കലഞ്ഞൂർ : കാട്ടാനക്കൂട്ടം സ്ഥിരമായി ആക്രമണം നടത്തുന്ന കുളത്തുമണ്ണിൽ വീണ്ടും പുലിയിറങ്ങി. ചൊവ്വാഴ്ചരാത്രി കുറ്റിക്കാട്ട് മുരുപ്പിൽ സുജയുടെ വീടിന് സമീപം കെട്ടിയിട്ടിരുന്ന പശുക്കിടാവിനെയാണ് പുലി കൊന്നത്. പശുക്കിടാവിന്റെ പിൻഭാഗവും കാലിലും വലിയ മുറിവുണ്ട്. ബുധനാഴ്ച രാവിലെയാണ് പശുക്കിടാവിനെ ചത്തനിലയിൽ കണ്ടത്. ഒരുമാസം മുൻപ് ഇവിടെനിന്ന് ആടിനെ പുലി പിടിച്ചിരുന്നു. ആക്രമണത്തിന്റെ സ്വഭാവവും മൃഗത്തിന്റെ ശരീരത്തിലെ മുറിവുകളും പരിശോധിച്ച നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പുലിയുടെ ആക്രമണമാണെന്ന നിഗമനത്തിലാണ്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ആശങ്കയും പ്രതിഷേധവും ഉയർന്നു. To advertise here, കുളത്തുമൺ മേഖല കഴിഞ്ഞ കുറെ നാളുകളായി കാട്ടാനകളുടെ സ്ഥിരം സഞ്ചാരപാതയായി മാറിയിരിക്കുകയാണ്. രാത്രിയാകുമ്പോൾ ജനങ്ങൾ വീടുകളിൽ ഭയത്തോടെ കഴിയുന്ന അവസ്ഥയാണ്. കൃഷിനാശം, വേലികൾ തകർക്കൽ, കൃഷിയിടങ്ങൾ ചവിട്ടിമെതിക്കൽ, വീട്ടുവളപ്പുകളിലേക്ക് കാട്ടാനകൾ എത്തുന്നത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇവിടെ പതിവായി മാറിയിട്ടുണ്ട്. നിരവധി കർഷകരുടെ വാഴ, കപ്പ, തെങ്ങ് തുടങ്ങിയ കൃഷികൾ ഇതിനകം നശിപ്പിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിച്ചു സംഭവത്തിന് പിന്നാലെ വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. വീടിനോട് ചേർന്ന സ്ഥലത്ത് നിരീക്ഷണക്യാമറകൾ സ്ഥാപിക്കുകയും രാത്രി പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. താത്കാലികനടപടികൾകൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഓരോ ആക്രമണത്തിനുംശേഷം ഉദ്യോഗസ്ഥർ വരും, പരിശോധന നടത്തും, ക്യാമറ സ്ഥാപിക്കും ചിലയിടത്ത് കൂട് വെക്കും. പക്ഷേ, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥിരമായ സംവിധാനം വേണമെന്നാണ് ആവശ്യം. സർക്കാർ അടിയന്തരമായി ഇടപെട്ട് സ്ഥിരപരിഹാരം കണ്ടെത്തണമെന്ന് അവർ പറയുന്നു. Published: 14 May 2026, 02:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
