കൊല്ലം : വർഷങ്ങളായി തകർന്നുകിടന്ന റോഡ് നന്നാക്കാനായി പൊളിച്ചതോടെ വഴിമുട്ടി മരുത്തടി നിവാസികൾ. To advertise here, രാമൻകുളങ്ങര ജങ്ഷൻമുതൽ മരുത്തടിവരെയുള്ള റോഡാണ് വർഷങ്ങളായി തകർന്നുകിടന്നത്. പൊതുമരാമത്തുവകുപ്പിന്റെ അധീനതയിലുള്ള റോഡാണിത്. റോഡുനിർമാണത്തിലെ ടെൻഡർ നടപടിക്രമത്തിലെ കാലതാമസം നവീകരണപ്രവൃത്തികൾ തുടങ്ങാൻ താമസമുണ്ടാക്കി. മാസങ്ങൾക്കുമുൻപാണ് നവീകരണത്തിന്റെ ഭാഗമായി റോഡ് പൊളിച്ച് മെറ്റൽ നിരത്തിയത്. മെറ്റലുകൾ നിരത്തിയ റോഡിൽ കാൽനടയാത്രപോലും സാധ്യമല്ലാത്തനിലയിലാണ്. ഇരുചക്ര-മുച്ചക്രവാഹനങ്ങൾക്ക് റോഡിലൂടെ സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. ഓട്ടോറിക്ഷകൾ സവാരി നടത്താൻ മടിക്കുന്നതായി യാത്രക്കാർ പറയുന്നു. പലതവണയായി ജലവിതരണക്കുഴലുകളും കേബിളുകളും സ്ഥാപിക്കാനായി കുഴിച്ചതാണ് റോഡ് നശിക്കാൻ കാരണം. കന്നിമേൽ, കന്നിമേൽ വെസ്റ്റ്, ആലാട്ട്കാവ് എന്നീ ഡിവിഷനുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. സ്വകാര്യ സ്കൂളും കേന്ദ്രീയ വിദ്യാലയവുമടക്കം സ്കൂളുകളും ഗവ. ആയുർവേദ ആശുപത്രി, ആരാധനാലയങ്ങൾ അടക്കമുള്ളവയും പ്രദേശത്തുണ്ട്. കാൽനടയാത്രപോലും സാധ്യമല്ല രാമൻകുളങ്ങര-മരുത്തടി റോഡിൽ പഴവൂർ ജങ്ഷനിൽനിന്ന് ഇടത്തേക്കുള്ള 150 മീറ്ററോളം വരുന്ന ഭാഗത്തെ റോഡുനവീകരണം തുടങ്ങിയിട്ട് മാസങ്ങളായി. തീരപ്രദേശം, തിരുമുല്ലാവാരം എന്നിവിടങ്ങളിലേക്കു പോകുന്ന റോഡാണിത്. മാസങ്ങൾക്കുമുൻപാണ് റോഡിന്റെ പകുതിയോളം വരുന്ന ഭാഗത്ത് ഓടനിർമാണം തുടങ്ങിയത്. കോർപ്പറേഷൻ അധീനതയിലുള്ള റോഡാണിത്. റോഡിൽ ഇത്തരത്തിൽ ഓട നിർമിക്കുന്നത് ഇരുവശത്തുനിന്നുള്ള വാഹനങ്ങൾ കടന്നുപോകുന്നതിന് അസൗകര്യമുണ്ടാകുമെന്നു കാട്ടി പ്രദേശവാസികൾ എതിർത്തിരുന്നു. റോഡിലെ വെള്ളം ഒഴുകിയെത്തുന്നത് ഒഴുക്കുതോട്ടിലേക്കാണ്. ഇവിടെ ചപ്പാത്ത് നിർമിച്ച് വെള്ളം ഒഴുകിയെത്തുന്നത് ക്രമീകരിക്കണമെന്നും ഓട നിർമിച്ചാലുള്ള ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി മേയർക്ക് ഉൾപ്പെടെ റെസിഡെന്റ്സ് അസോസിയേഷൻ നിവേദനം നൽകിയിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെയാണ് ഓടനിർമാണം തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. പ്രധാന റോഡിൽനിന്ന് ഇവിടേക്ക് തിരിയുന്നിടത്ത് സ്ലാബുകൾ ഇട്ടിട്ടില്ല. വാഹനയാത്രക്കാർ വളരെ സാഹസപ്പെട്ടാണ് വണ്ടി ഇവിടേക്ക് തിരിക്കുന്നത്. നൂറിലധികം കുടുംബങ്ങളാണ് ഈ റോഡ് ഉപയോഗിക്കുന്നത്. സ്വന്തമായി വാഹനങ്ങളുള്ള പലരും കിലോമീറ്ററുകളോളം ചുറ്റിയാണ് വീട്ടിലെത്തുന്നത്. ബാക്കിയുണ്ടായിരുന്ന റോഡ് കഴിഞ്ഞദിവസം വെട്ടിപ്പൊളിക്കുകയും ചെയ്തു. ഇതോടെ നടക്കാൻ പോലുമാകാത്ത സ്ഥിതിയായി. ഓടയുടെ സ്ലാബുകൾ പലയിടത്തും ശരിയായി ക്രമീകരിച്ചിട്ടില്ലാത്തതിനാൽ യാത്രക്കാർക്ക് നടന്നുപോകാനുമാകില്ല. അത്യാവശ്യഘട്ടങ്ങളിൽ രോഗബാധിതരെ ആശുപത്രിയിലെത്തിക്കണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണിപ്പോൾ. മഴക്കാലത്തിനുമുൻപ് റോഡ് നന്നാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
