തൊടുപുഴ: ഇൻസൾട്ട് ആണ് ഏറ്റവും വലിയ ഇൻവെസറ്റ്‌മെന്റെന്ന് മനസ്സിലാക്കിയ കേരളത്തിലെ രാഷ്ട്രീയക്കാരിലൊരാളാണ് പി.ടി. തോമസ്. തോറ്റപ്പോൾ തള്ളിപ്പറഞ്ഞവരെയും കൂകി വിളിച്ചവരെയും വെല്ലുവിളിക്കാതെ വിജയിച്ച് മറുപടി കൊടുത്ത കഥയുണ്ട് അദ്ദേഹത്തിന്. 1996-ൽ തൊടുപുഴയിലേറ്റ പരാജയത്തിന് 2001-ൽ വിജയംകൊണ്ട് മറുപടി കൊടുത്ത കഥ. കൂകി വിളിച്ച അതേ ആൾക്കൂട്ടത്തിനിടയിലൂടെ അഞ്ചുവർഷത്തിന് ശേഷം കൈയടികളോടെ സിനിമാ സ്റ്റൈലിൽ ഇറങ്ങി വന്ന കഥ. To advertise here, 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് ആ കഥ തുടങ്ങുന്നത്. 1991-ൽ പി.സി. ജോസഫിനെ തോൽപ്പിച്ച് നിയമസഭയിലെത്തിയ പി.ടി. രണ്ടാം വിജയം തേടി മത്സരത്തിനിറങ്ങുകയായിരുന്നു. എതിരാളി പി.ജെ. ജോസഫായിരുന്നു. കൊണ്ടുപിടിച്ച പ്രചാരണമായിരുന്നു ഇരുപക്ഷത്തുനിന്നും പി.ടി.ക്കുവേണ്ടി ജില്ലയിലെ കോൺഗ്രസ് അരയും തലയും മുറുക്കിയിറങ്ങി. സ്വന്തം പാർട്ടി സ്ഥാനാർഥിയെന്നപോലെ സി.പി.എമ്മും സി.പി.ഐ.യും പി.ജെ.ക്ക് പിന്നിൽ അണിനിരന്നതോടെ തൊടുപുഴയിൽ പൊടിപാറും പോരാട്ടമായിരുന്നു. മുൻപെങ്ങുമില്ലാത്തവിധം പരസ്പര വെല്ലുവിളികളും സംഘടനകളിൽനിന്നുണ്ടായി. തൊടുപുഴ ഗേൾസ് ഹൈസ്‌കൂളിലായിരുന്നു വോട്ടെണ്ണൽ. ഇപ്പോഴത്തെ എ.പി.ജെ. അബ്ദുൾകലാം ഹയർ സെക്കൻഡറി സ്‌കൂൾ. വോട്ടെണ്ണൽ പിറ്റേന്ന് വെളുപ്പിനുവരെ നീണ്ടു. ഫലമറിയാൻ ഇരു മുന്നണികളുടെയും പ്രവർത്തകർ സ്‌കൂളിന് മുൻപിലെ റോഡിൽ തമ്പടിച്ചിരുന്നു. അവസാന ബാലറ്റും എണ്ണിക്കഴിഞ്ഞപ്പോൾ പി.ടി. തോമസിനെ പി.ജെ. 4124 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കടത്തിവെട്ടി. പുറത്ത് ഇടത് പ്രവർത്തകരുടെ ആരവമുയർന്നു. യു.ഡി.എഫ്. അണികൾ നിരാശരായി മടങ്ങി. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഒറ്റയ്ക്ക് പി.ടി. പുറത്തേക്കിറങ്ങുമ്പോൾ പോലീസ് തടഞ്ഞു. സംഘർഷമുണ്ടാകാനും ആക്രമിക്കപ്പെടാനും സാധ്യതയുണ്ട്. മതിലിലൂടെ തൊട്ടടുത്തുള്ള അതിഥി മന്ദിരത്തിലേക്ക് ചാടി അവിടെനിന്ന് രക്ഷപ്പെടാമെന്ന് ചില പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പക്ഷേ, പോകുന്നെങ്കിൽ ഒറ്റയ്ക്ക് ഗേറ്റ് വഴിതന്നെയെന്ന് പി.ടി.യും. സ്‌കൂളിന് മുൻപിലേക്ക് പോലീസ് അകമ്പടിയിൽ അദ്ദേഹം നടന്നെത്തി. കാത്തിരുന്നത് കൂക്കി വിളിയും അസഭ്യവർഷവുമായിരുന്നു. ഇതിനിടയിൽ ആരോ ചെരിപ്പുകൊണ്ടടിച്ചു. ആക്രമിക്കാൻ മറ്റു ശ്രമങ്ങൾ വേറെയും. പ്രതികരിക്കാതെ പുറത്തേക്ക് നടന്ന പി.ടി. അപ്പോൾ മനസ്സിലുറപ്പിച്ചു. ഇതിന് അടുത്ത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന്. ആ വാശിയിൽ അദ്ദേഹം മറ്റെവിടെയും പോകാതെ അഞ്ചുവർഷം തൊടുപുഴയിൽതന്നെ ചുവടുറപ്പിച്ചു. അന്നേറ്റ അപമാനം മനസ്സിൽ ആരോടും പറയാതെ കനലായി ജ്വലിച്ചുകൊണ്ടിരുന്നു. പാർട്ടി സംവിധാനത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യനുമായി. 2001-ലെ തിരഞ്ഞെടുപ്പ് വന്നപ്പോൾ പി.ടി. ശക്തനായി മാറിയിരുന്നു. മത്സരിക്കാൻ പാർട്ടി ഉടുമ്പൻചോലയും പീരുമേടും വെച്ചുനീട്ടി. പക്ഷേ, തൊടുപുഴ തന്നെ ചോദിച്ചുവാങ്ങി. തൊടുപുഴയിൽ ഒരിക്കൽകൂടി പോരാട്ടം തീപാറി. പഴയതുപോലെ ജനക്കൂട്ടം ഒരിക്കൽകൂടി പുറത്ത് കാത്ത് നിൽക്കുന്നത് പി.ടി. സ്കൂളിന്റെ ജനലിലൂടെ കണ്ടു. വോട്ടെണ്ണി തീർന്നപ്പോൾ ജയം പി.ടി.ക്കൊപ്പമായിരുന്നു. 6126 വോട്ടിന്റെ ഭൂരിപക്ഷം. കഠിനാധ്വാനത്തിന്റെ ജയം ഒരിക്കൽ തോറ്റിറങ്ങിയ അതേ സ്‌കൂൾ കവാടത്തിലേക്ക് നടന്നടുക്കുമ്പോൾ ഇത്തവണ എതിരേറ്റത് ആർപ്പ് വിളികളായിരുന്നു. തടയാൻ പോലീസുണ്ടായില്ല. ചുറ്റും ആരവങ്ങൾ മാത്രം. തൊടുപുഴയുടെ വീഥികളിൽ വിജയാഘോഷങ്ങൾ നിറഞ്ഞപ്പോൾ ആരോരുമറിയാതെ പി.ടി.യുടെ ചുണ്ടിലൊരു പുഞ്ചിരി നിറഞ്ഞു. മധുരപ്രതികാരത്തിന്റെ ചിരി. Content Highlights: Discover the inspiring political journey of PT Thomas, from facing public humiliation in Thodupuzha to a triumphant electoral comeback. Published: 22 Mar 2026, 06:37 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മതിൽ ചാടാനില്ലെന്ന് പി.ടി.; ചെരിപ്പേറ് ഏറ്റുവാങ്ങിയ അതേ കവാടത്തിലൂടെ സിനിമാ സ്റ്റൈൽ തിരിച്ചുവരവ്
M
MathrubhumiSource Link
about 2 months ago