ഓപ്പൺ എഐയുടെ നിയന്ത്രണം കൈക്കലാക്കി സ്വന്തം മക്കൾക്ക് പാരമ്പര്യസ്വത്തായി നൽകാനായിരുന്നു ഇലോൺ മസ്ക് ആഗ്രഹിച്ചിരുന്നതെന്ന് സിഐഒ സാം ഓൾട്ട്മാൻ. ഓപ്പൺ എഐക്കെതിരെ ഇലോൺ മസ്ക് നൽകിയ കേസിൽ സാക്ഷിമൊഴി നൽകവെയാണ് ഓൾട്ട്മാൻ ഇക്കാര്യം പറഞ്ഞത്. To advertise here, ലാഭരഹിത (Non-Profit) ലക്ഷ്യത്തിൽനിന്ന് ഓപ്പൺ എഐ വ്യതിചലിച്ചുവെന്ന് മസ്ക് ഇപ്പോൾ വിമർശിക്കുന്നുണ്ടെങ്കിലും മുമ്പ് കമ്പനിയുടെ നിയന്ത്രണം തന്നിലേക്ക് കേന്ദ്രീകരിക്കാൻ അദ്ദേഹം സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് വാദിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഒരിക്കൽ ഇലോൺ മസ്ക് ഓപ്പൺ എഐയിൽ നിയന്ത്രണാധികാരമുള്ള ഓഹരികൾ ആവശ്യപ്പെട്ടിരുന്നുവെന്നും ഭാവിയിൽ അത് മക്കൾക്ക് നൽകുന്നതിനെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്തിരുന്നുവെന്നും ഓൾട്ട്മാൻ പറഞ്ഞു. മസ്കിന് ദീർഘകാല നിയന്ത്രണാധികാരമുള്ള ഓഹരിപങ്കാളിത്തം എന്ന ആശയം തനിക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കിയെന്ന് ഓൾട്ട്മാൻ കോടതിയിൽ പറഞ്ഞു. മറ്റ് സഹസ്ഥാപകർക്കും ഇതേ ആശങ്കകളുണ്ടായിരുന്നു. താൻ മരിച്ചാൽ തന്റെ നിയന്ത്രണാധികാരമുള്ള ഓഹരികൾക്ക് എന്തുസംഭവിക്കുമെന്ന് സഹസ്ഥാപകർ മസ്കിനോട് ചോദിച്ചപ്പോൾ ലഭിച്ച മറുപടി തൃപ്തികരമായിരുന്നില്ല. തന്റെ നിയന്ത്രണാധികാരമുള്ള ഓഹരികളും വോട്ടവകാശവും ഒരുപക്ഷേ മക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടേക്കാമെന്ന് മസ്ക് സൂചിപ്പിച്ചതായി ഓൾട്ട്മാൻ മൊഴി നൽകി. മസ്കിന്റെ ഈ രീതികൾ കമ്പനിയിലെ ഗവേഷകരുടെ മനോവീര്യം നഷ്ടപ്പെടുത്തിയെന്നും എന്നാൽ അദ്ദേഹം പോയതോടെ മനോവീര്യം വർധിക്കുകയാണുണ്ടായതെന്നും ഓൾട്ട്മാൻ പറഞ്ഞു. മസ്കിന് ഒരു റിസർച്ച് ലാബ് എങ്ങനെ നടത്തണമെന്ന് അറിയില്ലായിരുന്നുവെന്നാണ് താൻ മനസിലാക്കുന്നതെന്ന് ഓൾട്ട്മാൻ പറയുന്നു. ഗവേഷകരെ തരംതിരിക്കാനും അതിൽ ചിലരെ പിരിച്ചുവിടാനും വരെ മസ്ക് ഒരിക്കൽ നിർദേശം നൽകിയിരുന്നുവെന്നും ആ നീക്കം കമ്പനിയെ ബാധിച്ചുവെന്നും അദ്ദേഹം പറയുന്നു. മസ്കും ഓപ്പൺ എഐയും 2015-ൽ സാം ഓൾട്ട്മാൻ, ഇലോൺ മസ്ക്, ഇല്യ സുറ്റ്സ്കേവർ, ഗ്രെഗ് ബ്രോക്മാൻ, വൊയ്ജെക് സറേമ്പ, ജോൺ ഷുൾമാൻ എന്നിവർ ചേർന്നാണ് ഓപ്പൺ എഐയ്ക്ക് തുടക്കമിട്ടത്. ലാഭരഹിത സ്ഥാപനമായി പ്രവർത്തിക്കുന്ന കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധി ഓപ്പൺ എഐ നേരിട്ടിരുന്നു. ശക്തമായ കംപ്യൂട്ടിങ് ശേഷിയും വലിയ ഫണ്ടിങ്ങും ലഭിക്കണമെങ്കിൽ ശതകോടികളുടെ നിക്ഷേപം വേണമെന്നും ലാഭരഹിത സ്ഥാപനമായി പ്രവർത്തിച്ചാൽ അത് സാധിക്കില്ലെന്നും മസ്ക് കരുതി. 2017-ൽ അദ്ദേഹം ഓപ്പൺ എഐയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനും സിഇഒ ആവാനും ശ്രമിച്ചിരുന്നു. കമ്പനിയെ ടെസ്ലയുമായി ലയിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഓപ്പൺ എഐയുടെ ഗവേഷണത്തെ ടെസ്ലയുടെ സെൽഫ് ഡ്രൈവിങ് സാങ്കേതിക വിദ്യയ്ക്ക് വേണ്ടി ഉപയോഗിക്കാനും മസ്ക് പദ്ധതിയിട്ടു. എന്നാൽ മസ്കിന്റെ ഈ ശ്രമങ്ങളെ സാം ഓൾട്ട്മാനും മറ്റ് സഹസ്ഥാപകരും എതിർത്തു. അതേസമയം ലാഭരഹിത സ്ഥാപനം എന്നതിൽനിന്ന് മാറി പരിധിക്കുള്ളിൽനിന്ന് ലാഭം നേടുന്ന കമ്പനിയായി (Capped-Profit) ഓപ്പൺ എഐയെ മാറ്റാനുള്ള ശ്രമം അന്ന് തന്നെ നടന്നിരുന്നു. തുടക്കത്തിൽ മസ്കും ഇതിന് അനുകൂലമായിരുന്നെങ്കിലും നിയന്ത്രണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് അദ്ദേഹം അതിൽനിന്ന് പിന്മാറി. തന്റെ ആവശ്യങ്ങൾ സഹസ്ഥാപകർ അംഗീകരിക്കുന്നില്ലെന്ന് കണ്ടതോടെയാണ് 2018-ൽ മസ്ക് ഓപ്പൺ എഐയിൽനിന്ന് രാജിവെച്ചത്. മസ്ക് വിട്ടുപോയതോടെ കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധിയിലായെങ്കിലും പിന്നീട് 2019-ൽ മൈക്രോസോഫ്റ്റ് 100 കോടി ഡോളർ നിക്ഷേപവുമായി എത്തിയതോടെയാണ് ഓപ്പൺ എഐ ഇന്നത്തെ രീതിയിലുള്ള വലിയ വളർച്ചയിലേക്ക് മാറിയത്. 2019-ൽ കാപ്പ്ഡ് പ്രോഫിറ്റ് സ്ഥാപനമായും പിന്നീട് പൂർണ ലാഭം ലക്ഷ്യമിട്ടുള്ള ഫോർ പ്രോഫിറ്റ് സ്ഥാപനമായും ഓപ്പൺ എഐ മാറി. ചാറ്റ് ജിപിടിയിലൂടെ വലിയ വിപ്ലവമുണ്ടാക്കി ഓപ്പൺ എഐ മുൻനിരയിലേക്ക് വന്നതോടെയാണ് മസ്ക് കമ്പനിക്കെതിരെ നിരന്തരം ആരോപണങ്ങളുമായി വന്നുതുടങ്ങിയത്. അതിനിടെ, അന്ന് ഓപ്പൺ എഐയിൽ മുന്നോട്ട് വെച്ച ആശയങ്ങൾ നടപ്പാക്കുന്നത് പോലെ സ്വന്തമായി എക്സ്എഐ എന്ന കമ്പനിക്കും മസ്ക് തുടക്കമിട്ടു. ഓപ്പൺ എഐയ്ക്കെതിരായ കേസ് കമ്പനി അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽനിന്ന് വഴിമാറിയെന്നാണ് മസ്കിന്റെ ആരോപണം. മാനുഷ്യരാശിക്ക് പ്രയോജനം ചെയ്യുന്ന, അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ഒരു പൊതുതാത്പര്യ ദൗത്യം പോലെയാണ് ഓപ്പൺ എഐ യഥാർത്ഥത്തിൽ ഒരു ലാഭേച്ഛയില്ലാത്ത സംഘടനയായി സൃഷ്ടിക്കപ്പെട്ടതെന്ന് മസ്ക് വാദിക്കുന്നു. എന്നാൽ ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്കുള്ള ഓപ്പൺ എഐയുടെ മാറ്റം ആ വാഗ്ദാന ലംഘനമാണെന്ന് മസ്ക് ആരോപിക്കുന്നു. ഓൾട്ട്മാൻ ഉൾപ്പെടെയുള്ള ഓപ്പൺ എഐയുടെ നേതൃത്വം ഈ അവകാശവാദങ്ങളെ ശക്തമായി എതിർത്തു. ശക്തമായ നിർമിത ബുദ്ധി (AI) സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് ആവശ്യമായ ഭീമമായ ഫണ്ട് ഉറപ്പാക്കാൻ ലാഭേച്ഛയോടെയുള്ള ഘടനയിലേക്കുള്ള മാറ്റം അനിവാര്യമായിരുന്നുവെന്നാണ് അവരുടെ വാദം. വ്യക്തിപരമായ നേട്ടത്തിനുപരി ഓപ്പൺ എഐയെ വികസിപ്പിക്കാൻ ഇത് സഹായകമായെന്നും അവർ പറയുന്നു.
