തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽനിന്ന് പാഠം പഠിക്കണമെന്നും അടിമുടി മാറ്റമുണ്ടാകണമെന്നും സി.പി.എം. സംസ്ഥാന സമിതി യോഗത്തിൽ നേതാക്കൾ. തിരുത്തലെന്നത് ഏതെങ്കിലും തലത്തിലോ വ്യക്തിയിലോ നിലപാടിലോ വേണ്ടതല്ല. സംഘടനാവീഴ്ചകൾ എല്ലാതലത്തിലുമുണ്ട്. ജനങ്ങൾക്കു മനസ്സിലാകാത്ത വിശദീകരണവും വാദങ്ങളും ഉയർത്തി മുന്നോട്ടുപോയാൽ എന്തുസംഭവിക്കുമെന്നതിന്റെ തെളിവാണ് ഈ പരാജയമെന്നും നേതാക്കൾ പറഞ്ഞു. To advertise here, തിരഞ്ഞെടുപ്പുസംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി, എല്ലാ അംഗങ്ങൾക്കും സംസാരിക്കാൻ അവസരം നൽകിയാണ് സംസ്ഥാന കമ്മിറ്റി നടക്കുന്നത്. വീഴ്ചകളുണ്ടായിട്ടുണ്ടെന്നും ജനവികാരം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽത്തന്നെ പറയുന്നുണ്ട്. അതേസമയം, ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്. എന്നിട്ടും എന്തുകൊണ്ട് ജനങ്ങൾ എതിരായെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രശ്നങ്ങൾ പരിശോധിക്കുകയും കൃത്യമായ ഇടപെടൽ നടത്തുകയും ചെയ്യുക എന്ന ഉത്തരവാദിത്വം നേതൃത്വം നിർവഹിച്ചോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ചർച്ചയിൽ അംഗങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം സംഘടനാപരമായ വീഴ്ചകൂടിയാണ്. യു.ഡി.എഫിന് പ്രചാരണായുധമാക്കാനുള്ള പലകാര്യങ്ങളും നൽകിയത് പാർട്ടിയിലെ പ്രശ്നങ്ങളാണ്. തളിപ്പറമ്പിലെ സ്ഥാനാർഥിത്വം സംസ്ഥാനത്താകെ അവർ പ്രചാരണത്തിന് ഉപയോഗിച്ചു. സംസ്ഥാനസെക്രട്ടറിയുടെ വിശദീകരണം പലപ്പോഴും ജനങ്ങൾക്ക് മനസ്സിലാകുന്നതായിരുന്നില്ലെന്നും അംഗങ്ങൾ വിമർശിച്ചു. സി.പി.ഐ.ക്കും കേരള കോൺഗ്രസിനും വിമർശനം പരസ്യപ്രതികരണം നടത്തി മുന്നണിയെ സമ്മർദത്തിലാക്കുന്ന തെറ്റായ രാഷ്ട്രീയകൗശലമാണ് സി.പി.ഐ.യുടേതെന്ന് യോഗത്തിൽ വിമർശനമുയർന്നു. പി.എം.ശ്രീ വിഷയത്തിൽ സി.പി.ഐ. നടത്തിയ പരസ്യപ്പോര് സി.പി.എം.-ബി.ജെ.പി. അന്തർധാരയെന്ന പ്രചാരണത്തിന് യു.ഡി.എഫ്. ഉപയോഗിച്ചു. തിരഞ്ഞെടുപ്പടുത്തപ്പോൾ കേരള കോൺഗ്രസ് (എം) മുന്നണിമാറ്റ ചർച്ചയുടെ തിരക്കിലായിരുന്നു. യു.ഡി.എഫിലേക്ക് പോകുന്നുവെന്ന പ്രചാരണം ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തുനിന്നകറ്റി. ഇത്തരം പ്രചാരണത്തെ കൃത്യമായി പ്രതിരോധിക്കാൻ കേരള കോൺഗ്രസിന്റെ നേതാക്കൾക്ക് കഴിഞ്ഞില്ല. ഇതെല്ലാം ആത്യന്തികമായി യു.ഡി.എഫിനാണ് ഗുണം ചെയ്തതെന്നും യോഗത്തിൽ നേതാക്കൾ പറഞ്ഞു. സംസ്ഥാനകമ്മിറ്റി യോഗം വ്യാഴാഴ്ചയും തുടരും. Content Highlights: CPM acknowledges organizational failures and disconnect with public sentiment., Internal criticism regarding the state secretary's communication strategy., Concerns over CPI's public stance and Kerala Congress (M) alliance instability., Focus on structural reforms to regain electoral trust. Published: 14 May 2026, 06:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
