കല്ലിട്ടത് 2019 ജൂണിൽ To advertise here, ശാസ്താംകോട്ട :ശാസ്താംകോട്ടയിലെ എക്സൈസ് ഓഫീസുകൾക്ക് സ്വന്തമായ ആസ്ഥാനമുണ്ടാകാൻ ഇനിയും ഒരുവർഷമെങ്കിലും കാത്തിരിക്കണം. പണിതുടങ്ങി ഏഴുവർഷമായിട്ടും പൂർത്തിയാക്കാൻ കഴിയാത്തസ്ഥിതി. നിലവിൽ ഒച്ചിഴയുന്ന വേഗത്തിലാണ് പണികൾ നീങ്ങുന്നത്. രണ്ടോ മൂന്നോ തൊഴിലാളികളാണ് ബഹുനിലക്കെട്ടിടത്തിന്റെ പണികളിൽ ഏർപ്പെടുന്നത്. തടാകതീരത്ത് ശാസ്താംകോട്ട പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിനു സമീപത്താണ് കെട്ടിടം പണിയുന്നത്. 1.54 കോടി രൂപയ്ക്കാണ് കരാർ നൽകിയത്. 2019 ജൂൺ 16-ന് അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ കെട്ടിടത്തിനു തറക്കല്ലിട്ടു. 2020-ൽ പണി പൂർത്തിയാക്കി ഓഫീസ് ഉദ്ഘാടനം നടത്തുമെന്ന് ശിലാസ്ഥാപനം നിർവഹിച്ചശേഷം അദ്ദേഹം പ്രഖ്യാപിച്ചു. തടാകതീരത്തെ നിർമാണം മണ്ണൊലിപ്പിനു കാരണമാകുമെന്ന വാദം ഉയർത്തിയുണ്ടായ പ്രതിഷേധം തുടക്കത്തിൽ പണിക്കു തടസ്സമായി. വശങ്ങൾ ഭിത്തികെട്ടി സംരക്ഷിച്ചതോടെ പ്രതിഷേധം ശമിച്ചു. എന്നിട്ടും ആദ്യഘട്ട പണികൾ നടത്തി കരാറുകാരൻ ഉപേക്ഷിച്ചു. പിന്നീട് കരാറുകാരനെ ഒഴിവാക്കി. എസ്റ്റിമേറ്റ് പുതുക്കി വീണ്ടും കരാർ നൽകി പണികൾ പുനരാരംഭിച്ചു. എന്നാൽ വർഷങ്ങളെടുത്തിട്ടും ഭൂരിഭാഗം പണികളും ശേഷിക്കുകയാണ്. ഒരുവർഷമെങ്കിലും എടുക്കാതെ ഓഫീസ് പ്രവർത്തനത്തിന് ഉതകുന്നതരത്തിലുള്ള കെട്ടിടമാകില്ല. വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന എക്സൈസ് റേഞ്ച് ഓഫീസും സി.ഐ. ഓഫീസും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുകയെന്ന ലക്ഷ്യവുമായാണ് കെട്ടിടംപണി തുടങ്ങിയത്. ഓരോ വർഷവും ലക്ഷങ്ങളാണ് രണ്ട് ഓഫീസുകൾക്കുമായി വാടകയിനത്തിൽ സർക്കാർ നൽകുന്നത്. കെട്ടിടം പണിക്ക് ജനപ്രതിനിധിയുടെയും രാഷ്ട്രീയക്കാരുടെയും സമ്മർദമുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. Published: 14 May 2026, 01:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
