വെങ്ങോലയിൽ കുടിവെള്ളപ്രശ്നത്തിന് പരിഹാരമില്ല To advertise here, പെരുമ്പാവൂർ : വെങ്ങോല പഞ്ചായത്തിൽ കുടിവെള്ളമെത്തിക്കുന്ന കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനായി റോഡരികിൽ പൈപ്പുകൾ ഇറക്കിയിട്ടിട്ട് മൂന്നുകൊല്ലമാവുന്നു. 2023-ൽ ഇറക്കിയ പുതിയ പൈപ്പുകൾ സ്ഥാപിച്ചില്ലെന്ന് മാത്രമല്ല, വർഷങ്ങളായി വെങ്ങോല നിവാസികളുടെ കുടിവെള്ളപ്രശ്നം തീരാദുരിതമായി തുടരുകയും ചെയ്യുന്നു. പഴയ പൈപ്പുകൾ പൊട്ടി ജലവിതരണം മുടങ്ങുന്നത് പതിവായിരിക്കുകയാണ്. പമ്പിങ് മെയിൻ ലൈനുകൾ പൊട്ടുന്നതുകൊണ്ട് ദിവസങ്ങൾക്കുശേഷമാണ് ഓരോതവണയും ജലവിതരണം പുനരാരംഭിക്കുന്നത്. നിയോജകമണ്ഡലത്തിൽ ഏറ്റവുമധികം കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്താണ് വെങ്ങോല. പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിനുവേണ്ടി റോഡ് കുത്തിപ്പൊളിക്കാൻ പൊതുമരാമത്ത് വകുപ്പിന് 1.85 കോടി രൂപയും നഗരസഭയ്ക്ക് 85 ലക്ഷം രൂപയും ജല അതോറിറ്റി നൽകണം. ജല അതോറിറ്റിക്ക് ഫണ്ടില്ലാത്തതാണ് പണികൾ തുടങ്ങാത്തതിന് കാരണമായി പറയുന്നത്. ബി.എം.ബി.സി. നിലവാരത്തിൽ നിർമിച്ച റോഡുകൾ പൈപ്പ് സ്ഥാപിക്കുന്നതിനുവേണ്ടി പൊളിക്കാൻ അനുവദിക്കില്ലെന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. എം.എൽ.എ.യായിരുന്ന എൽദോസ് കുന്നപ്പിള്ളിയും ജില്ലാ കളക്ടറും ഇടപെട്ട് ഇക്കാര്യത്തിൽ പലവട്ടം ചർച്ചനടത്തിയെങ്കിലും ഫലമുണ്ടായില്ല. കാഞ്ഞിരക്കാട്ടെ ജലശുദ്ധീകരണ പ്ലാന്റിൽനിന്ന് വെങ്ങോല പഞ്ചായത്തിലെ ചുണ്ടമലയിലേക്ക് ഏഴുകിലോമീറ്റർ ദൂരത്തിലാണ് പുതിയ പൈപ്പുകൾ സ്ഥാപിക്കേണ്ടത്. നഗരസഭയ്ക്കും പൊതുമരാമത്ത് വകുപ്പിനും കീഴിലുളള റോഡിലൂടെയാണ് പൈപ്പുകൾ പോകുന്നത്. പുതിയ സർക്കാരും പുതിയ എം.എൽ.എ.യും വന്ന സാഹചര്യത്തിൽ എത്രയുംവേഗം പ്രശ്നത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് വെങ്ങോല നിവാസികൾ. Published: 14 May 2026, 03:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
