പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ തുടർന്ന് ഷാദി ഡോട്ട് കോമിലെയും (Shaadi.com) പീപ്പിൾ ഗ്രൂപ്പിലെയും ജീവനക്കാർക്ക് ആഴ്ചയിലൊരിക്കൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് സ്ഥാപകനും സിഇഒയുമായ അനുപം മിത്തൽ. ആഗോള തലത്തിൽ ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും വർക്ക് ഫ്രം ഹോം പോളിസികൾ സ്വീകരിക്കുന്നതിന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിത്തലിന്റെ പ്രഖ്യാപനം. To advertise here, കമ്പനിയിലെ 500 ഓളം ജീവനക്കാർക്ക് ഇനി മുതൽ എല്ലാ ആഴ്ചയിലെയും ബുധനാഴ്ചകളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാവുന്നതാണ്. ഇത്തരത്തിൽ 500 ജീവനക്കാർക്ക് ആഴ്ചയിലൊരു ദിവസം വർക്ക് ഫ്രം ഹോം നൽകുന്നതിലൂടെ പ്രതിവർഷം 30,000 ലിറ്റർ പെട്രോൾ ലാഭിക്കാൻ കഴിയുമെന്ന് അനുപം മിത്തൽ എക്സിൽ കുറിച്ചു. അനുപം മിത്തലിന്റെ ഈ പ്രഖ്യാപനത്തിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഇത് ആശ്വാസമാകുമെന്നും, മറ്റ് കമ്പനികളും ഇത് മാതൃകയാക്കിയാൽ രാജ്യത്ത് ദശലക്ഷക്കണക്കിന് ലിറ്റർ ഇന്ധനം ലാഭിക്കാനും നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും സാധിക്കുമെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. എന്നാൽ എന്തുകൊണ്ട് ഈ തീരുമാനം നേരത്തെ തന്നെ നടപ്പിലാക്കിയില്ല എന്ന് ചോദിക്കുന്നവരും ഉണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഇന്ധന ഉപഭോഗം കുറയ്ക്കാനും, വിദേശ യാത്രകൾ പരിമിതപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. അതിർത്തിയിൽ ജീവൻ ബലിയർപ്പിക്കാൻ തയ്യാറാകുന്നത് മാത്രമല്ല രാജ്യസ്നേഹമെന്നും, ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഉത്തരവാദിത്തത്തോടെ ജീവിക്കുകയും രാജ്യത്തോടുള്ള കടമകൾ നിറവേറ്റുകയും ചെയ്യുന്നതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ 50 ശതമാനവും എൽഎൻജിയുടെ (LNG) 60 ശതമാനവും എൽപിജിയുടെ (LPG) ഏതാണ്ട് പൂർണ്ണ ഭാഗവും ഹോർമുസ് വഴിയാണ് രാജ്യത്ത് എത്തുന്നത്. ഈ സാഹചര്യത്തിൽ ഇന്ധന വിലയിലുണ്ടാകുന്ന വർദ്ധനവ് ഇന്ത്യയുടെ വ്യാപാര കമ്മിയെയും കറന്റ് അക്കൗണ്ട് കമ്മിയെയും ദോഷകരമായി ബാധിച്ചേക്കാം. രൂപയുടെ മൂല്യം ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തുന്നതിനും ഇത് കാരണമാകുന്നുണ്ട്. Content Highlights: Following Prime Minister Narendra Modi's appeal to reduce fuel consumption amid the West Asian crisis, Shaadi.com founder Anupam Mittal has implemented a weekly "Work From Home" Wednesday for his 500 employees to save an estimated 30,000 liters of petrol annually. Published: 13 May 2026, 10:56 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
