തകർന്നത് പുനർനിർമിച്ച പൊഴിയൂർ - നീരോടി റോഡ് To advertise here, പുലിമുട്ട് നിർമിക്കണമെന്നആവശ്യം ശക്തമാകുന്നു പാറശ്ശാല : പൊഴിയൂർ തീരത്ത് ചൊവ്വാഴ്ചയുണ്ടായ ശക്തമായ കടലേറ്റത്തിൽ പൊഴിയൂർ-നീരോടി റോഡ് വീണ്ടും തകർന്നു. നേരത്തെ കടലേറ്റത്തിൽ തകർന്ന റോഡ് മൂന്ന് മാസം മുൻപാണ് ഭാഗികമായി പുനർനിർമിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പൊഴിയൂർ തീരത്ത് വലിയതോതിൽ കടലേറ്റമുണ്ടായത്. പൊഴിയൂർ പൊഴിക്കര ഫിഷ് ലാൻഡിങ് മേഖലയിൽ വലിയ തോതിൽ കടൽ കയറി. കടലേറ്റത്തിൽ കരയിൽ സൂക്ഷിച്ചിരുന്ന നിരവധി വള്ളങ്ങൾക്ക് കേട് പറ്റിയതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പൊഴിയൂർ തെക്കേ കൊല്ലങ്കോട് മേഖലയിലാണ് വലിയ തോതിൽ കടലേറ്റമുണ്ടായത്. നീരോടി റോഡ് തകർന്നതോടെ പൊഴിയൂർ-നീരോടി ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ആറു മാസം മുൻപ് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായുണ്ടായ കടലേറ്റത്തിൽ പൊഴിയൂർ-നീരോടി റോഡ് തകർന്നിരുന്നു. കടലിനോട് ചേർന്നുള്ള ഭാഗത്ത് ജിയോബാഗ് അടുക്കി സംരക്ഷണഭിത്തി നിർമിച്ച ശേഷമാണ് റോഡ് പുനർനിർമിച്ചത്. നിർമാണ വേളയിൽ തന്നെ വീണ്ടും കടലേറ്റമുണ്ടായാൽ റോഡ് വീണ്ടും തകരുമെന്ന ആശങ്ക പ്രദേശവാസികൾ ഉയർത്തിയിരുന്നു. ശക്തമായ കടലേറ്റത്തെ തടയുന്നതിന് ജിയോ ബാഗിന് സാധിക്കില്ലായെന്നും പകരം കടൽഭിത്തി നിർമിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ഇത് അവഗണിച്ചു. അഞ്ച് വർഷം മുൻപ് തമിഴ്നാടിന്റെ ഭാഗത്ത് തീരം സംരക്ഷിക്കുന്നതിനായി പുലിമുട്ട് നിർമാണം നടത്തിയിരുന്നു. നിർമാണം പൂർത്തിയായതോടെ പൊഴിയൂർ തീരം പൂർണമായും കടലെടുത്ത് നശിച്ചു. ജനവാസ മേഖലയിലേക്ക് കടൽ കയറിത്തുടങ്ങിയതോടെ പ്രതിഷേധം ശക്തമാകുകയും തുടർന്ന് കടൽഭിത്തി നിർമാണം ആരംഭിക്കുകയും ചെയ്തെങ്കിലും ശക്തമായ കടലാക്രമണത്തെ തടയാനായില്ല. Published: 14 May 2026, 01:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
