ദുബായ് : രാജ്യത്തെ ടാക്സി സേവനരംഗത്ത് ഏറ്റവും വലിയ ലയനപ്രഖ്യാപനവുമായി ദുബായ് ടാക്സി. ദുബായിൽ ആധിപത്യം ശക്തിപ്പെടുത്താനും അബുദാബിയിൽ സാന്നിധ്യം ഉറപ്പിക്കാനും ലക്ഷ്യമിട്ട് നാഷണൽ ടാക്സിയെ ദുബായ് ടാക്സി ഏറ്റെടുത്തു. 140 കോടി ദിർഹത്തിനാണ് ഏറ്റെടുക്കൽ കരാർ ഒപ്പുവെച്ചതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. To advertise here, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയും (ആർ.ടി.എ.) അബുദാബി സംയോജിത ഗതാഗതകേന്ദ്ര (ഐ.ടി.സി.)ത്തിന്റെയും അംഗീകാരങ്ങൾക്ക് വിധേയമായി ഈ വർഷം അവസാനപാദത്തോടെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കും. പുതിയ ബാങ്ക് വായ്പ നയത്തിലൂടെയായിരിക്കും ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് പൂർണമായും കണ്ടെത്തുകയെന്നാണ് വിവരം. 2000-ത്തിൽ സ്ഥാപിതമായ നാഷണൽ ടാക്സി ദുബായ്, അബുദാബി, അൽഐൻ എന്നിവിടങ്ങളിലായി ഏകദേശം 2,500 ലൈസൻസുള്ള നമ്പർ പ്ലേറ്റുകളും 2,700-ലധികം വാഹനങ്ങളുമുള്ള യു.എ.ഇ.യിലെ ഏറ്റവും വലിയ സ്വകാര്യ ടാക്സി ഓപ്പറേറ്റർമാരിൽ ഒന്നാണ്. 2025 ജൂലായ് 31 വരെയുള്ള കണക്കുകൾ അനുസരിച്ച് 25.4 ദശലക്ഷം ട്രിപ്പുകളാണ് കമ്പനി നടത്തിയത്. 774 ദശലക്ഷം ദിർഹമാണ് കമ്പനിയുടെ അറ്റവരുമാനം. ദേശീയതലത്തിൽ മികച്ച വരുമാനനേട്ടം കൈവരിക്കുന്നതിനിടയിലാണ് ഏറ്റെടുക്കൽ പ്രഖ്യാപനം. നാഷണൽ ടാക്സിയെ ഏറ്റെടുക്കുന്നതോടെ ദുബായ് ടാക്സിയുടെ ദുബായിലെ വിപണി വിഹിതം 47 ശതമാനത്തിൽനിന്ന് 57 ശതമാനമായും അബുദാബിയിലേത് 12 ശതമാനമായും ഉയരും. കമ്പനിയെ സംബന്ധിച്ച് ഏറ്റെടുക്കൽ നടപടി വളർച്ചയിലെ നാഴികക്കല്ലാണെന്ന് ദുബായ് ടാക്സി ചെയർമാൻ അബ്ദുൽ മുഹ്സിൻ ഇബ്രാഹിം കൽബത്ത് വ്യക്തമാക്കി. ദുബായിലെ ടാക്സി സേവനരംഗത്ത് മുൻനിരയിലുള്ള ദുബായ് ടാക്സി എമിറേറ്റിലെ ആധിപത്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 600 പുതിയവാഹനങ്ങൾകൂടി നിരത്തിലെത്തിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ജുലായോടുകൂടി ഘട്ടംഘട്ടമായി പുതിയ വാഹനങ്ങൾ എത്തിക്കാനാണ് പദ്ധതി. പുതിയ വൈദ്യുത വാഹനങ്ങളും ഇതിൽ ഉൾപ്പെടും.
