പാഴാകുന്നത് 6.61 കോടി രൂപ To advertise here, നെയ്യാറ്റിൻകര : കേന്ദ്രസർക്കാരിന്റെ ധനകാര്യ കമ്മിഷൻ ഗ്രാന്റായി മൂന്ന് വർഷം മുൻപ് നഗരസഭയ്ക്ക് കൈമാറിയ 6.61 കോടി രൂപയുടെ നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തിയ നാലു കുളങ്ങളുടെ നവീകരണം നിലച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് കാലത്ത് നിലച്ച നാലു കുളങ്ങളുടെ നവീകരണം പുനരാരംഭിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെളിയും പായലും നീക്കിയശേഷം നവീകരണം പാതിവഴിയിലായ നിലയിലാണ്. നഗരസഭയിലെ തവരവിള വാർഡിലെ അറുതലച്ചിക്കുളം, പനങ്ങാട്ടുകരി വാർഡിലെ ചിറക്കുളം, ആലുംമൂട് വാർഡിലെ ഈഴക്കുളം, ആലംപൊറ്റ വാർഡിലെ തച്ചിക്കുളം എന്നിവയുടെ നവീകരണമാണ് പാതിവഴിയിൽ സ്തംഭനത്തിലായത്. കേന്ദ്രസർക്കാർ നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി ധനകാര്യ കമ്മിഷൻ ഗ്രാന്റായാണ് നഗരസഭയ്ക്ക് 6.61 കോടി രൂപ കൈമാറിയത്. നഗരസഭാ പ്രദേശത്തെ കുടിവെള്ളം, ജലസംരക്ഷണം, ശുചിത്വം, ഖരമാലിന്യ പരിപാലനം എന്നിവയുടെ സേവനം മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി. ഇതു പ്രകാരം അറുതലച്ചിക്കുളത്തിന് 2.20 കോടിയും ചിറക്കുളത്തിന് 1.14 കോടിയും ഈഴക്കുളത്തിന് 2.18 കോടിയും തച്ചിക്കുളത്തിന് 1.09 കോടി രൂപയുമാണ് അനുവദിച്ചത്. ഈ നാലു കുളങ്ങളിലെയും വെള്ളം വറ്റിച്ച് ചെളികോരി, പുല്ലും പായലും നീക്കി, പുതിയ പാർശ്വഭിത്തി നിർമിക്കുകയും നിലവിലുള്ള ബലക്ഷയമുള്ള പാർശ്വഭിത്തിയുടെ നവീകരണവും നടത്തി. അപ്പോഴേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് എത്തി. ഇതോടെ നവീകരണം നിലച്ചു. കളിമണ്ണ് കടത്തുന്നുവെന്ന് ആരോപണം :നഗരസഭാ ചെയർപേഴ്സൺ ഡബ്ല്യു.ആർ.ഹീബയുടെ വാർഡായ തവരവിളയിലാണ് 2.20 കോടി രൂപ മുടക്കിയുള്ള അറുതലച്ചിക്കുളം നവീകരണം തുടങ്ങിയത്. 1.20 കോടി രൂപ കുളം ശുചീകരിച്ച് പാർശ്വഭിത്തിയും നടപ്പാതയും തെരുവു വിളക്കുകളും സ്ഥാപിക്കാനാണ്. ഒരു കോടി രൂപ മിനി കുടിവെള്ള പദ്ധതിക്കാണ്. കരാറുകാരൻ കുളം ശുചീകരിച്ചു. തുടർന്ന് കുളത്തിലെ കളിമണ്ണ് മണ്ണുമാന്തി ഉപയോഗിച്ച് കുഴിച്ചെടുത്ത് കടത്താൻ ശ്രമിച്ചു. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തെ തുടർന്ന് പോലീസെത്തി മണ്ണുമാന്തി പിടിച്ചിട്ടു. ഇതോടെ ഈ കുളത്തിന്റെ നവീകരണം മുടങ്ങി. ചിറക്കുളത്ത് പുതിയ പാർശ്വഭിത്തി നിർമിക്കുകയും കുളം ശുചീകരിക്കുകയും ചെയ്തു. കുളത്തിലേക്കുള്ള വഴി ഒരുക്കുന്നതിനിടെയാണ് നിർമാണം നിലച്ചത്. തച്ചിക്കുളത്തിന്റെ അവസ്ഥയും ഇതുതന്നെയാണ്. കുളം ശുചീകരിച്ച് നടപ്പാത നിർമിച്ച് ചിലയിടങ്ങളിൽ തറയോട് പാകിയതോടെ ഈ നവീകരണവും നിലച്ചു. ഈഴക്കുളത്ത് പായലും ചെളിയും നീക്കി. എന്നാൽ കുളത്തിലേക്ക് നഗരമാലിന്യം ഒഴുക്കിവിടുന്ന ഓട അടയ്ക്കാതായതോടെ ശുചീകരിച്ച കുളത്തിൽ വീണ്ടും കുളവാഴ നിറഞ്ഞിരിക്കുകയാണ്. പുനരാരംഭിക്കാൻ നിർദേശിച്ചു :കാലവർഷത്തിന് മുൻപായി നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തിയ കുളങ്ങളുടെ നവീകരണം പൂർത്തിയാക്കും. ഇതിന്റെ ഭാഗമായി നാലു കുളങ്ങളുടെയും കരാറുകാരുടെ യോഗം വിളിച്ചുചേർത്തു. കരാറുകാരോട് ഉടൻ നവീകരണം പുനരാരംഭിക്കാൻ നിർദേശം നൽകി. ഡബ്ല്യു.ആർ.ഹീബ, നെയ്യാറ്റിൻകര നഗരസഭാധ്യക്ഷ ഫണ്ട് നഷ്ടമാകുമെന്ന് ആശങ്ക :നഗരസഞ്ചയ പദ്ധതി മുടങ്ങിയതിനെ തുടർന്ന് ഫണ്ട് തിരികെ പിടിക്കുമെന്ന ആശങ്കയുണ്ട്. എത്രയും വേഗം പദ്ധതി പുനരാരംഭിച്ച് പണം നഷ്ടപ്പെടുന്ന സ്ഥിതി ഒഴിവാക്കണം. മഞ്ചത്തല സുരേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര യൂണിറ്റ് പ്രസിഡന്റ്
