കാഞ്ഞങ്ങാട് : മഡിയൻ കൂലോം ക്ഷേത്രപാലകക്ഷേത്ര നവീകരണ പുനഃപ്രതിഷ്ഠാ കലശോത്സവത്തിൽ വ്യാഴാഴ്ച ദേവപ്രതിഷ്ഠ നടക്കും. രാവിലെ 7.34 മുതൽ 9.39 വരെയുള്ള മുഹൂർത്തത്തിലാണ് ദേവപ്രതിഷ്ഠാ കർമം നടക്കുക. ക്ഷേത്രം തന്ത്രി ശ്രീധരൻ വാരിക്കാട്ട് തായർ പ്രതിഷ്ഠാ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. 11-മണിക്ക് മഡിയൻ നാരായണമാരാരുടെ നേതൃത്വത്തിൽ ജില്ലയ്ക്കകത്തും പുറത്തുമുള്ള പ്രഗല്ഭരായ 51 വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം അരങ്ങേറും. വാദ്യകലാകാരന്മാരെ ആദരിക്കുന്ന സദസ്സും പരിപാടിയുടെ ഭാഗമായി നടക്കും. To advertise here, കലശോത്സവസമാപനത്തിന്റെ ഭാഗമായി മേയ് മൂന്നിന് വൈകീട്ട് ആറിന് ലക്ഷംദീപം സമർപ്പണം നടത്തും. പുനഃപ്രതിഷ്ഠാ ഉത്സവത്തിൽ വിവിധ താന്ത്രിക കർമങ്ങൾ നടന്നു. ക്ഷേത്രപാലകൻ, മാഞ്ഞാളി അമ്മ, പെരട്ടൂർ ഭഗവതി എന്നീ ദേവസാന്നിധ്യങ്ങളുടെ ജീവകലശം തന്ത്രി ശ്രീധരൻ വാരിക്കാട്ട് തായരുടെ കാർമികത്വത്തിൽ ശയ്യയിലേക്ക് എഴുന്നള്ളിപ്പും നടന്നു. കുറുന്തൂർ ഭജനസമിതിയുടെ ഭജനയും മഡിയൻ ശ്രീധരമാരാർ, പുല്ലൂർ മോഹനൻമാരാർ എന്നിവരുടെ ഇരട്ട തായമ്പകയും അരങ്ങേറി. കലാപരിപാടികളും നടന്നു. ഭക്തജനകൂട്ടായ്മയുടെ വിജയം ക്ഷേത്ര നവീകരണ കമ്മിറ്റി ചെയർമാൻ കെ.വേണുഗോപാലൻ നമ്പ്യാർ, ജനറൽ കൺവീനർ വി.എം.ജയദേവൻ, പാരമ്പര്യ ട്രസ്റ്റിമാർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപവത്കരിച്ച് 2024-ലാണ് ക്ഷേത്രനവീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. നാലുകോടിയോളം രൂപ ചെലവിട്ടാണ് രണ്ടുവർഷത്തിനുള്ളിൽ നവീകരണപ്രവർത്തി പൂർത്തീകരിച്ചത്. ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തികളായ കാളരാത്രിയമ്മയുടെയും ക്ഷേത്രപാലകനീശ്വരന്റെയും ശ്രീകോവിലടക്കമുള്ള ഭാഗങ്ങൾ പിത്തളപൊതിയൽ, കൊട്ടാരങ്ങളുടെ നവീകരണം, മാഞ്ഞാളിയമ്മ, പെരട്ടൂർ ഭഗവതി എന്നിവയുടെ പള്ളിയറ പുതുക്കിപണിയൽ, കിഴക്കേഗോപുരം പുനർനിർമിക്കൽ, കുളപ്പുര, വണ്ണാർപ്പുര, പടിഞ്ഞാറെ അരയാൽത്തറ എന്നിവയുടെ നവീകരണം തുടങ്ങി ഒട്ടേറെ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്. ഭക്തജനങ്ങൾക്ക് പുറമെ, ക്ഷേത്രവുമായി ബന്ധം പുലർത്തിവരുന്ന കഴകങ്ങളുടെയും ദേവസ്ഥാനങ്ങളുടെയും അകമഴിഞ്ഞ സഹകരണമാണ് കോടികൾ ചെലവഴിച്ചുള്ള നവീകരണത്തിന് കരുത്തേകിയത്. നവീകരണ കമ്മിറ്റിയുടെയും ആഘോഷക്കമ്മിറ്റിയുടെയും അനുബന്ധ കമ്മിറ്റികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനമാണ് ഉത്സവച്ചടങ്ങുകൾക്ക് തുണയായി മാറിയതെന്ന് ഭാരവാഹികൾ പറഞ്ഞു.
