2026 -ൽ ഗോഥെൻബർഗ് യൂണിവേഴ്സിറ്റിയിലെ വെറൈറ്റീസ് ഓഫ് ഡമോക്രസി (വി-ഡെം) ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച്, ഇന്ത്യയെ ഒരു 'ഇലക്ടറൽ സ്വേച്ഛാധിപത്യം' ആയി തരംതിരിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ റാങ്കിങ് പട്ടികയിൽ താഴത്തെ പകുതിയിൽ ഇന്ത്യ സ്ഥിരമായി സ്ഥാനംപിടിച്ചിരിക്കുന്നു. ജനാധിപത്യ സ്വാതന്ത്ര്യങ്ങളുടെ സ്ഥിരവും ശ്രദ്ധേയവുമായ ഇടിവ് റിപ്പോർട്ട് രേഖപ്പെടുത്തുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, സിവിൽ സമൂഹങ്ങളുടെ പങ്കാളിത്തം തുടങ്ങിയവയിലെല്ലാം കുത്തനെയുള്ള ഇടിവാണ് ഉണ്ടായിരിക്കുന്നത്. To advertise here, വർധിച്ചുവരുന്ന സാമൂഹിക ഭിന്നതകൾ, സാമ്പത്തിക വെല്ലുവിളികൾ എന്നിവ ഇതിന്റെ സവിശേഷതയാണ്. ഇന്ത്യ 'ഏറ്റവും മോശം സ്വേച്ഛാധിപതികളുടെ' രാജ്യങ്ങളുടെ പട്ടികയിലും ഉൾപ്പെട്ടിരിക്കുന്നു എന്നത് ഏറ്റവും ശ്രദ്ധേയമാകുന്നു. ജനാധിപത്യത്തിന്റെ പതനത്തിന്റെ കണ്ണാടിയാണ് സ്വേച്ഛാധിപത്യത്തിന്റെ ഉദയം. ലോക റാങ്കിങ്ങിൽ ലഭിച്ചിരിക്കുന്ന ഈ പദവി വെറും പ്രതീകാത്മകമല്ല; ബഹുസ്വരത, ഉത്തരവാദിത്വം, പൊതുചർച്ച എന്നിവ ഉയർത്തിപ്പിടിക്കുന്ന സ്ഥാപനങ്ങളുടെയും മാനദണ്ഡങ്ങളുടെയും തകർച്ചയുടെ സൂചികയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി വളരെക്കാലമായി സ്വയം ആഘോഷിക്കുന്ന ഒരു രാജ്യത്തിന്, വി-ഡെം തരുന്ന സന്ദേശം വ്യക്തമാണ്- ഇന്ത്യൻ ജനാധിപത്യത്തിന്റെ ചട്ടക്കൂട് സമ്മർദത്തിലാണ്, അന്താരാഷ്ട്രസമൂഹം അത് നിരീക്ഷിക്കുന്നു. ഈ നിഗമനങ്ങൾ ഒറ്റപ്പെട്ടതല്ല. വി-ഡെം മുതൽ ഫ്രീഡം ഹൗസ് വരെയുള്ള ആഗോള സൂചികകൾ രേഖപ്പെടുത്തിയ ജനാധിപത്യശോഷണ സൂചികകൾ അവ ശരിവെക്കുന്നു. വിമർശനാത്മക ചിന്തയുടെയും ബഹുസ്വര സംവാദത്തിന്റെയും വേദികളായി ഒരിക്കൽ ആഘോഷിക്കപ്പെട്ട ഇന്ത്യൻ സർവകലാശാലകൾക്കുള്ള പുതിയ സന്ദേശം അസന്ദിഗ്ധമാണ്. പഠിപ്പിക്കാനും പഠിക്കാനും ചോദ്യംചെയ്യാനുമുള്ള സ്വാതന്ത്ര്യം ഇനി ഉറപ്പാക്കാനാവില്ല. ബൗദ്ധിക സ്വാതന്ത്ര്യത്തിന് പുതിയ അതിരുകൾ വരച്ച്, ഭരണാധികാരം മുന്നോട്ടുവെക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായിമാത്രം ചിന്തിക്കുക എന്നതാണ് ഈ നിയന്ത്രങ്ങളിലൂടെ ഉറപ്പാക്കുന്നത്. അക്കാദമിക സ്വാതന്ത്ര്യം ഇല്ലാതാവുമ്പോൾ അക്കാദമിക് സ്വാതന്ത്ര്യത്തിലെ ഈ ഇടിവ് ജനാധിപത്യത്തിന്റെ അടിത്തറയെത്തന്നെ എങ്ങനെ ബാധിക്കുന്നു എന്നത് അധികം ചർച്ചചെയ്യപ്പെടുന്നില്ല. ക്രിയാത്മക ജനാധിപത്യം എന്നത് വോട്ടവകാശം സംരക്ഷിക്കുക, തിരഞ്ഞെടുപ്പ് നടത്തുക, അല്ലെങ്കിൽ നിയമവാഴ്ച നിലനിർത്തുക എന്നിവ മാത്രമല്ല. ഇവയോരോന്നും അത്യാവശ്യഘടകങ്ങളാണെങ്കിലും, പ്രവർത്തനക്ഷമമായ ഏതൊരു ജനാധിപത്യ വ്യവസ്ഥയുടെയും അടിസ്ഥാനം ഊർജസ്വലമായ ഒരു സിവിൽ സമൂഹമാണ്. തെളിവുകൾ അടിസ്ഥാനമാക്കിയുള്ള, വസ്തുതാപരമായ വിവരങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിനും അർഥവത്തായ പൗര സംവാദത്തിനുള്ള പരസ്യമായ വേദിയായിരിക്കണം അത്. അന്വേഷണാത്മകത വളർത്തിയെടുക്കാനും സംവാദങ്ങൾ സംഘടിപ്പിക്കാനും അറിവ് ഉത്പാദിപ്പിക്കാനും രൂപകല്പനചെയ്തിട്ടുള്ള സ്ഥാപനങ്ങൾ കൂടുതൽക്കൂടുതൽ എതിർപ്പുകൾ നേരിടുന്നു. ഈ സമ്മർദം എല്ലായ്പ്പോഴും പരസ്യമായിക്കൊള്ളണമെന്നില്ല. ഫണ്ടിങ് പരിമിതികൾ, നിയമന നിയന്ത്രണങ്ങൾ, സ്വയംഭരണത്തിന്റെ നിശ്ശബ്ദമായ ചോർച്ച തുടങ്ങിയ അനേകം നിയന്ത്രണങ്ങളിലൂടെ ഇത് പ്രകടമാകുന്നു. വീക്ഷിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ, അക്കാദമിക് സ്വാതന്ത്ര്യത്തെക്കാൾ അനുരൂപതയ്ക്ക് മുൻഗണന നൽകുകയും ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ കൂടുതൽ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. അക്കാദമിക് ഇടങ്ങൾ ഇടുങ്ങിയതിനാൽ, വിമർശനാത്മകമായി ചിന്തിക്കാനും ബഹുസ്വരതയെ നിലനിർത്തുന്ന തരത്തിലുള്ള ചർച്ചാ ജനാധിപത്യത്തിൽ ഏർപ്പെടാനുമുള്ള പൗരന്റെ ശേഷിയും കുറയുന്നു. രാജ്യത്തുടനീളമുള്ള സർവകലാശാലകളിലെ 62 അക്കാദമിക് വിദഗ്ധർ 2014 ജനുവരി മുതൽ 2026 ഏപ്രിൽവരെ അവരുടെ അഭിപ്രായങ്ങൾക്കോ രാഷ്ട്രീയ നിലപാടുകൾക്കോ ഒന്നിലധികം ശിക്ഷാ നടപടികൾ നേരിട്ടതായി 'വയർ' റിപ്പോർട്ട് ചെയ്യുന്നു. ഇർഫാൻ മെഹ്രാജിനെപ്പോലുള്ള പത്രപ്രവർത്തകരും അടുത്തകാലത്തു മോചിതയായ സോനം വാങ്ചുകിനെപ്പോലുള്ള മാനവികവാദികളും ജാമ്യത്തിനായി പോരാടി നിയമപോരാട്ടങ്ങളിൽ വലയുമ്പോൾ, ബലാത്സംഗത്തിനും കൊലപാതകത്തിനും കുറ്റക്കാരായ സ്വയംപ്രഖ്യാപിത ആൾദൈവങ്ങൾക്ക് ഒരു തവണയല്ല, മറിച്ച് ആവർത്തിച്ച് പരോൾ അല്ലെങ്കിൽ അവധി ലഭിക്കുന്നു. ഒരു വശത്ത്, നീതി, അന്തസ്സ്, ജനാധിപത്യാവകാശങ്ങൾ എന്നിവയ്ക്കായുള്ള ഒരു ശബ്ദം ഒരു ഭീഷണിയായി കണക്കാക്കപ്പെടുന്നു. മറുവശത്ത്, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ആരോപിക്കപ്പെടുന്ന വ്യക്തികൾക്ക് ഇളവ് ലഭിക്കുന്നു. സ്വേച്ഛാധിപത്യത്തിന്റെ വെളിപ്പെടൽ 'ജനാധിപത്യത്തിന്റെ മാതാവ്' എന്ന് സ്വയം പ്രഖ്യാപിക്കപ്പെടുന്ന ഇന്ത്യയിൽ എന്തുകൊണ്ടാണ് ചിന്താ സ്വാതന്ത്ര്യത്തെക്കാൾ ചിന്തയുടെ ഏകീകൃതവത്കരണത്തിനു പ്രാധാന്യം ലഭിക്കുന്നത്? യാഥാസ്ഥിതിക ചിന്തയെ വെല്ലുവിളിക്കുകയും പുതിയ ആശയങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എപ്പോഴും അഭയകേന്ദ്രങ്ങൾ ആവേണ്ടതാണ്. ഭൂരിപക്ഷ അഭിപ്രായത്തെ ചോദ്യംചെയ്യുമ്പോഴും അത്തരം ഏറ്റുമുട്ടലുകളിലൂടെയാണ് ജനാധിപത്യം പുനരുജ്ജീവിക്കുന്നത്. ചരിത്രം ഗൗരവമേറിയ തെളിവുകൾ നൽകുന്നു: സ്വേച്ഛാധിപത്യം എല്ലായ്പ്പോഴും പെട്ടെന്നുള്ള വിള്ളലിൽനിന്നല്ല ജനാധിപത്യങ്ങൾക്കുള്ളിൽനിന്ന് പതുക്കെ, നിശ്ശബ്ദമായിത്തന്നെയാണ് അത് ഉയർന്നുവരുന്നത്. പൊതുജനങ്ങളുടെ ക്രമേണയുള്ള വൈകാരിക അവസ്ഥയിൽനിന്നാണ് ഇത് ഉദ്ഭവിക്കുന്നത്, പ്രത്യേക ഗ്രൂപ്പുകളോട് വിദ്വേഷം വളർത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു, ഇത് ഒരുകാലത്ത് അചഞ്ചലമായി തോന്നിയ മാനദണ്ഡങ്ങളുടെ സ്ഥിരമായ ശോഷണത്തിലേക്ക് നയിക്കുന്നു. ഈ പ്രക്രിയയിൽ, പൗരർക്കും സ്ഥാപനങ്ങൾക്കും സ്വന്തം സ്വാതന്ത്ര്യങ്ങൾ തകർക്കുന്നതിൽ പങ്കാളികളാകാൻ കഴിയും. ജനാധിപത്യത്തിന്റെ അടിത്തറയാണെന്ന് അവർ അറിയാതെ തന്നെ. അക്കാദമിക്-പത്രസ്വാതന്ത്ര്യ സൂചികയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇടിവ് ഒരു അമൂർത്ത മെട്രിക് അല്ല. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെതന്നെ ആരോഗ്യത്തിന്റെ അളവുകോലാണ്. പണ്ഡിതരെയും ആക്ടിവിസ്റ്റുകളെയും വിദ്യാർഥികളെയും നിശ്ശബ്ദരാക്കുമ്പോൾ, വിയോജിപ്പുകൾ കുറ്റകൃത്യമാക്കുമ്പോൾ, രാഷ്ട്രീയതാത്പര്യങ്ങൾ സ്ഥാപനങ്ങളെ പിടിച്ചെടുക്കുമ്പോൾ, ജനാധിപത്യ ഉത്തരവാദിത്വം നിലനിൽക്കുന്ന അടിത്തറ ക്രമാനുഗതമായി പൊളിച്ചുമാറ്റപ്പെടുന്നു. നീതിയെ അധികാരം കൂടുതലായി സ്വാധീനിക്കുന്ന നമ്മുടെ കോടതിമുറികളിൽ, ഒരിക്കൽ സംസാരിക്കാൻ ധൈര്യപ്പെട്ടവരുടെ നിശ്ശബ്ദതയിൽ ആ കഥ വെളിപ്പെടുന്നു. അതേസമയം, ഭരണകൂടംതന്നെ കൂടുതൽ ഉദ്യോഗസ്ഥപരവും ശിക്ഷാർഹവും നിയന്ത്രണപരവുമായി മാറുന്നു. നമ്മുടെ സ്ഥാപനങ്ങൾ നേരിടുന്ന ചോദ്യം, അവർ സ്വയംപരിവർത്തനം പൂർത്തിയാക്കാൻ അനുവദിക്കുമോ അതോ അവരുടെ ദൗത്യങ്ങൾ വീണ്ടെടുക്കാൻ പോരാടുമോ എന്നതാണ്. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ള ഏതൊരാളും നേരിടുന്ന ചോദ്യം, വിമർശനാത്മക ബോധം ഇപ്പോഴും വികസിക്കാൻ കഴിയുന്ന ഇടങ്ങൾക്കായി നിലകൊള്ളാൻ നാം പ്രതിജ്ഞാബദ്ധരാകുമോ എന്നതാണ്. യുവാക്കൾക്ക് അധികാരം, അനീതി, അവരെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ക്രമം എന്നിവയെക്കുറിച്ച് വിമർശനാത്മകമായി ചിന്തിക്കാൻ പഠിക്കാൻ കഴിയുന്ന ഇടങ്ങൾ. പകരുന്ന വ്യാധി സ്വേച്ഛാധിപത്യം പകരുന്ന വ്യാധിയാണ്. വലതുപക്ഷം മാത്രമല്ല അതിനു ഇരയാകുന്നത്. പലപ്പോഴും ഭരണഘടനയെ മറന്നു കൊണ്ട് ജാതി-മത വിഭാഗങ്ങളുടെ പ്രീണനത്തിൽ വലതും ഇടതും മത്സരിക്കുന്നു. ഇന്ത്യയുടെ ഉറച്ച സാമൂഹിക ശ്രേണി സ്വേച്ഛാധിപത്യത്തെ സാധ്യമാക്കുന്നെന്ന വാദം സാമൂഹികശാസ്ത്രജ്ഞരുടെ ഇടയിൽ തീവ്ര ചർച്ചാവിഷയമാണ്. ആഴത്തിൽ തരംതിരിക്കപ്പെട്ട സാമൂഹിക വ്യവസ്ഥ ചരിത്രപരമായി അധികാര കേന്ദ്രീകരണത്തെ സാധ്യമാക്കിയപ്പോൾ, ജനാധിപത്യ പ്രക്രിയ ഒരേസമയം പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ ഈ വ്യവസ്ഥയെ വെല്ലുവിളിക്കാൻ പ്രാപ്തരാക്കി. സ്വത്വരാഷ്ട്രീയത്തിലൂടെ ആ പ്രക്രിയ അട്ടിമറിക്കപ്പെടുകയാണിപ്പോൾ. ജനാധിപത്യവ്യവസ്ഥിതിയെ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ഇന്ത്യക്കു ഭാവിയുള്ളൂ. ( സാമൂഹികനിരീക്ഷകനും ഭൗമശാസ്ത്രജ്ഞനുമാണ് ലേഖകൻ)