഘം നൃത്തച്ചുവടോടെ ഭഗവതിയെ കുമ്പിട്ടു. ഗുരുവായൂർ ജൂനിയർ വിഷ്ണു എന്ന ആനയുടെ പുറത്ത് തിടമ്പു വെച്ച കോലം കയറ്റിവെച്ചതോടെ കോമരങ്ങൾ കുമ്പിട്ടു തൊഴുതു. ചെണ്ട, മദ്ദളം, കൊമ്പ്, കുറുംകുഴൽ, ഇലത്താളം, ഇടുതുടി വീരാണം തുടങ്ങി വാദ്യ വൈവിധ്യം, ചെമ്പരത്തിമാലയണിഞ്ഞ് വാളേന്തിയ ക്ഷേത്രം അടികൾ, ക്ഷേത്രം സ്ഥാനി കാവുടയനായർ, വാളും പരിചയുമേന്തിയ ട്രസ്റ്റി സ്ഥാനികൾ, വിവിധദേശങ്ങളെ പ്രതിനിധീകരിച്ച് ഉറഞ്ഞുതുള്ളുന്ന കോമരങ്ങൾ, ചാവേർപ്പടയാളികളെ അനുസ്മരിക്കുന്ന പാനേങ്കളി സംഘം, കൊടിതോരണങ്ങളേന്തിയ ബാലൻമാർ, ദേവസ്വം ജീവനക്കാർ എന്നിവരടങ്ങിയ മുൻനിരയും മൂന്ന് ആനകളും പ്രാർത്ഥനാപൂർവം എത്തിച്ചേർന്ന ഭക്തരുമായി പുറപ്പെട്ട എഴുന്നള്ളിപ്പ് ഭക്തിയുടെയും ആചാരാനുഷ്ഠാനങ്ങളുടെയും സമന്വയമായി. ക്ഷേത്രം വലംവെച്ച് നീങ്ങിയ ആദ്യ ആറാട്ടെഴുന്നള്ളിപ്പ് വടക്കെനട ഇറങ്ങി. ആറാട്ടുകടവിൽ മേൽശാന്തി പന്തലക്കോട്ടത്ത് ദാമോദരൻ നമ്പൂതിരി ആറാട്ടു കർമങ്ങൾ നിർവഹിച്ചു. ആറാട്ടിനു ശേഷം പാണ്ടിമേളത്തോടെ തിരിച്ചെഴുന്നള്ളിപ്പ്. തിരുമുറ്റത്ത് പഞ്ചാരിമേളം അരങ്ങു തകർത്തു. ഉച്ചപ്പൂജയ്ക്കു ശേഷം ശ്രീഭൂതബലിയോടെ പകൽപ്പൂരച്ചടങ്ങുകൾ സമാപിച്ചു. മൂന്നിന് തിരുമുറ്റത്ത് ഓട്ടൻതുള്ളലും സന്ധ്യക്ക് പാഠകവും നടന്നു. ചെറുതാഴം വിഷ്ണുരാജ്, കാഞ്ഞങ്ങാട് അരുൺരാജ് എന്നിവരുടെ ഇരട്ടത്തായമ്പക, രാത്രി ആറാട്ടുകടവിൽ ചെർപ്പുളശ്ശേരി ജയന്റെ തായമ്പക എന്നിവ ശബ്ദ വിരുന്നായി. രാത്രി 9.30 ന് രണ്ടാമത്തെ ആറാട്ടിനായി പൂരം കൊട്ടിയിറങ്ങി. കൊട്ടിയിറക്കത്തിന് ആകാശത്ത് വർണപ്പൂക്കൾ വിതറിയ വെടിക്കെട്ട്. പകൽപ്പൂരത്തിന്റെ ആവർത്തനങ്ങളോടെ രാത്രി പൂരച്ചടങ്ങുകൾ നടന്നു. വള്ളുവനാടിന്റെ പൂരമാമാങ്കം ഏപ്രിൽ നാലിനു സമാപിക്കും. പൂരംപുറപ്പാട് ദിവസം ദേവീദർശനത്തിനായി പുലർച്ചെ മൂന്നുമുതൽ ക്ഷേത്രം ജനനിബിഡമായിരുന്നു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയവർ ചിട്ടയായി വരിനിന്നു. ഭഗവതിയെ കാണാൻ മണിക്കൂറുകൾ കാത്തു നിന്നു. ആദ്യ ആറാട്ടെഴുന്നള്ളിപ്പിലും പ്രസാദ ഊട്ടിലും പങ്കെടുത്ത് ക്ഷേത്രനടയിറങ്ങി.രണ്ടാം പൂരം: നങ്ങ്യാർകൂത്ത് 8.00, പന്തീരടിപൂജ 8.30, കൊട്ടിയിറക്കം (മൂന്നാമത്തെ ആറാട്ടെഴുന്നള്ളിപ്പ്) 9.30, ചാക്യാർകൂത്ത് 3.00, ഓട്ടൻതുള്ളൽ 4.00, നാഗസ്വരം, പാഠകം 5.00, സാംസ്കാരികസമ്മേളനം 5.30, കൊട്ടിയിറക്കം (നാലാമത്തെ ആറാട്ടെഴുന്നള്ളിപ്പ്) 9.30, പൂരപ്പറമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നാട്യധോരണി നൃത്തശില്പം. അവതരണം കേരള കലാക്ഷേത്ര അങ്ങാടിപ്പുറം 9.00
