നഗരസഭ സ്ഥലം കണ്ടെത്താൻ തുടങ്ങി To advertise here, ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരത്തിൽ വാഹന പാർക്കിങ്ങിന് സൗകര്യമൊരുക്കാൻ നഗരസഭ ഏഴിടങ്ങളിൽ വണ്ടിത്താവളങ്ങൾ ഒരുക്കും. എം.സി.റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കഴിക്കുന്നതിനാണ് വാഹന പാർക്കിങ് സൗകര്യം ഒരുക്കുന്നത്. ഗവ. ആശുപത്രി ജങ്ഷൻ, നന്ദാവനം, വെള്ളാവൂർ, റെയിൽവേ സ്റ്റേഷൻ, ഐ.ടി.ഐ. ജങ്ഷൻ, മഹാദേവക്ഷേത്രം, ആൽത്തറ ജങ്ഷൻ എന്നിവയ്ക്കു സമീപമായിട്ടാണ് വണ്ടിത്താവളങ്ങൾ ഒരുക്കുന്നത്. ഈ പ്രദേശങ്ങളിൽ സ്വന്തമായി ഭൂമിയുള്ളതും സ്വകാര്യ പാർക്കിങ് ഏർപ്പെടുത്തുന്നതിനും താത്പര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 30-നുള്ളിൽ അപേക്ഷ സമർപ്പിക്കണം. വാഹന പാർക്കിങ് സൗകര്യമില്ലാത്തതു മൂലം നഗരം ഗതാഗതക്കുരുക്കിലാകുന്നതിനെക്കുറിച്ച് മാതൃഭൂമി ഒട്ടേറെ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. 2025-ൽ ഡിസംബർ 20-ന് ‘ചെങ്ങന്നൂർ: ശബരിമലയുടെ പ്രവേശനകവാടം, വികസന സാധ്യതകൾ എവിടെ വരെ’ എന്ന വിഷയത്തിൽ മാതൃഭൂമി നടത്തിയ ജനകീയ ചർച്ചയിലും പ്രധാന വിഷയമായിരുന്നു നഗരത്തിലെ ഗതാഗതക്കുരുക്ക്. തുടർന്ന്, പുതിയ നഗരസഭാ ഭരണസമിതി അവരുടെ കന്നി ബജറ്റിൽ വാഹനപാർക്കിങ്ങിന് സൗകര്യമൊരുക്കാനുള്ള നിർദേശം ഉൾപ്പെടുത്തി. ഇതിനായി സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും അപേക്ഷ സ്വീകരിച്ച് വണ്ടിത്താവളങ്ങൾക്ക് പെർമിറ്റ് അനുവദിക്കും. കാടുപിടിച്ചു കിടക്കുന്ന റവന്യൂ പുറമ്പോക്ക് ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങൾ കണ്ടെത്തി കുടുംബശ്രീയെ നിയോഗിച്ച് പാർക്കിങ് സൗകര്യം അടിയന്തരമായി ഒരുക്കും. മൾട്ടിലെവൽ പാർക്കിങ് ഉൾപ്പെടെ നടപ്പാക്കാൻ സ്ഥലം കണ്ടെത്തും. ടാക്സി, ഓട്ടോ സ്റ്റാൻഡുകൾക്കും സ്ഥലം കണ്ടെത്തുമെന്ന് ബജറ്റിൽ പറയുന്നു. പണംകൊടുത്ത് വാഹനം പാർക്കുചെയ്യാൻ സ്വകാര്യ സ്ഥലങ്ങളോ പൊതുസ്ഥലങ്ങളോ ഇല്ലാത്ത മധ്യതിരുവിതാംകൂറിലെ ഏക നഗരമാണ് ചെങ്ങന്നൂർ. ഇതുമൂലം ഗതാഗതനിയമലംഘനങ്ങൾക്കും കുറവില്ല. എം.സി. റോഡിന്റെ ഇരുവശങ്ങളിലായി വാഹനങ്ങൾ നിർത്തിയിടുകയാണ്. നിർത്തിയിടുന്നതിനു പിന്നാലെ പോലീസെത്തി പെറ്റി ചുമത്തും. ഇക്കാരണത്താൽ ചെങ്ങന്നൂർ നഗരത്തിലേക്ക് സാധനങ്ങൾ വാങ്ങാൻ ആളുകളെത്തുന്നതു കുറഞ്ഞെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
