തിരുവനന്തപുരം: ഓൺലൈൻ ടാക്സി പ്ലാറ്റ്‌ഫോമുകൾക്ക് പ്രവർത്തനാനുമതി ലഭിച്ചിട്ടും നഗരത്തിൽ ഡ്രൈവർമാർക്കു നേരേയുള്ള അതിക്രമങ്ങൾ കുറയുന്നില്ല. കോവളം, വർക്കല, എയർപോർട്ട് എന്നിവിടങ്ങളിലാണ് പ്രധാനമായും ഓൺലൈൻ ടാക്സികളെ തടയുന്നത്. കഴിഞ്ഞദിവസം കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ യാത്രക്കാരുമായെത്തിയ ഓൺലൈൻ ടാക്സി ഡ്രൈവറെ പ്രാദേശിക ഡ്രൈവർമാർ ചേർന്ന് ക്രൂരമായി മർദിച്ചു. To advertise here, സംഭവത്തിൽ കോവളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുൻപും ഇതിനു സമാനമായ സംഭവങ്ങൾ വർക്കലയിലും കോവളത്തും അരങ്ങേറിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിൽ ഓൺൈലൻ ടാക്സികൾക്ക് പ്രവേശനം അനുവദിക്കുന്നില്ല. രാജ്യത്തെ മറ്റു പ്രധാന വിമാനത്താവളങ്ങളിലൊക്കെ ഓൺലൈൻ ടാക്‌സികൾക്ക് പ്രത്യേക ഇടം അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വിമാനത്താവളത്തിനു പുറത്ത് ആളുകളെ ഇറക്കുകയും അവിടെനിന്ന് കയറ്റുകയും ചെയ്യേണ്ട സാഹചര്യമാണ്. ഇത് മനസ്സിലാക്കാതെ ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്ത് പുറത്തിറങ്ങുന്ന യാത്രക്കാർ ഭാരമുള്ള ബാഗുകളും തൂക്കി വിമാനത്താവളത്തിനു പുറത്ത് റോഡിലെത്തി വേണം ടാക്‌സിയിൽ കയറാൻ. വിനോദസഞ്ചാരത്തിനു തിരിച്ചടി സുരക്ഷ മാനിച്ച് വിനോദസഞ്ചാരികൾ കൂടുതലും ആശ്രയിക്കുന്നത് ഓൺലൈൻ ടാക്സികളെയാണ്. ആപ്പുവഴി ബുക്ക് ചെയ്യുന്നതിനാൽ കൃത്യമായ ദൂരവും കിലോമീറ്റർ കണക്കിലുള്ള നിരക്കും ഡ്രൈവറുടെ നമ്പറും ഉൾപ്പെടെ വ്യക്തമായ വിവരങ്ങൾ ലഭിക്കുമെന്നതാണ് ഓൺലൈൻ ടാക്‌സികൾ ജനപ്രിയമായത്. എന്നാൽ, ഇത്തരം അക്രമസംഭവങ്ങൾ കേരളത്തിന്റെ പ്രതിച്ഛായയ്ക്കു ദോഷംചെയ്യുമെന്ന് വിനോദസഞ്ചാര മേഖലയിലുള്ളവർ ആശങ്കപ്പെടുന്നു. നിയമം അനുകൂലം ഓൺലൈൻ ടാക്‌സികൾക്ക് എവിടെനിന്നും ആളെക്കയറ്റി കൃത്യസ്ഥാനത്ത് എത്തിക്കാനുള്ള അവകാശം നിയമം അനുവദിക്കുന്നുണ്ട്. ടാക്സികൾക്കും ഓട്ടോറിക്ഷകൾക്കും പുറമേ ഇരുചക്രവാഹനങ്ങൾക്കും ഓൺലൈനിലൂടെ സവാരി എടുക്കാൻ കേരളത്തിൽ അനുമതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം ഡ്രൈവർമാരെ കൈയേറ്റം ചെയ്യുന്നത് പോലീസ് തടയേണ്ടതാണ്. എന്നാൽ, പരാതിപ്പെട്ടാലും പോലീസ് വേണ്ട ഗൗരവം കാട്ടാറില്ലെന്ന് ആക്ഷേപമുണ്ട്. ഗുരുതരമായ നിയമലംഘനം - ടി.സി.സി.ഐ. കോവളത്ത് ഓൺലൈൻ ടാക്സി ഡ്രൈവറെ പ്രാദേശിക ടാക്സി ഡ്രൈവർമാർ ആക്രമിച്ച സംഭവത്തിൽ ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ടി.സി.സി.ഐ.) പ്രതിഷേധിച്ചു. കോവളംപോലുള്ള പ്രധാന വിനോദസഞ്ചാരമേഖലയിലെ ഇത്തരം സംഭവങ്ങൾ സഞ്ചാരികൾക്കിടയിൽ ആശങ്കകൾ സൃഷ്ടിക്കാനിടയുണ്ട്. ഉടൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ടി.സി.സി.ഐ. ആവശ്യപ്പെട്ടു. സംസ്ഥാന പോലീസ് മേധാവിക്ക് ടി.സി.സി.ഐ. കത്തയച്ചു. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും നിയമപരമായി പ്രവർത്തിക്കുന്ന എല്ലാ സേവനദാതാക്കൾക്കും സംരക്ഷണം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കോവളത്തേത് ഒറ്റപ്പെട്ട സംഭവം കോവളത്തുണ്ടായത് ഒറ്റപ്പെട്ട സംഭവമാണ്. വ്യക്തിപരമായ കാരണങ്ങളാണ് തർക്കത്തിലേക്കു നയിച്ചത്. നിലവിൽ ഓൺൈലൻ ടാക്‌സി ഡ്രൈവർമാരും യൂണിയനുകളും തമ്മിൽ യാതൊരു പ്രശ്‌നവുമില്ല. വിമാനത്താവളത്തിന്റെ പരിസരത്ത് നിശ്ചിത തുക അടച്ച് പാർക്കിങ് അനുവദിച്ചിട്ടുള്ള ടാക്‌സികളാണ് യാത്രക്കാരെ കയറ്റുന്നത്. - ആർ. വിനായകൻ നായർ, സംസ്ഥാന കമ്മിറ്റി അംഗം, ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ. Content Highlights: Escalating violence against online taxi drivers in major tourist spots like Kovalam and Varkala. Airport access restrictions continue to cause inconvenience to passengers. Tourism industry stakeholders express concern over the negative impact on Kerala's image. TCCI has formally requested the State Police Chief to ensure the protection of legal service providers. Legal framework permits online taxi operations throughout the state. Published: 14 May 2026, 09:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
