മലപ്പുറം: കൈക്കരുത്തുകൊണ്ട് എതിരാളിയെ മലർത്തിയടിക്കുമ്പോൾ, അമ്മയ്ക്ക് മകളും മകൾക്ക് അമ്മയുമാണ് പിന്തുണ. പഞ്ചഗുസ്തിയിലെ ഈ പോരാളികൾ തിരികെ വീട്ടിലെത്തിയാലോ കൂട്ടുകാരും. കൈക്കരുത്തിന്റെ പോരാട്ടത്തിൽ ദേശീയ മെഡൽത്തിളക്കത്തിലാണ് ഡോ. ഫെബിന ബീവിയും മകൾ ഫെല്ലാ മറിയവും. To advertise here, പെരിന്തൽമണ്ണ എം.ഇ.എ. എൻജിനിയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗം മേധാവിയാണ് ഫെബിന. പെരിന്തൽമണ്ണ സേക്രഡ് ഹാർട്ട് സി.എം.ഐ. പബ്ലിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഫെല്ലാ മറിയം. ബെംഗളൂരുവിൽ ആറാമത് ബി.സി.എ.ഐ. ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലാണ് ഇരുവരും മെഡലുകൾ തൂക്കിയത്. അണ്ടർ 15-ൽ മത്സരിച്ച ഫെല്ല, 63 കിലോഗ്രാം വലതുകൈ വിഭാഗത്തിൽ സ്വർണവും ഇടതുകൈ വിഭാഗത്തിൽ വെള്ളിയുംനേടി. ഒപ്പം, സെപ്റ്റംബറിൽ ജപ്പാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യാനുള്ള യോഗ്യതയും. മാസ്റ്റേഴ്‌സ് 78 കിലോ ഇടതുകൈ വിഭാഗത്തിൽ വെങ്കലംനേടി മകളോടോപ്പം കട്ടയ്ക്ക് പിടിക്കാൻ അമ്മ ഡോ. ഫെബിന ബീവിക്കുമായി. ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുത്ത പെരിന്തൽമണ്ണക്കാരിതന്നെയായ ജന്ന ഫാത്തിമയുടെ കഥയറിഞ്ഞപ്പോൾ ഫെല്ലയ്ക്ക് ഒരു കൗതുകം. ഒന്ന് ഗുസ്തി ‘പിടിക്കാൻ’ പഠിച്ചാലോയെന്ന്. ആഗ്രഹം പിതാവ് ഷാനവാസിനോട് പറഞ്ഞു. സ്കൂൾ-കോളേജ് തലങ്ങളിൽ അത്‌ലറ്റിക്സ് താരമായിരുന്ന അദ്ദേഹത്തിന് ഇരട്ടി സന്തോഷം. അങ്ങനെ ജന്ന ഫാത്തിമ പരിശീലിച്ച പട്ടിക്കാട് ഫിറ്റ് ഫാം ജിം അക്കാദമിയിൽ ഫെല്ലയുമെത്തി. ജിം ട്രെയിനർ ആസിഫിനു കീഴിൽ ഒരുവർഷമായി പരിശീലനം. ‘നിന്നെ എന്തായാലും ട്രെയിന്‌ങ്ങിന് ഞാൻ കൊണ്ടുപോകണമല്ലോ. എന്നാപ്പിന്നെ ഞാനും ഇത് പഠിച്ചാലോ’ എന്ന് താമാശയ്ക്ക് മകളോട് ചോദിച്ചതാണ്. അവളത് കാര്യമായെടുത്തു. അങ്ങനെ ആറുമാസമായി താനും പരിശീലിക്കുന്നൂവെന്ന് 42-കാരിയായ ഫെബിന പറഞ്ഞു. ഫെല്ല നേരത്തേ ബാഡ്മിന്റൺ, ചെസ് എന്നിവയിലൊക്കെ പങ്കെടുക്കുമായിരുന്നു. സഹോദയ കലോത്സവത്തിൽ മാപ്പിളപാട്ടിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. ലോക പഞ്ചഗുസ്തി മത്സരത്തിൽ മാറ്റുരയ്ക്കാൻ നല്ല സ്പോൺസർഷിപ്പ് തേടുകയാണ് കുടുംബം. കോഴിക്കോട് എഡ്യൂ-ടെക് സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഷാനവാസ്. ഏഴാം ക്ലാസ് വിദ്യാർഥിനിയായ ഫെയിസ മറിയം സഹോദരി. കോഴിക്കോട് പന്നിയങ്കര സ്വദേശികളായ ഇവർ പെരിന്തൽമണ്ണയിലാണ് താമസം. Content Highlights: Dr. Febina Beevi and her daughter Fella Mariyam have achieved national recognition in arm wrestling, with Fella qualifying for the World Arm Wrestling Championship in Japan after winning gold and silver at the national level. Published: 19 Jun 2026, 09:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
