മുക്കം : മുക്കം നഗരസഭയെയും കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തൃക്കുടമണ്ണ തൂക്കുപാലം യാഥാർഥ്യമാകുന്നു. പാലം നിർമിക്കുന്നതിന് രണ്ടുകോടി രൂപയുടെ ഭരണാനുമതിയായതായി ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. To advertise here, പ്രസിദ്ധമായ ശിവരാത്രി ആഘോഷം നടക്കുന്ന തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും നാട്ടുകാർക്കും ഏറെ ഉപകാരപ്പെടുന്നതാണ് പദ്ധതി. 2009-ൽ കാരശ്ശേരി ഗ്രാമപ്പഞ്ചായത്താണ് തൂക്കുപാലം നിർമിച്ചത്. 2019-ലെ പ്രളയത്തിൽ ഇരുവഴിഞ്ഞിപ്പുഴയിലെ കുത്തൊഴുക്കിൽ പാലം പൂർണമായും തകർന്നിരുന്നു. തുടർന്ന്, 2020-ൽ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കി. ജിഐ പൈപ്പുകളും ഇരുമ്പ് നെറ്റും കമ്പിയുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ പാലം പിന്നീട് തുരുമ്പെടുത്ത് അപകടവസ്ഥയിലായിരുന്നു. തൂണുകളുമായി ബന്ധിപ്പിച്ച ഇടങ്ങളിലും അടിഭാഗത്തും കൈവരിയിലുമടക്കം പലഭാഗത്തും വേർപ്പെട്ട നിലയിലായിരുന്നു. 2024 വെള്ളപ്പൊക്കത്തിൽ പൂർണമായും പുഴയിൽ പതിക്കുകയായിരുന്നു. തുടർന്ന്, പഞ്ചായത്ത് അധികൃതർ തൂക്കുപാലം പുനർനിർമിക്കാൻ കളക്ടറുടെയും എംഎൽഎയുടെയും സഹായംതേടുകയായിരുന്നു. പുനർനിർമിക്കാൻ വലിയ സാമ്പത്തികച്ചെലവ് വരുന്നതിനാലാണ് കളക്ടറെയും എംഎൽഎയും സമീപിച്ചത്. പുഴമധ്യത്തിൽ സ്ഥിതിചെയ്യുന്ന തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾക്കെത്തിച്ചേരാനും കാരശ്ശേരി പഞ്ചായത്തിലെ തടപ്പറമ്പ്, പാലിയിൽ, കുമാരനെല്ലൂർ പ്രദേശവാസികൾക്ക് എളുപ്പത്തിൽ മുക്കം നഗരത്തിൽ എത്താനുമുള്ള മാർഗമായിരുന്നു തൂക്കുപാലം. നിലവിൽ അഗസ്ത്യൻമുഴി വഴിയോ മുക്കംകടവ് വഴിയോ ചുറ്റിക്കറങ്ങിയാണ് ആളുകൾ മുക്കത്തെത്തുന്നത്. ധാരാളം വിദ്യാർഥികളും സ്ഥിരംയാത്രക്കാരായുണ്ട്. സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർചെയ്ത് പ്രവൃത്തി ആരംഭിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായി എംഎൽഎ പറഞ്ഞു. തൃക്കുടമണ്ണ റോഡിൽ ഇന്റർലോക്ക് പാകി തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ദിവസങ്ങൾമാത്രം ശേഷിക്കെ ക്ഷേത്രം റോഡ് ഇന്റർലോക്ക് പാകി ഗതാഗതയോഗ്യമാക്കി. മുക്കം നഗരസൗന്ദര്യവത്കരണത്തിന്റെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് റോഡ് മനോഹരമാക്കിയത്.
