ഗുവാഹത്തിയില്‍നിന്ന് പ്രവീണ്‍ കൃഷ്ണന്‍ Last Updated: 08 April 2026, 02:12 PM IST വിജയ് ഗുപ്ത, കുങ്കി ചൗധരി | ഫോട്ടോ: സാബു സ്കറിയാച്ചൻ അ സമിന്റെ നഗരവത്കൃത മുഖമാണ് ഗുവാഹാട്ടി സെൻട്രൽ മണ്ഡലം. ബി.ജെ.പിക്ക് സ്വാധീനമുള്ള നഗരഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഗുവാഹാട്ടി സെൻട്രലിൽ പാർട്ടി അനായാസ വിജയപ്രതീക്ഷ വച്ചുപുലർത്തിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഈ മണ്ഡലം ശക്തമായ മത്സരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. മാത്രമല്ല കുറച്ചുകാലമായി തണുത്തുകിടന്നിരുന്ന 'അസമികളും അസമികളല്ലാത്തവരും' എന്ന രീതിയിലുളള ചർച്ചകൾ വീണ്ടും ചെറുതായി ഉയരുന്നതിനും ഈ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം കാരണമായിരിക്കുന്നു. To advertise here, കോൺഗ്രസിന്റെ സഖ്യകക്ഷിയായ അസം ജാതിയ പരിഷത്തിന്റെ (എ.ജെ.പി) സ്ഥാനാർഥിയായി ലണ്ടനിൽ വിദ്യാഭ്യാസം പൂർത്തിയാക്കി എജ്യുക്കേഷൻ ലീഡർഷിപ്പിൽ മാസ്റ്റർ ബിരുദമെടുത്ത കുങ്കി ചൗധരി എന്ന 27 -കാരി രംഗത്തെത്തിയതോടെയാണ് ഗുവാഹാട്ടി സെൻട്രലിൽ മത്സര ചിത്രം കടുത്തത്. ശക്തികേന്ദ്രമായി കരുതുന്ന ഈ മണ്ഡലത്തിൽ മുതിർന്ന പാർട്ടി നേതാവ് വിജയ് കുമാർ ഗുപ്തയേ ആണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. ഉത്തരേന്ത്യൻ കുടുംബ പശ്ചാത്തലത്തിൽനിന്നാണ് വിജയ് കുമാർ ഗുപ്ത. സിറ്റിങ് എം.എൽ.എ. സിദ്ധാർത്ഥ ഭട്ടാചാര്യക്ക് സീറ്റ് നിഷേധിച്ചാണ് ബിജെപി ഇത്തവണ പാർട്ടിയിൽ ദീർഘകാലം വിവിധ പദവികൾ വഹിച്ചിട്ടുള്ള മുതിർന്ന നേതാവായ ഗുപ്തക്ക് സീറ്റ് നൽകിയത്. അസം നിയമസഭാ തിരഞ്ഞെടുപ്പിൽ സെൻട്രൽ ഗുവാഹട്ടി മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥി വിജയ് ഗുപ്ത അംബാരി ദുർഗ ക്ഷേത്രത്തിനു സമീപം യോഗത്തിൽ സംസാരിക്കുന്നു.ഫോട്ടോ:സാബു സ്കറിയാച്ചൻ ഗുവാഹാട്ടിയിലെ സാമൂഹിക സാമ്പത്തിക രംഗത്ത് വലിയ സ്വാധീന ശക്തിയുള്ള കുടുംബത്തിൽനിന്നാണ് കുങ്കി ചൗധരി. മുതിർന്ന നേതാവായ വിജയ് കുമാർ ഗുപ്തയും പ്രചാരണത്തിലടക്കം ആധുനീക ശൈലി അവലംബിക്കുന്ന കുങ്കി ചൗധരിയും തമ്മിലുള്ള മത്സരം പരിചയ സമ്പത്തും യുവത്വവും തമ്മിലുള്ള ഏറ്റമുട്ടലിന്റെ കാഴ്ചയായി മാറിക്കഴിഞ്ഞു. ഗുവാഹാട്ടി സെൻട്രലിലെ വോട്ടർമാരിൽ പകുതിയോളം വരും നഗരത്തിലെ വ്യാപാരമേഖലയിൽ കാലങ്ങളായി സ്ഥാനം ഉറപ്പിച്ചിട്ടുള്ള മാർവാഡികളടക്കമുള്ള ഉത്തരേന്ത്യൻ സമൂഹം. ബിജെപിക്ക് പരമ്പരാഗതമായി ഈ വോട്ടർമാർക്കിടയിൽ അടിത്തറയുണ്ട്്. വർദ്ധിച്ചുവരുന്ന ഉത്തരേന്ത്യൻ സ്വാധീനത്തിനെതിരേയുളള തദ്ദേശീയ അസം വികാരം തിരഞ്ഞെടുപ്പിൽ അടിയൊഴുക്കായി ഈ മണ്ഡലത്തിൽ പ്രതിഫലിക്കുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പ്രകടമായി ഈ വിഷയം എജെപി ഉൾപ്പടെ ആരും ഉന്നയിക്കുന്നില്ല. ഓൾ അസം സ്റ്റുഡന്റസ് യൂണിയനിലേയും അസം ജാതിയതബാദി യുവ ഛാത്ര പരിഷത്തിലേയും മുൻ നേതാക്കൾ ചേർന്ന് 2020 -ൽ രൂപം കൊടുത്ത അസം ജാതിയ പരിഷദ് അസമി സ്വത്വത്തിൽ ഊന്നൽ നൽകുന്ന പാർട്ടിയാണ്. അസം നിയമസഭാ തിരഞ്ഞെടുപ്പിൽ സെൻട്രൽ ഗുവാഹാട്ടി മണ്ഡലത്തിലെ അസം ജാതീയ പരിഷദ് - കോൺഗ്രസ് സഖ്യ സ്ഥാനാർഥി കുംകി ചൗധരി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ. ഫോട്ടോ സാബു സ്കറിയാച്ചൻ എജെപി സ്ഥാനാർഥി കുങ്കി ചൗധരി ഇത്തരം വിഷയങ്ങൾക്ക്് പചാരണത്തിൽ പ്രാധാന്യം നൽകുന്നില്ല. ഗുവാഹാട്ടി നഗരത്തിലെ ജനകീയ പ്രശനങ്ങളാണ് അവർ ഉന്നയിക്കുന്നത്. ഗുവാഹാട്ടിയിൽ ഒരു മഴ പെയ്താൽ പിന്നെ വെള്ളക്കെട്ടാണ്. ഇത് പരിഹരിക്കണ്ടേ. പാർക്കിങ്ങിനുള്ള ബുദ്ധിമുട്ട് കണ്ടില്ലേ. ഹൈ ടെക് പാർക്കിങ്ങ് സൗകര്യം കൊണ്ടുവരണ്ടേിയിരിക്കുന്നു. വീടുകളിലേക്ക് പരമാവധി വാതക പൈപ്പ് ലൈൻ കണക്ഷൻ . വൃത്തിയും പച്ചപ്പുമുളള സെൻട്രൽ ഗുവാഹാട്ടി. യുവാക്കൾക്ക് നൈപുണ്യ പരിശീലനത്തിനും തൊഴിലവസരങ്ങൾക്കുമുള്ള സംവിധാനങ്ങൾ. ഇതൊക്കെയാണ് താൻ മുന്നോട്ടുവെക്കുന്നത്. എ.കെ ദേവ് റോഡിൽ പ്രചാരണത്തിനിടെ കണ്ടപ്പോൾ കുങ്കി ചൗധരി പറഞ്ഞു. യുവജനങ്ങളേയും വിദ്യാർഥികളേയും കേന്ദ്രീകരിച്ചും പരമാവധി വീടുകൾ സന്ദർശിച്ചുമാണ് കുങ്കി ചൗധരിയുടെ പ്രചാരണം. സാൂഹിക മാധ്യമ പ്രചാരണത്തിന് പ്രൊഫഷണൽ സംഘവും അവർക്കൊപ്പം സജീവമാണ്. എന്നാൽ പാർട്ടി ശക്തികേന്ദ്രത്തിൽ വിജയമുറപ്പാണെന്ന വിശ്വാസത്തിലാണ് ബിജെപി സ്ഥാനാർത്ഥി വിജയ് കുമാർ ഗുപ്ത. ബിജെപി സംഘടന സംവിധാനം ഗുപ്തക്ക് വേണ്ടി പൂർണതോതിൽ സജീവമാണ്. ബൂത്ത് തല യോഗങ്ങളും ഒക്കയായി പരമ്പരാഗത പ്രചാരണ രീതിയാണ് ഗുപ്ത അവലംബിക്കുന്നത്്. ആംബാരിയിലെ യോഗസ്ഥലത്ത് ഗുവാഹാട്ടിയുടേയും അസമിന്റേയും വികസനത്തിന് വോട്ട് ചോദിച്ച് ഗുപ്തയുടെ ഹ്രസ്വപ്രസംഗം. അസമിനെ സ്നേഹിക്കാത്തവരാണ് അസമികളും അസം ഇതരരും എന്ന ഇല്ലാത്ത വിവാദം കുത്തിപ്പൊക്കുന്നതെന്നാണ് ഗുപ്ത പറയുന്നത്. അസമിൽ ജനിച്ചുവളർന്ന തന്റെ, രാഷ്ടീയ സാമൂഹിക മേഖലകളിലെ ദീർഘകാല പ്രവർത്തനവും ഗുപ്ത ഓർമ്മിപ്പിക്കുന്നുണ്ട്. കൈവിട്ട വാക്കുകൾ അതിനിടെ പ്രചാരണത്തിനിടെ സെൻട്രൽ ഗുവാഹാട്ടിയിലെ പ്രതിപക്ഷ സ്ഥാനാർഥിയായ കുങ്കി ചൗധരിയുടെ കുടുംബത്തെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നടത്തിയ ആരോപണങ്ങൾ അവസാന ഘട്ടത്തിൽ തിരിച്ചടിയാകുമോ എന്ന ആശങ്ക എൻഡിഎ ക്യാമ്പിൽ ഉയർന്നിട്ടുണ്ട്. ഗുവാഹട്ടിയിലെ സാമൂഹിക സാമ്പത്തിക രംഗത്ത് വലിയ സ്വാധീനമുള്ള കുടുംബമാണ് കുങ്കിയുടേത്. ഇതിനിടെയാണ് കുങ്കിയുടെ അമ്മ സുജാത ഗുരുങ്ങ് ചൗധരിക്കെതിരെ ആരോപണവുമായി ഹിമന്ത രംഗത്തെത്തിയത്. ബീഫ് കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങൾ സുജാത ഗുരുങ്ങ് ചൗധരി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതായും ഉമർ ഖാലിദിനേയും മറ്റും പിന്തുണക്കുന്ന നിലപാടാണ് അവരുടേത് എന്നുമായിരുന്നു ഹിമന്തയുടെ ആരോപണം. ബീഫ് കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ നിലവിലുള്ള അസം കന്നുകാലി സംരക്ഷണനിയമ പ്രകാരം കേസെടുക്കുമെന്നും ഹിമന്ത പറഞ്ഞിരുന്നു. എന്നാൽ കുങ്കി ചൗധരിയും അമ്മ സുജാത ഗുരുങ്ങ് ചൗധരിയും ഇത് നിഷേധിക്കുകയും ഹിമന്ത വ്യാജ പ്രചാരണം നടത്തുകയാണെന്ന് പറയുകയും ചെയ്തിരുന്നു. താൻ ബംഗാളിൽ ജനിച്ച് വളർന്ന ഇന്ത്യൻ വംശജയായ ഗോർഖ സമുദായത്തിൽ പെടുന്ന വ്യക്തിയും വിവാഹ ശേഷം അസമിന്റെ മരുമകളുമാണെന് സുജാത ഗുരുങ്ങ് ചൗധരി പറഞ്ഞു. രാഷ്ടീയ രംഗത്ത് ഇല്ലാത്ത സുജാത ഗുരുങ്ങ് ചൗധരിക്കെതിരേ ഹിമന്തയുടെ പരാമർശങ്ങൾ അനവസരത്തിലാണെന്നും സംസ്ഥാനത്തെ പല ജനവിഭാഗങ്ങളിലും ഇത് അസ്വസ്ഥത സൃഷ്ടിച്ചതായുമുള്ള തോന്നൽ ബി.ജെ.പി ക്യാമ്പിൽ തന്നെയുണ്ട് Content Highlights: Unexpected intense contest in the BJP stronghold of Guwahati Central., Clash between veteran BJP leader Vijay Kumar Gupta and young AJP candidate Kungi Choudhury., Himanta Biswa Sarma's controversial remarks against the opposition candidate's mother., Focus on urban infrastructure issues like waterlogging and parking versus traditional political rhetoric. Published: 08 Apr 2026, 02:12 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബീഫ് കഴിക്കൽ പ്രോത്സാഹിപ്പിക്കുന്ന ചിത്രം എതിരാളിയുടെ അമ്മ പങ്കുവെച്ചെന്ന് ഹിമന്ത; തിരിച്ചടിയാകുമോ?
M
MathrubhumiSource Link
about 1 month ago