പുതിയ കലുങ്ക് നിർമിക്കും To advertise here, മുല്ലശ്ശേരി : വർഷങ്ങളായി പാടൂർ വാണീവിലാസം റോഡിൽ തുടരുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി. പാടൂർ- അഞ്ചാംകല്ല് റോഡിൽ പഴയ നുസ്സി ബേക്കറിക്കുസമീപം നിലവിലെ കലുങ്ക് പൊളിച്ച് വീതികൂട്ടി പുതിയത് നിർമിക്കും. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പൊതുമരാമത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. വെങ്കിടങ്ങ് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽനിന്നു വരുന്ന വെള്ളം വാണീവിലാസം സ്കൂളിനു സമീപത്താണ് കെട്ടിനിൽക്കാറ്. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു. ഇതിനെത്തുടർന്ന് മുല്ലശ്ശേരി പഞ്ചായത്ത് നടപടിയെടുക്കുകയായിരുന്നു. നിലവിൽ കലുങ്കിന്റെ അടിയിൽ രണ്ടു ഓവുകൾ വഴിയാണ് വെള്ളം ഒഴുകിപ്പോകുന്നത്. ഇതു മാറ്റി വീതി കൂടുതലുള്ള കലുങ്ക് നിർമിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. ദേശീയപാത 66-ലേക്കും സമീപത്തെ സ്കൂളുകളിലേക്കും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡായതിനാൽ ഗതാഗതം തടസ്സപ്പെടാതിരിക്കാൻ വെങ്കിടങ്ങ്, മുല്ലശ്ശേരി പഞ്ചായത്ത് അധികൃതർ യോഗം ചേരും. ഒരു മാസം നീണ്ട പണിയുള്ളതിനാൽ ഗതാഗതം തടസ്സപ്പെടാതെ ബദൽ സംവിധാനം ഒരുക്കുന്നതിന്, സമീപത്തുള്ള റോഡുകൾ ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻദാസ്, വൈസ് പ്രസിഡന്റ് കെ.വി. ഷിജു, പഞ്ചായത്ത് അംഗങ്ങളായ രാജശ്രീ ഗോപകുമാർ, പി.കെ. പ്രസാദ്, ശ്രീദേവി ഡേവിസ്, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലപരിശോധന നടന്നത്. Published: 14 May 2026, 03:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
