വളപട്ടണം പുഴയിൽനിന്ന് കടത്തുന്നത് ടൺകണക്കിന് മണൽ To advertise here, പാപ്പിനിശ്ശേരി : വളപട്ടണം പുഴയിൽ നിന്നും നിത്യേന കടത്തുന്നത് sൺ കണക്കിന് മണൽ. പറശ്ശിനിക്കടവിനും പാപ്പിനിശ്ശേരി വെസ്റ്റ് ബോട്ട് ജെട്ടിക്കും ഇടയിലാണ് മണലൂറ്റ് സംഘം സജീവമായുള്ളത്. വർഷങ്ങളായി മണലൂറ്റി ലക്ഷങ്ങൾ സമ്പാദിക്കുകയാണ് ഈ സംഘങ്ങൾ. പോലീസും റവന്യൂ വകുപ്പും ചില നടപടികൾ എടുക്കാറുണ്ടെങ്കിലും അതൊന്നും മണലൂറ്റുകാരുടെ കൊള്ളക്ക് ഒരു കുറവും ഉണ്ടാക്കുന്നില്ല. വളപട്ടണം പുഴയിലെ മനോഹരങ്ങളായ തുരുത്തുകളും ചെറു ദ്വീപുകളും സംഘം പ്രധാന താവളമാക്കുന്നുമുണ്ട്. ആഴം കുറഞ്ഞ ഭാഗങ്ങളിൽ നിന്നും എളുപ്പത്തിൽ മണലൂറ്റാൻ സാധിക്കുന്നതും മാലിന്യം കലരാത്ത ഗുണമേന്മയേറിയ മണൽ പെട്ടെന്ന് ശേഖരിക്കാനാകുന്നതും ഇത്തരം സംഘങ്ങൾ പ്രസ്തുത മേഖലകളെ തിരഞ്ഞെടുക്കാൻ പ്രധാന കാരണമാണ്. രാത്രിയിൽ മണലൂറ്റ്; പുലർച്ചെ വിൽപ്പന മയ്യിൽ, കൊളച്ചേരി, നാറാത്ത്, ചിറക്കൽ, പാപ്പിനിശ്ശേരി, വളപട്ടണം, അഴീക്കോട്, മാട്ടൂൽ പഞ്ചായത്തുകളുടെ പരിധിയിൽമാത്രം നിരവധി അനധികൃത മണലൂറ്റ് കേന്ദ്രങ്ങളുണ്ടെന്നാണ് കണക്ക്. രാത്രി ഒൻപതോടെ യന്ത്രങ്ങൾ ഘടിപ്പിച്ച ഫൈബർ തോണികളും സാധാരണ തോണികളും തലങ്ങും വിലങ്ങും മണൽ വാരുന്നുണ്ട്. മണൽ അർധരാത്രിയോടെ പുഴയുടെ തീരത്തെ പ്രത്യേക കേന്ദ്രങ്ങളിലെത്തിക്കും. അവ ഞൊടിയിടയിൽ ലോറികളിൽ കയറ്റാനായി പ്രത്യേക സംഘങ്ങളുണ്ട്. പോലീസ് വാഹനമെങ്ങാനും അതുവഴി വന്നാൽ ഇവരെ വിവരമറിയിക്കാൻ നിരവധി ഏജന്റുമാരുമുണ്ട്. പിടികൂടിയാൽ രക്ഷപ്പെടുന്നതും ആക്രമിക്കുന്നതും പതിവ് പട്രോളിങ് നടത്തുന്ന പോലീസുകാരുടെ കണ്ണിൽപ്പെട്ടാൽ ആക്രമിക്കുകയും വാഹനം ഉപേക്ഷിച്ച് ഞൊടിയിൽ രക്ഷപ്പെടുന്നതും സംഘത്തിന്റെ ശൈലിയാണ്. കഴിഞ്ഞ ദിവസം അർധരാത്രി പാപ്പിനിശ്ശേരി പാറക്കൽ പള്ളിക്ക് സമീപത്ത് ലോറിയും സ്കൂട്ടറും ഉപേക്ഷിച്ചാണ് സംഘം പോലീസിൽ നിന്നും രക്ഷപ്പെട്ടത്. മണലൂറ്റി തീരത്ത് എത്തിയവർ പുഴയിലൂടെ നീന്തിയും രക്ഷപ്പെട്ടു. വളപട്ടണം എസ്ഐ പി.കെ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ രാത്രികാല പട്രോളിങ്ങിനിടയിലാണ് സംഘത്തെ കണ്ടെത്തി പിടികൂടാൻ ശ്രമം നടന്നത്. ഇതിൽ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒന്നരവർഷം മുൻപ് വളപട്ടണം എസ്ഐയെയായിരുന്ന ടി.എൻ. വിപിനേയും സംഘത്തെയും മണലൂറ്റ് സംഘം അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തീരങ്ങൾ ഇടിയുന്നു മണലൂറ്റ് കാരണം വളപട്ടണം പുഴയുടെ പല ഭാഗവും ഇടിയുകയാണ്. പലയിടത്തും തീരത്തുള്ള തെങ്ങുകളും മരങ്ങളും കൽഭിത്തികളും പുഴയെടുത്തുകഴിഞ്ഞു. കൂടാതെ പറശ്ശിനിക്കടവിനും വളപട്ടണത്തിനും ഇടയിലെ നിരവധി കൊച്ചുദ്വീപുകളും തുരുത്തുകളും അനധികൃത മണൽകൊള്ള മൂലം കടുത്ത ഭീഷണിയിലാണ്.
