ഫെൻസിങ് നന്നാക്കാൻ അരലക്ഷം രൂപ വേണം To advertise here, സുൽത്താൻബത്തേരി : നായ്ക്കട്ടിയിൽ ജനവാസകേന്ദ്രത്തിലെത്തി കാട്ടാനയുടെ വിളയാട്ടം. കഴിഞ്ഞദിവസം നായ്ക്കട്ടി ടൗണിന് സമീപത്തും മൂലവയൽഭാഗത്തുമാണ് കാട്ടാനക്കൂട്ടമെത്തിയത്. പ്രവാസിയായ നായ്ക്കട്ടി പ്രണവംവീട്ടിൽ ശ്യാംകുമാറിന്റെ തോട്ടത്തിലാണ് വ്യാപക നാശമുണ്ടാക്കിയത്. ശ്യാംകുമാർ സ്വന്തമായി തോട്ടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന ഫെൻസിങ് വേലിയിലേക്ക് കവുങ്ങുകൾ മറിച്ചിട്ട് തകർത്താണ് ആനക്കൂട്ടം കടന്നത്. 15 കവുങ്ങുകളും നശിപ്പിച്ചു. ഒരാഴ്ച മുൻപും ഇവിടെയെത്തി ഒൻപതുകവുങ്ങുകളും ഫെൻസിങ്ങും നശിപ്പിച്ചിരുന്നു. തൊട്ടടുത്ത് ദേശീയപാതയോടുചേർന്നുള്ള പി.കെ. ബാലകൃഷ്ണന്റെ വീട്ടുമുറ്റത്തും ആനയെത്തി. ഇവരുടെ രണ്ട് തെങ്ങിൻതൈകളും നശിപ്പിച്ചു. വീട്ടുമുറ്റത്തുള്ള മുളകളും ഒടിച്ചിട്ട് നശിപ്പിച്ചനിലയിലാണ്. വെള്ളിയാഴ്ച രാത്രി പ്രദേശത്തെ വി.എം. അബൂബക്കർ, എ.യു. നാസർ എന്നിവരുടെ വീടിനുസമീപത്തും ആനയെത്തി കൃഷികൾ നശിപ്പിച്ചിരുന്നു. തൂക്കുവേലിക്ക് പവറില്ലാ; കിടങ്ങ് കാടുമൂടിയും ബത്തേരി റെയ്ഞ്ചിനുകീഴിൽ നായ്ക്കട്ടി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ വനത്തോടുചേർന്നുള്ള ഈ പ്രദേശത്ത് തൂക്കുവേലിയില്ലാത്ത ഭാഗത്തുകൂടിയാണ് ആനകൾ നാട്ടിലേക്കിറങ്ങുന്നത്. ഇല്ലിച്ചോട് ഭാഗത്ത് തൂക്കുവേലി വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിൽ മതിയായ ശക്തിയിൽ വൈദ്യുതിയില്ലെന്ന് നാട്ടുകാർ പറയുന്നു. തൂക്കുവേലി മൂലവയൽഭാഗത്തേക്കുകൂടി നീട്ടുകയും ശക്തിയിൽ വൈദ്യുതി പ്രവഹിപ്പിക്കുകയും ചെയ്താൽ ആനയെ പ്രതിരോധിക്കാനാകുമെന്ന് നാട്ടുകാർ പറഞ്ഞു. ശ്യാംകുമാറിന്റെ സ്ഥലത്തോടുചേർന്ന് വർഷങ്ങൾക്കുമുൻപ് വനംവകുപ്പ് കിടങ്ങ് നിർമിച്ചിരുന്നു. ഇത് പരിപാലനമില്ലാത്തതിനാൽ കാടുമൂടിയും പലയിടത്തും മണ്ണിടിഞ്ഞ് തൂർന്നനിലയിലുമാണ്. കിടങ്ങ് വൃത്തിയാക്കി സംരക്ഷിച്ചാൽ കാട്ടാന നാട്ടിലേക്കിറങ്ങുന്നത് ഒരു പരിധിവരെ തടയാനാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഒന്നരമാസത്തിനിടെ ആറുതവണയാണ് ഈ പ്രദേശത്ത് ആനശല്യമുണ്ടാകുന്നത്. മുൻപ് മുട്ടിക്കൊമ്പൻ അടക്കമുള്ള ഒറ്റയാനകളാണ് വന്നിരുന്നിരുന്നത്. ഇപ്പോൾ ആനക്കൂട്ടം തന്നെയാണ് വരുന്നതെന്ന് കർഷകർ പറഞ്ഞു. വനാതിർത്തിയിൽ വനംവകുപ്പിന്റെ കാര്യക്ഷമമായ നിരീക്ഷണമില്ലാത്തതും ആനയിറങ്ങുന്നതിന് കാരണമാണ്. ആന വന്ന വിവരം അറിയിച്ചാൽ വനംവകുപ്പ് ഉദ്യോഗസ്ഥരിൽനിന്ന് മതിയായ പ്രതികരണമുണ്ടാകില്ലെന്ന പരാതിയും നാട്ടുകാർക്കുണ്ട്.വെള്ളിയാഴ്ച ആന നശിപ്പിച്ച ഫെൻസിങ് സംവിധാനം പുനഃസ്ഥാപിക്കാൻ ചുരുങ്ങിയത് അരലക്ഷം രൂപയോളം ചെലവുവരും. ഈ വർഷം 92,000 രൂപയിലേറെയാണ് ആന നശിപ്പിച്ച ഫെൻസിങ് നന്നാക്കാനായിമാത്രം ചെലവാക്കിയത്. 22 വർഷംമുൻപാണ് ആനശല്യം കാരണം സ്വന്തമായി ഫെൻസിങ് സ്ഥാപിച്ചത്. ശല്യം പതിവായതോടെ ബത്തേരിയിലേക്ക് താമസം മാറി. ഹോം സ്റ്റേയാക്കിയ വീട്ടിൽ നിലവിൽ ഒരു കുടുംബം വാടകയ്ക്ക് താമസിക്കുകയാണ്. ആന വന്നതോടെ ഇവർ വീട് ഒഴിഞ്ഞു. സഹോദരിയുടെ തോട്ടമുൾപ്പെടെ അഞ്ചേക്കറോളം സ്ഥലത്താണ് കൃഷിയും അതിന് ഫെൻസിങ്ങുമുള്ളത്. ഒരു കാലിന് 750 രൂപയും മൂലകളിലെ കാലിന് രണ്ടായിരംരൂപയും വരും. ഇത് നന്നാക്കാൻ മൂന്നുപേരെങ്കിലുമില്ലാതെ സാധിക്കില്ല. അവരുടെ കൂലിയും കൂട്ടിയാൽ വലിയ ബാധ്യതയാണ് വരുന്നത്. വനംവകുപ്പിൽനിന്ന് ഈ വകയിൽ നഷ്ടപരിഹാരമൊന്നും ലഭിക്കില്ല. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചാൽ ഫോണെടുക്കാറില്ല. ശ്യാംകുമാർ കാട്ടാന കൃഷിനശിപ്പിച്ച സ്ഥലമുടമ Published: 10 May 2026, 03:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.