മിനി സിവിൽസ്റ്റേഷൻ കെട്ടിടനിർമാണം തുടങ്ങി To advertise here, ബാലുശേരി : ബാലുശ്ശേരി ടൗണിലും പരിസരങ്ങളിലുമായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി ബാലുശ്ശേരി പറമ്പിൻ മുകളിൽ മിനി സിവിൽസ്റ്റേഷൻ കെട്ടിടനിർമാണം ആരംഭിച്ചു. 2021 െസപ്റ്റംബർ മാസത്തിൽ കെട്ടിടത്തിന്റെ തറക്കല്ലിടൽ നടന്നെങ്കിലും സാങ്കേതികത്വത്തിൽ അകപ്പെട്ട് നിർമാണം നിലയ്ക്കുകയായിരുന്നു. പറമ്പിൻമുകളിൽ പഴയ വില്ലേജ് ഓഫിസിനു സമീപത്തായി റവന്യൂവകുപ്പിനു കീഴിലുള്ള 72 സെന്റ് സ്ഥലത്താണ് കെട്ടിടനിർമാണ പ്രവൃത്തി ആരംഭിച്ചത്. ആദ്യം ബേസ്മെന്റ് നിലയുടെ നിർമാണമാണ് തുടങ്ങിയത്. കെട്ടിട നിർമാണത്തിന് മണ്ണെടുക്കലുമായി ബന്ധപ്പെട്ട് ആദ്യംകരാറെടുത്ത കമ്പനി സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോയതിനാൽ കരാർകമ്പനിയെ പൊതുമരാമത്തുവകുപ്പുതന്നെ ഒഴിവാക്കുകയായിരുന്നു. റീ ടെൻഡർ നടപടി പൂർത്തിയായി മലപ്പുറത്തെ നിർമാൺ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണപ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനായി 15 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. മുൻപ് ഇവിടെ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫിസ് കെട്ടിടം മൂന്നു വർഷം മുൻപ് കോക്കല്ലൂരിലെ വാടകകെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ടൗണിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന സബ് ട്രഷറി ഓഫീസ്, രജിസ്ട്രാർ ഓഫീസ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസ്, എക്സൈസ് ഓഫീസ്, വൈദ്യുതി ഓഫീസുകൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പറമ്പിൻ മുകളിലുള്ള വനിതാ ശിശുവികസനവകുപ്പ് പ്രോജക്ട് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയ സർക്കാർ ഓഫീസുകളെല്ലാം മിനി സിവിൽ സ്റ്റേഷൻ നിർമാണം പൂർത്തിയാകുന്നതോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് സാധ്യത. പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ചർ വിഭാഗവും ഡിസൈൻ വിഭാഗവും സംയുക്തമായി രൂപകല്പനചെയ്ത കെട്ടിടം രണ്ട് ബേസ്മെന്റ് ഫ്ലോറുകൾ ഉൾപ്പെടെ ആറുനിലകളിൽ പ്രത്യേകം സൗകര്യങ്ങളോടെയാണ് വിഭാവനംചെയ്തിട്ടുള്ളത്. മിനി സിവിൽ സ്റ്റേഷൻ നിർമാണം നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു 2026-നു മുൻപുതന്നെ കെട്ടിടം പൂർത്തീകരിച്ച് മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. മിനി സിവിൽ സ്റ്റേഷൻ വരുന്നത് മുന്നിൽകണ്ടുകൊണ്ട് പറമ്പിൻ മുകൾ സംസ്ഥാനപാതയ്ക്കരികിൽ സ്വകാര്യവ്യക്തികളുടെ കെട്ടിടങ്ങൾ ഇതിനകം തലപൊക്കിത്തുടങ്ങിയിട്ടുണ്ട്.
