കൊടുംവേനൽ മനുഷ്യർക്ക് മാത്രമല്ല വളർത്തുമൃഗങ്ങൾക്കും സമ്മർദ്ദകാലമാണ്. മൃഗസംരക്ഷണ സംരംഭങ്ങളിൽ ആവശ്യമായ വേനൽ പരിപാലനമുറകൾ സ്വീകരിച്ചില്ലെങ്കിൽ ഉൽപ്പാദനം കുറയുന്നതിനും രോഗങ്ങൾ പിടിപെടുന്നതിനുമൊക്കെ വഴിയൊരുക്കും. അത്യുൽപ്പാദനശേഷിയുള്ള ഹോൾസ്റ്റീൻ ഫ്രീഷ്യൻ, ജേഴ്‌സി, സങ്കരയിനം പശുക്കൾക്ക് അത്യുഷ്ണത്തെ അതിജീവിക്കാനുള്ള ശേഷി തീരെ കുറവാണ്. കടുത്ത ചൂടിൽ കിതച്ചും അണച്ചും പശുക്കൾ തളരും. തീറ്റയെടുക്കൽ പൊതുവെ കുറയും. കടുത്ത വേനലിൽ പശുക്കൾക്കും സൂര്യതാപവും സൂര്യാഘാതവും ഏൽക്കാനുള്ള സാധ്യതയുമേറെയാണ്. സംസ്ഥാനത്ത് മുൻവർഷങ്ങളിൽ നിരവധി കന്നുകാലികൾക്ക് സൂര്യാഘാതമേറ്റ് ജീവൻ നഷ്ടമായിട്ടുണ്ട്. പകൽ 11-നും മൂന്നിനും ഇടയിലുള്ള സമയത്ത് പശുക്കളെ തുറസ്സായ സ്ഥലങ്ങളിൽ മേയാൻ വിടുന്നതും പാടങ്ങളിൽ കെട്ടിയിടുന്നതും തകര/ആസ്‌ബെസ്‌റ്റൊസ് ഷീറ്റ് കൊണ്ട് മേഞ്ഞ ഉയരവും വായുസഞ്ചാരവും കുറഞ്ഞ തൊഴുത്തിൽ പാർപ്പിക്കുന്നതും നിർബന്ധമായും ഒഴിവാക്കണം. To advertise here, പശുക്കളെ വാഹനത്തിൽ കയറ്റിയുള്ള ദീർഘയാത്രകൾ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം. ഉഷ്ണസമ്മർദം ഒഴിവാക്കാൻ തൊഴുത്തിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. തൊഴുത്തിന്റെ നടുക്ക് 3.5 മീറ്റർ ഉയരവും വശങ്ങളിൽ 3 മീറ്ററും കുറഞ്ഞ ഉയരം വേണം. വശങ്ങളിലെ ഭിത്തികളുടെ ഉയരം പരമാവധി ഒരു മീറ്റർ മതി. തൊഴുത്തിന്‍റെ പരിസരത്തുള്ള തടസ്സങ്ങൾ നീക്കി വായുസഞ്ചാരം എളുപ്പമാക്കണം. ചൂട് കൂടുതലുള്ള സമയങ്ങളിൽ പശുക്കളെ തൊഴുത്തിൽ നിന്നിറക്കി പുറത്തുള്ള തണലുള്ള സ്ഥലങ്ങളിൽ പാർപ്പിക്കണം. വേനൽക്കാലത്ത് തൊഴുത്തിൽ അമിതമായ എണ്ണം പശുക്കളെ പാർപ്പിക്കുന്നത് വായുസഞ്ചാരം കുറയ്ക്കും. ഇത് ശരീര താപനില വർധിപ്പിക്കും. കൂടാതെ രോഗസാധ്യത കൂട്ടും. അതിനാൽ ഓരോ പശുവിനും ആവശ്യമായ സ്ഥലം ഉറപ്പാക്കണം. ഗർഭിണികളായതും ഡ്രൈ പീരിയഡിലുള്ളതുമായ (വറ്റു കറവ) പശുക്കൾക്ക് ഉഷ്ണസമ്മർദം ബാധിക്കും. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ ബാധിക്കാനും പ്രസവാനന്തര പാൽ ഉത്പാദനം കുറയാനും സാധ്യതയുള്ളതിനാൽ ഇവയ്ക്ക് പ്രത്യേക തണൽ, വെള്ളം, പോഷകാഹാരം എന്നിവ ഉറപ്പാക്കണം. കിടാക്കൾക്ക് ചൂട് സഹിക്കാൻ കഴിവ് കുറവായതിനാൽ നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക. പ്രത്യേകം തണലുള്ള ഇടം ഒരുക്കുക ശുദ്ധജലം ലഭ്യമാക്കുക എന്നിവ ഉറപ്പാക്കണം. തൊഴുത്തിനുള്ളിൽ മുഴുവൻ സമയവും ഫാനുകൾ പ്രവർത്തിപ്പിച്ച് നൽകണം. മേൽക്കൂരയിൽ ഫാനുകൾ സ്ഥാപിക്കുന്നതിനേക്കാൾ നല്ലത് പശുക്കളുടെ തലയിൽ അല്ലെങ്കിൽ നെറ്റിയിൽ കാറ്റ് പതിക്കും വിധം തൂണിൽ സ്ഥാപിച്ചതോ അല്ലങ്കിൽ പെഡസ്റ്റൽ ഫാനുകളോ ആണ്. തൊഴുത്തിന്റെ മേൽക്കൂരയ്ക്ക് കീഴെ പനയോല, തെങ്ങോല, ഗ്രീൻ നെറ്റ്, ടാർപ്പോളിൻ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് അടിക്കൂര (സീലിംങ്ങ്) ഒരുക്കുന്നതും തൊഴുത്തിനുള്ളിലെ ചൂട് കുറയ്ക്കും. സ്പ്രിംഗ്ലർ, ഷവർ, മിസ്റ്റ് എന്നിവയിലേതെങ്കിലും ഒരുക്കി പശുക്കളെ നനക്കുന്നത് ഉഷ്ണസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമാണ്. ചൂടുകൂടുന്ന സമയങ്ങളിൽ രണ്ടു മണിക്കൂർ ഇടവേളയിൽ മൂന്ന് മിനിട്ട് നേരം ഇവ പ്രവർത്തിപ്പിച്ച് തൊഴുത്തിന്റെ അന്തരീക്ഷം തണുപ്പിക്കാം. ഫാനുകൾ പ്രവർത്തിക്കുന്നതിനൊപ്പം വേണം ഷവർ, മിസ്റ്റ് എന്നിവയെല്ലാം പ്രവർത്തിപ്പിക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നതിന് പകരം ഇടക്കിടെ പശുക്കളുടെ ശരീരത്തിൽ വെള്ളം കോരിയൊഴിച്ച് നനച്ച് കുളിപ്പിക്കുന്ന രീതി ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത് പശുക്കളുടെ ശരീര സമ്മർദ്ദം വീണ്ടും കൂട്ടാൻ മാത്രമേ വഴിയൊരുക്കൂ. തൊഴുത്തിൽ പശുക്കളെ ഇടയ്ക്കിടെ കുളിപ്പിക്കുന്നതിന് പകരം തൊഴുത്തിന് മുകളിൽ സ്പ്രിംഗ്ലർ ഒരുക്കി തൊഴുത്തിന്റെ മേൽക്കൂര നനച്ച് നൽകാവുന്നതാണ്. ചണച്ചാക്ക് കീറി തണുത്തവെള്ളത്തിൽ നനച്ച് പശുക്കളുടെ കഴുത്തിൽ തൂക്കിയിടുന്നതും ഉഷ്ണസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും വേനലിൽ പശു കുടിക്കുന്ന വെള്ളത്തിന്റെ അളവ് സാധാരണനിലയിൽ നിന്നും ഇരട്ടിയാകും. നിർജ്ജലീകരണം തടയാനും പാൽ ഉത്പാദനനഷ്ടം കുറയ്ക്കാനും തൊഴുത്തിൽ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പശുക്കൾക്ക് കുടിക്കാൻ വേണ്ടത്ര വെള്ളം വെള്ളത്തൊട്ടിയിൽ നിറച്ചുവെക്കണം. കുടിവെള്ളം തീരുന്ന മുറയ്ക്ക് താനേ വന്നു നിറയുന്ന ഓട്ടോമാറ്റിക് വാട്ടർ ബൗൾ സംവിധാനം ഒരുക്കിയാൽ എപ്പോഴും കുടിവെള്ളം ഉറപ്പാക്കാം. കുടിവെള്ളം ചൂടുപിടിക്കുന്നത് തടയാൻ വെള്ളടാങ്കുകളും വിതരണപൈപ്പുകളും നനച്ച ചണച്ചാക്കുകൊണ്ട് മറയ്ക്കാം. വേനൽക്കാലത്ത് അമിതമായി ശ്വസിക്കുന്നതിനും വിയർക്കുന്നതിനും വഴി പശുക്കളുടെ ശരീരത്തിൽനിന്ന് സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് പോലുള്ള ഇലക്ട്രോലൈറ്റുകൾ നഷ്ടപ്പെടുന്നു. ഇത് ക്ഷീണം, തീറ്റമടുപ്പ്, പാൽ ഉത്പാദന കുറവ് എന്നിവയ്ക്ക് കാരണമാകും. അതിനാൽ ആഴ്ചയിൽ മൂന്നോ നാലോ ദിവസം കുടിവെള്ളത്തിലോ തീറ്റയിലോ ഇലക്ട്രോലൈറ്റ് മിശ്രിതങ്ങൾ ചേർത്ത് നൽകുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും. പശുക്കൾക്ക് നൽകാവുന്ന ഇലക്ട്രോലൈറ്റ് മിശ്രിതങ്ങൾ വിപണിയിൽ ലഭ്യമാണ്. പശു കഴിക്കുന്ന കാലിത്തീറ്റയുടെ അളവ് വേനലിൽ കുറയുന്നതിനാൽ നൽകുന്ന കാലിത്തീറ്റ ഏറ്റവും ഗുണനിലവാരമുള്ളതാവണം. കാലിതീറ്റയും വൈക്കോലും നൽകുന്നത് ചൂട് കുറഞ്ഞ സമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം. വൈക്കോൽ വെള്ളത്തിൽ കുതിർത്തു വെച്ച് തീറ്റയായി നൽകാം. പകൽ ധാരാളം ജലാംശം അടങ്ങിയ നല്ലയിനം തീറ്റപ്പുല്ലും, അസോള, ശീമക്കൊന്ന, അഗത്തി, മുരിങ്ങ, പീലിവാക, മൾബറി, ഈർക്കിൽ മാറ്റിയ തെങ്ങോല പോലുള്ള ഇലതീറ്റകളും നൽകണം. തീറ്റപ്പുല്ലിന് ലഭ്യത കുറവുണ്ടെങ്കിൽ സൈലേജ് തീറ്റയിൽ ഉൾപ്പെടുത്താം. അണപ്പിലൂടെ ഉമിനീർ കൂടുതലായി നഷ്ടപ്പെടുന്നത് കാരണം പശുക്കളുടെ ആമാശയത്തിൽ ഉണ്ടായേക്കാവുന്ന അസിഡിറ്റി ഒഴിവാക്കാൻ സോഡിയം ബൈ കാർബണേറ്റ് (അപ്പക്കാരം), ഒരു കിലോഗ്രാം കാലിത്തീറ്റയ്ക്ക് 10 ഗ്രാം നിരക്കിൽ തീറ്റയിൽ ചേർത്ത് നല്കാം. ഒരു കിലോഗ്രാം സാന്ദ്രീകൃത കാലിതീറ്റക്ക് 10 ഗ്രാം എന്ന കണക്കിൽ ധാതു ജീവക മിശ്രിതവും ആകെ തീറ്റയിൽ 10 മുതൽ 25 ഗ്രാം വരെ കല്ലുപ്പും ചേർത്ത് നൽകുന്നതും ഗുണകരമാണ്. ചിലേറ്റഡ് വിഭാഗത്തിൽ ഉൾപ്പെടുന്നതും പൗഡർ രൂപത്തിലുള്ളതുമായ ധാതുജീവകമിശ്രിതങ്ങൾ ഏറ്റവും അനിയോജ്യമാണ്. ഓരോന്നും വെവ്വേറെ നൽകുന്നതിന് പകരം അപ്പക്കാരവും കല്ലുപ്പും ധാതുജീവകമിശ്രിതവും ഒരുമിച്ച് മിശ്രിതമാക്കി ഒരു ട്രിപ്പിൾ മിക്സ് പൗഡർ രൂപത്തിൽ പശുക്കൾക്ക് നൽകുന്നതും ഏറ്റവും അനുയോജ്യമാണ്. ഉദാഹരണത്തിന് പത്ത് കിലോഗ്രാം സാന്ദ്രീകൃത തീറ്റ ഖരാഹാരമായി നൽകുന്ന പശുക്കൾക്ക് 100 ഗ്രാം സോഡാപ്പൊടിയും 100 ഗ്രാം ധാതുമിശ്രിതവും 20-25 ഗ്രാം കല്ലുപ്പും ചേർത്ത് ട്രിപ്പിൾ മിക്സ് പൗഡർ തയ്യാറാക്കി നൽകാം. ഈ ട്രിപ്പിൾ മിക്സ് പൗഡറിലേക്ക് വിപണിയിൽ ലഭ്യമായ ഫീഡ് അപ്പ് യീസ്റ്റ് പോലുള്ള മേന്മയുള്ള പ്രോബയോട്ടിക് മിശ്രിതങ്ങളോ അല്ലെങ്കിൽ പത്ത് ഗ്രാം യീസ്റ്റോ ചേർത്ത് രൂപത്തിലാക്കി നൽകുന്നതും ഫലപ്രദമാണ്, ഇത് പശുക്കളുടെ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. വേനൽക്കാലത്ത് പശുക്കൾ മദിലക്ഷണങ്ങൾ കാണിക്കുന്നതും മദിയുടെ ദൈർഘ്യവും കുറയാനിടയുള്ളതിനാൽ അതിരാവിലെയും സന്ധ്യയ്ക്കും മദി നിരീക്ഷിക്കണം. മദിചക്രത്തിലൂടെ കടന്നുപോവുമെങ്കിലും ഉഷ്ണസമ്മർദത്തിന്റെ ഫലമായി മദിയുടെ ബാഹ്യലക്ഷണങ്ങൾ കാണിക്കാതിരിക്കാനും സാധ്യതയുണ്ട്. ശരീരസമ്മർദം കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചും ഉയർന്ന പോഷക സാന്ദ്രതയുള്ള സമീകൃതാഹാരങ്ങൾ ഉറപ്പുവരുത്തിയും പശുക്കളുടെ പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ഫാം രജിസ്റ്ററുകൾ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ചും ഈ സാഹചര്യങ്ങൾ ഒഴിവാക്കാം. പശുക്കളിൽ കൃത്രിമ ബീജാധാനം തണലുള്ള സ്ഥലത്ത് വെച്ച് നടത്തണം. കൃത്രിമ ബീജാധാനം നടത്തിയതിനു ശേഷം അരമണിക്കൂർ പശുക്കളെ തണലിൽ പാർപ്പിക്കുന്നത് ഗർഭധാരണത്തിനുള്ള സാധ്യത കൂട്ടും. വാക്സിനേഷൻ, വിരയിളക്കൽ , ഗതാഗതം തുടങ്ങിയ നടപടികൾ ഉച്ച സമയങ്ങളിൽ ഒഴിവാക്കി, രാവിലെയോ വൈകുന്നേരമോ നടത്തുന്നത് ഉചിതമാണ്. ഉച്ച സമയങ്ങളിൽ പാൽ കറക്കുന്നത് പശുക്കളിൽ അധിക ശരീരസമ്മർദം ഉണ്ടാക്കും. അതുകൊണ്ട് പാൽ കറക്കുന്നത് അതിരാവിലെ/ വൈകുന്നേരം / രാത്രി എന്നിവയിലായി ക്രമീകരിക്കുന്നത് പാൽ ഉത്പാദന നഷ്ടം കുറയ്ക്കാൻ സഹായിക്കും. രോഗാണുവാഹകരായ പട്ടുണ്ണിപരാദങ്ങൾ പെരുകുന്നതിന് ഏറ്റവും അനുകൂലമായ കാലാവസ്ഥയാണ് വേനൽ. പശുക്കളുടെ മേനി പരിശോധിച്ചാൽ രോമകൂപങ്ങൾക്കിടയിൽ പറ്റിപ്പിടിച്ച് നിന്ന് രക്തം കുടിക്കുന്ന പട്ടുണ്ണികളെ കാണാം. പരാദകീടങ്ങൾ പരത്തുന്ന തൈലേറിയോസിസ്, ബബീസിയോസിസ്, അനാപ്ലാസ്മോസിസ് തുടങ്ങിയ രക്താണുരോഗങ്ങൾ കേരളത്തിൽ വേനൽക്കാലത്ത് സാധാരണയാണ്. ശരീരസമ്മർദം കാരണം പശുക്കളുടെ സ്വാഭാവികപ്രതിരോധശേഷി കുറയുന്നതും രോഗസാധ്യത കൂട്ടും. തീറ്റമടുപ്പ്, പാൽ ഉത്പാദനം പെട്ടെന്ന് കുറയൽ, തളർച്ച, ശക്തമായ പനി, വിളർച്ച, കണ്ണിൽ പീളകെട്ടൽ, മൂന്നാമത്തെ കൺപോള പുറത്തുകാണൽ, ശ്വാസമെടുക്കാനുള്ള പ്രയാസം,അമിതകിതപ്പ്, വയറിളക്കം, മൂത്രത്തിന്‍റെ നിറം തവിട്ടുനിറമാവൽ തുടങ്ങി ഏതെങ്കിലും അസ്വഭാവിക ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വെറ്ററിനറി ഡോക്ടറുടെ സേവനം തേടാൻ മറക്കരുത്. ചെള്ളുകളെയും പട്ടുണ്ണികളെയും നിയന്ത്രിക്കാൻ പരാദനാശിനി മരുന്നുകൾ കൃത്യമായ ഇടവേളകളിൽ പശുക്കളുടെ ശരീരത്തിലും തൊഴുത്തിലും പരിസരത്തും പ്രയോഗിക്കണം.

തൊഴുത്തും തീറ്റയും കുടിവെള്ളവും വരെ; കടുംവേനലിൽ പാലുല്പാദനം കുറയാതിരിക്കാൻ ശ്രദ്ധിക്കാൻ
M
MathrubhumiSource Link
about 2 months ago