പാലക്കാട് : നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷ റദ്ദാക്കിയതിലും പ്രതിഷേധിച്ച് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി പാലക്കാട് ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. To advertise here, മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകരെ ഗേറ്റിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡുകൾ റോഡിലേക്ക് മറിച്ചിട്ടു. ബാരിക്കേഡിന് മുകളിലേക്ക് കയറി മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ ജലപീരങ്കി വാഹനത്തിന്റെ മുൻഭാഗത്തെ ഷീൽഡ് തകർത്തു. അരമണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ പ്രവർത്തകർ സ്വയം പിരിഞ്ഞുപോയി. എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം എസ്. വിപിൻ മാർച്ച് ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി വി.വി. അഭിലാഷ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാദുലി, വിഷ്ണുപ്രിയ എന്നിവർ സംസാരിച്ചു. താരേക്കാട് -സുൽത്താൻപേട്ട റോഡിൽ അരമണിക്കൂറോളം ഗതാഗതതടസ്സമുണ്ടായി. പോലീസിനെതിരേ ഭീഷണിയുമായി എസ്. വിപിൻ മാർച്ചിനിടെ എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം എസ്. വിപിൻ പോലീസിനെതിരേ ഭീഷണി പ്രസംഗവുമായി രംഗത്തെത്തി. പാലക്കാട്ട് യു.ഡി.എഫ്. വിജയാഘോഷത്തിനിടയിലുണ്ടായ സംഘർഷത്തിൽ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് പോലീസ് കയറി പ്രവർത്തകരെ തല്ലിയെന്ന് ആരോപിച്ചായിരുന്നു ഭീഷണി. എസ്.എഫ്.ഐ.ക്കാരെ കാണുമ്പോൾ തല്ലണമെന്ന് കരുതുന്ന പോലീസുകാരുണ്ട്. ഇവരുടെ വീടുകൾ അമ്പിളിമാമന്റെയടുത്തല്ലെന്നായിരുന്നു ഭീഷണി. ‘‘യൂണിഫോമിലുള്ള പോലീസുകാരെ തല്ലിയാൽ മാത്രമേ കേസുണ്ടാവൂ. ഞങ്ങളുടെ ശരീരം നോവുംപോലെ നിങ്ങൾക്കും നോവും. ഞങ്ങളുടേതുപോലെത്തന്നെ നിങ്ങൾക്കും ചോരവരും.’’ വിപിൻ പറഞ്ഞു. തല്ലിയെന്നാരോപിക്കുന്ന പോലീസുകാരുടെ പേരും സ്ഥലവും എടുത്തുപറഞ്ഞായിരുന്നു ഭീഷണി.
