കെട്ടിടാവശിഷ്ടങ്ങൾ നീക്കംചെയ്തില്ല To advertise here, പുനലൂർ :ചൊവ്വാഴ്ച വൈകീട്ടു പെയ്ത കനത്ത മഴയിൽ പുനലൂർ നെല്ലിപ്പള്ളിയിൽ നിലംപൊത്തിയ മതിലിനും സർവീസ് സ്റ്റേഷൻ കെട്ടിടത്തിനും അടിയിൽ ഇനിയും വാഹനങ്ങൾ. സ്കൂൾ ബസും സ്കൂട്ടറുമാണ് അടിയിൽ കുടുങ്ങിയിട്ടുള്ളത്. ഇവ നിശ്ശേഷം തകർന്നനിലയിലാണ്. കൂടുതൽ വാഹനങ്ങൾ ഉള്ളിൽപ്പെട്ടിട്ടുണ്ടോയെന്ന് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കിയാലേ അറിയാനാവൂ. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കടിയിൽ സ്കൂൾ ബസും സ്കൂട്ടറും കണ്ടത്. സ്കൂൾ ബസ് സർവീസ് ചെയ്യാൻ എത്തിച്ചിരുന്നതാണെന്നു പറയുന്നു. സർവീസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ലോറിക്കും മറ്റു വാഹനങ്ങൾക്കും മീതേയാണ് തൊട്ടുചേർന്ന കോൺക്രീറ്റ് മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവും തകർന്നുവീണത്. ലോറിയുടെ കാബിനുള്ളിൽ ഉണ്ടായിരുന്ന സ്പ്രേ പെയിന്റിങ് തൊഴിലാളിയായ പിറവന്തൂർ വന്മള വള്ളിയയ്യത്ത് പുത്തൻവീട്ടിൽ സിജോ തോമസ്(42) തത്ക്ഷണം മരിച്ചിരുന്നു. ലോറിക്കുമീതേ വീണ കോൺക്രീറ്റ് പാളികൾ മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെ നീക്കിയാണ് സിജോയുടെ മൃതദേഹം പുറത്തെടുത്തത്. സർവീസ് സ്റ്റേഷനും തൊട്ടുചേർന്ന് കള്ളുഷാപ്പും പ്രവർത്തിച്ചുവരുന്ന ഇവിടെ വൈകുന്നേരങ്ങളിൽ ആൾത്തിരക്കുണ്ടാകാറുണ്ട്. ചൊവ്വാഴ്ച വൈകീട്ട് കനത്ത മഴയായതിനാൽ കൂടുതൽ ആളുണ്ടായിരുന്നില്ല. അതാണ് ദുരന്തത്തിന്റെ ആഘാതം കുറച്ചത്. സർവീസ് സ്റ്റേഷനിലും ഷാപ്പിലുമായി മൂന്നുപേരേ ഈ സമയം ഉണ്ടായിരുന്നുള്ളൂ. സിജോ ഒഴികെ മറ്റു രണ്ടുപേരും പുറത്തേക്കു പോയിരുന്നു. ഇടിമിന്നലുള്ളതിനാൽ സിജോ ലോറിയുടെ കാബിനിൽ കിടന്നു. മിനിറ്റുകൾക്കുള്ളിലായിരുന്നു ദുരന്തം. Published: 14 May 2026, 01:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
