ചരിത്രാതീത കാലത്തുതന്നെ രോഗശാന്തിക്കായി മനുഷ്യൻ ഔഷധങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ആദ്യകാലത്ത് ചെടികളും കായ്ക്കളും ഫലങ്ങളും ധാതുക്കളുമെല്ലാം അതുപോലെ ഉപയോഗിക്കുന്നതായിരുന്നു രീതി. പ്രകൃതിതന്നെയായിരുന്നു നമ്മുടെ ആദ്യത്തെ ലബോറട്ടറി. പിന്നീട് അവയുടെയെല്ലാം സ്വരസങ്ങളും മിശ്രിതങ്ങളും നിർമിച്ചു. പിന്നീട് അതിൽ നിന്ന് ഔഷധഘടകങ്ങൾ വേർതിരിച്ചു. അങ്ങനെ ആധുനിക ഔഷധങ്ങൾ ഉണ്ടായി. എന്നാൽ ഇത്ര എളുപ്പത്തിൽ പറഞ്ഞു തീർക്കാവുന്നതല്ല ഔഷധങ്ങളുടെ ചരിത്രം. ബൃഹത്തായ ആ ചരിത്രത്തിൽ അത്യന്തം രസകരവും കൗതുകകരവുമായ ചില കഥകളുമുണ്ട്. നമ്മൾ ഇന്നുപയോഗിക്കുന്ന പല മരുന്നുകളും ഉണ്ടായതെങ്ങനെ എന്നറിഞ്ഞാൽ ചിലപ്പോൾ അതുപയോഗിക്കാൻ തന്നെ മടിക്കും. കുതിരമൂത്രവും മനുഷ്യമൂത്രവും പന്നിയുടേയും പട്ടിയുടേയും പാൻക്രിയാസും ജന്തുക്കളുടെ ഉമിനീരും എല്ലാം നമുക്ക് ഔഷധങ്ങൾ നൽകിയിട്ടുണ്ട്. To advertise here, നായയിൽ നിന്നും പന്നിയിൽ നിന്നും വന്ന ഇൻസുലിൻ ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ജീവൻരക്ഷാ ഔഷധമേതെന്ന് ചോദിച്ചാൽ ഇൻസുലിനാണെന്ന് ഇപ്പോൾ ധൈര്യമായി പറയാം. രക്തത്തിൽ ഗ്ലൂക്കോസ് ഉയരുന്ന അവസ്ഥയെ നിയന്ത്രിക്കാൻ ഏറ്റവും മികച്ച മാർഗ്ഗം. എന്നാൽ ഇൻസുലിന്റെ പിറവിയിലേക്ക് നയിച്ച കഥകേട്ടാൽ പ്രമേഹരോഗികൾക്ക് അത്ര ഇഷ്ടമാവണമെന്നില്ല. പട്ടിയും പന്നിയും പശുവുമെല്ലാമാണ് തുടക്കത്തിൽ നമുക്ക് ഇൻസുലിൻ തന്നിരുന്നത്. 1921-ൽ കാനഡയിലെ ടൊറന്റോ സർവകലാശാലയിലെ പ്രൊഫ.ജോൺ മക്ലിയോഡിന്റെ കീഴിൽ ഫ്രെഡറിക് ബാന്റിങ്, ഗവേഷണ സഹായി ചാൾസ് വെസ്റ്റ് എന്നിവർ ചേർന്ന് നടത്തിയ പരീക്ഷണമാണ് ഇൻസുലിൻ കണ്ടെത്തലിൽ വഴിത്തിരിവായത്. ഒരു നായയുടെ പാൻക്രിയാസിൽ നിന്നാണ് ആദ്യമായി അവർ ഇൻസുലിൻ വേർതിരിച്ചെടുത്തത്. പിന്നീട് പന്നിയുടേയും പശുവിന്റേയുമെല്ലാം പാൻക്രിയാസിൽ ഇതേ പരീക്ഷണം നടത്തി വിജയിച്ചു. രക്തത്തിൽ പഞ്ചസാര കൂടുതലുള്ള മൃഗങ്ങളിൽ ഇത് കുത്തിവെച്ച് ഫലം ഉറപ്പിച്ചു. പിന്നീട് 1922-ൽ ലിയോനാർഡ് തോംസൺ എന്ന 14-കാരനിൽ ആദ്യമായി മനുഷ്യപരീക്ഷണം നടത്തി. അത് വൻ വിജയമായിരുന്നു. അങ്ങനെ 1923-ലെ വൈദ്യശാസ്ത്ര നൊബേൽ ആ സംഘം നേടുകയും ചെയ്തു. മൃഗങ്ങളിൽ നിന്നുള്ള ഇൻസുലിന് ചില പ്രശ്നങ്ങളുമുണ്ടായിരുന്നു. വേണ്ടത്ര ശുദ്ധമല്ലാത്തതിനാൽ അലർജി പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാവാൻ തുടങ്ങി. മനുഷ്യരുടെ ഇൻസുലിനുമായി ചെറിയ വ്യത്യാസമുള്ളതിനാൽ അതിന്റെ പ്രതികരണങ്ങളും ഉണ്ടായി. അങ്ങനെയാണ് 1970 കളിലെ ജനിതക എൻജിനിയറിങിന്റെ സഹായത്തോടെ കൃത്രിമമായി ഇൻസുലിൻ നിർമിക്കാൻ തുടങ്ങിയത്. മനുഷ്യരിൽ ഇൻസുലിൻ നിർമിക്കുന്ന ജീൻ ചില ബാക്ടീരിയകളിലോ യീസ്റ്റിലോ ചേർത്താണ് കൃത്രിമ ഇൻസുലിൻ നിർമിച്ചിരുന്നത്. 1982-ൽ ആദ്യമായി ഇത്തരം ഇൻസുലിൻ വിപണിയിലെത്തി. പിൽക്കാലത്ത് ഇതിൽ വീണ്ടും പരീക്ഷണങ്ങൾ നടന്നു. ഇപ്പോൾ രോഗിയുടെ ആവശ്യത്തിനനുയോജ്യമായ തരത്തിൽ ഡിസൈൻ ചെയ്ത ഇൻസുലിൻ ലഭ്യമാണ്. മൂത്രത്തിൽ നിന്ന് മരുന്നുണ്ടായ കഥ സ്ത്രീകളുടെ ആർത്തവവിരാമകാലം ഒട്ടേറേ ശാരീരിക-മാനസിക പ്രശ്നങ്ങളുടെ കാലമാണ്. ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന പ്രയാസങ്ങൾ അവരെ കഷ്ടത്തിലാക്കും. ഈസ്ട്രജന്റെ കുറവാണ് ഏറ്റവും വലിയ പ്രതിസന്ധി. ഇതുപരിഹരിക്കാൻ എന്തുചെയ്യും എന്ന ഗവേഷണത്തിനിടയിലാണ് 1940-കളിൽ കാനഡയിൽ വയ (Yeth) കമ്പനി ഒരു മരുന്ന് വികസിപ്പിച്ചത്. അതിന്റെ പേരാണ് പ്രീമാരിൻ (Premarin). ചില പ്രത്യേകവർഗ്ഗം കുതിരകൾ ഗർഭിണികളാവുമ്പോൾ അവരിൽ ഈസ്ട്രജന്റെ അളവ് വലിയതോതിൽ കൂടുന്നത് അവർ ശ്രദ്ധിച്ചു. ആ തിരിച്ചറിവിൽ നിന്നാണ് പ്രീമാരിൻ ജനിക്കുന്നത്. അത്തരം കുതിരകളെ പ്രത്യേക ഫാമിൽ (Pregnant Mare Urin farms) വളർത്തി, അവരുടെ മൂത്രം ശേഖരിച്ച് ലാബിൽ കൊണ്ടുപോയി അതിൽ നിന്ന് ഈസ്ട്രജൻ വേർതിരിക്കുകയാണ് അവർ ചെയ്തത്. പിന്നീടത് ടാബ്ലറ്റുകളോ ക്രീമുകളോ ആക്കി മാറ്റി. Pregnant Mare's Urine എന്നതിന്റെ ചുരുക്കമാണ് Premarin. ഈസ്ട്രജൻ നിർമാണത്തിൽ ഇതൊരു വിപ്ലവമായിരുന്നു. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട മരുന്നും ഇതാവാം. എന്നാൽ ഒട്ടേറേ വിമർശനങ്ങൾ ഈ മരുന്നുനിർമാണരീതിക്കെതിരേ ഉയർന്നു. മൃഗങ്ങളോടുള്ള ക്രൂരതയടക്കമുള്ള നൈതികപ്രശ്നങ്ങളായിരുന്നു അവ. അതോടൊപ്പം ഇതുണ്ടാക്കാനിടയുള്ള സ്തനാർബുദം, സ്ട്രോക്ക്, രക്തംകട്ടപിടിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ കൂടി തിരിച്ചറിഞ്ഞതോടെ കൂടുതൽ മെച്ചപ്പെട്ട ബദലുകൾക്കായി അന്വേഷണം തുടങ്ങി. പ്രീമാരിൻ ഇപ്പോഴും ഡോക്ടർമാർ നൽകുന്നുണ്ടെങ്കിലും ഇപ്പോൾ എത്തിനിൽ ഈസ്ട്രാഡിയോൾ പോലുള്ള സിന്തറ്റിക് ഈസ്ട്രജൻ, ബയോ ഐഡിന്റിക്കൽ ഹോർമോണുകൾ, ചർമത്തിൽ ഒട്ടിക്കുന്നതും പുരട്ടുന്നതുമായ ട്രാൻസ്ഡെർമൽ പാച്ചുകൾ ജെല്ലുകൾ ഒക്കെയാണ് കൂടുതലും ഉപയോഗിക്കുന്നത്. മനുഷ്യമൂത്രത്തിൽ നിന്നും മരുന്ന്...! മൂത്രചികിത്സ പണ്ടു മുതലേ വിവിധരാജ്യങ്ങളിൽ നിലവിലുണ്ടായിരുന്നു എന്ന് ചരിത്രരേഖകളുണ്ട്. ഇന്ത്യയിൽ ഇന്നത്തെ കാലത്തുപോലും ഇതിന് പ്രചാരകരുണ്ട്. ഇതുസംബന്ധമായി ഒട്ടേറേ പുസ്തകങ്ങളുമുണ്ട്. മൂത്രം നേരിട്ട് ഔഷധമായി ഉപയോഗിക്കുന്നതിന് ശാസ്ത്രീയമായ പിൻബലമൊന്നുമില്ലെങ്കിലും മൂത്രത്തിലെ പല ഘടകങ്ങളും മനുഷ്യന് പ്രയോജനം ചെയ്യുന്നുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊരു ഘടകം മനുഷ്യന് ഔഷധമായി മാറിയതിനെക്കുറിച്ചാണ് പറയുന്നത്. 1947-കളിലാണ് മനുഷ്യമൂത്രത്തിൽ ഗവേഷണം നടത്തുന്നതിനിടെ മക്ഫാർലെ, പില്ലിങ് എന്നീ ഗവേഷകർ അതിൽ ഒരു എൻസൈം കണ്ടെത്തുന്നത്. രക്തക്കട്ടയുടെ പ്രധാന ഘടകമായ ഫൈബ്രിനെ ലയിപ്പിക്കാൻ ആ എൻസൈമിന് കഴിയുന്നുണ്ട്. അവർ ആ ഘടകം വേർതിരിച്ചെടുത്തു. ശരീരത്തിലുള്ള പ്ലാസ്മിനോജൻ എന്ന വസ്തുവിനെ പ്ലാസ്മിൻ ആക്കി മാറ്റിക്കൊണ്ടാണ് രക്തക്കട്ടയെ അലിയിക്കുന്നതെന്ന് അവർ കണ്ടെത്തിയത്. അത് വലിയൊരു വിപ്ലവമായിരുന്നു. ആ ഘടകത്തിന് അവർ യൂറോകിനാസ് (Urokinase) എന്ന് പേരിട്ടു. വൈകാതെ പലയിടങ്ങളിലും മരുന്നുകമ്പനികൾ വലിയ ടാങ്കുകളിൽ മൂത്രം ശേഖരിച്ച് മരുന്നുനിർമാണം നടത്തി. എന്നാൽ, ഈ രീതിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. ഒന്നാമത് ചെലവ് കൂടുതലാണ്. മറ്റൊന്ന് വലിയ അളവിൽ മൂത്രം ശേഖരിച്ചാലും ചെറിയ അളവിലേ എൻസൈം കിട്ടൂ. മൂന്നാമത്, ശുചിത്വമില്ലായ്മകൊണ്ടുള്ള രോഗാണുഭീഷണി. പിന്നീട് ബയോടെക്നോളജിയുടെ സുവർണകാലമായ 1980-കളിൽ ഇതിന്റെ ജീനിനെ തിരിച്ചറിയുകയും ലാബിൽ വെച്ച് യുറോകിനാസ് വലിയ അളവിൽ ഉത്പാദിപ്പിക്കുകയും ചെയ്തു. പൾമണറി എംബോളിസം, ഡീപ്പ് വെയിൻ ത്രോംബോസിസ്, കത്തീറ്റർ ബ്ലോക്കേജ് തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം ഇതൊരു വലിയ അനുഗ്രഹമായിരുന്നു. പിൽക്കാലത്ത് കൂടുതൽ മെച്ചപ്പെട്ട മരുന്നുകൾ വന്നതോടെ യൂറോകിനാസിന്റെ ഉപയോഗം കുറഞ്ഞു. അട്ടയിൽ നിന്നൊരു ജീവൻരക്ഷാമരുന്ന് നമ്മുടെ ജീവൻരക്ഷാമരുന്നുകൾ വന്ന വഴികളിലെ വൈചിത്ര്യങ്ങളുടെ മറ്റൊരു ഉദാഹരണമാണിത്. അട്ട ചികിത്സ വളരെ പഴയ ഒരു ചികിത്സാരീതിയാണ്. അട്ട ചോരകുടിക്കുന്നത് കണ്ടതുകൊണ്ട് ശരീരത്തിലെ 'അശുദ്ധരക്തം' വലിച്ചെടുക്കാൻ അട്ടയെ ഉപയോഗിക്കുന്ന രീതി പുരാതന ഈജിപ്ത്, ഗ്രീസ്, അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിലുണ്ടായിരുന്നു. ഇന്ത്യയിൽ ആയുർവേദ ചികിത്സയിൽ 'ജളൂഗചികിത്സ' ഇപ്പോഴുമുണ്ട്. ഇതിന് ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെങ്കിലും അട്ടകടി അവിചാരിതമായി ഒരു പ്രധാന മരുന്നിന് കാരണമായിട്ടുണ്ട്. അട്ട കടിക്കുന്ന സ്ഥലത്ത് രക്തം കട്ടപിടിക്കാൻ വൈകുകയും രക്തപ്രവാഹമുണ്ടാവുകയും ചെയ്യുന്നത് പലരും നിരീക്ഷിച്ചിരുന്നു. അതിന് കാരണമായ എന്തോ ഘടകം അട്ടയുടെ ഉമിനീരിലുണ്ടെന്ന് ഗവേഷകർക്ക് മനസ്സിലായി. 1884-ൽ ബ്രിട്ടീഷ് ഗവേഷകനായ ജോൺ ബെറി ഹെയ്ക്രാഫ്ട് അക്കാര്യം തെളിയിച്ചു. പക്ഷേ അതുകൊണ്ടായില്ലല്ലോ, അത് നമുക്ക് പ്രയോജനപ്പെടണമെങ്കിൽ ആ ഘടകം വേർതിരിച്ചെടുക്കണ്ടേ. 1904 ലാണ് ജർമൻ ശാസ്ത്രജ്ഞനായ ഫ്രിറ്റ്സ് മാർക്വാർഡ് ആ രാസവസ്തുവിനെ അട്ടയുടെ ഉമിനീരിൽ നിന്ന് വേർതിരിക്കുന്നത്. അതിന് അദ്ദേഹമിട്ട പേരാണ് ഹിരുഡിൻ (Hirudin). ലാറ്റിനിൽ അട്ടയ്ക്ക് ഹിരുഡോ എന്നാണ് പേര്. അതിൽ നിന്നാണ് ഹിരുഡിൻ എന്ന പേരുണ്ടായത്. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ത്രോംബിൻ എന്ന എൻസൈമിനെ ഹിരുഡിൻ തടയും. അങ്ങനെയാണ് രക്തം കട്ടപിടിക്കുന്നത് തടയുന്നത്. പക്ഷേ, ഒരു അട്ടയിൽ നിന്ന് വളരെ കുറഞ്ഞ അളവിലേ ഈ രാസവസ്തു ലഭിക്കൂ. അതൊന്നും മനുഷ്യന്റെ ആവശ്യത്തിന് തികയുകയുമില്ല. 1980-കളിൽ ബയോടെക്നോളജി വികസിച്ചപ്പോൾ അതിനും വഴികണ്ടെത്തി. ഹിരുഡിൻ ഉത്പാദിപ്പിക്കുന്ന ജീനിനെ ശാസ്ത്രജ്ഞർ കണ്ടെത്തി. അതിനെ ബാക്ടീരിയയിലോ യീസ്റ്റിലോ പ്രവേശിപ്പിച്ച് ലബോറട്ടറിയിൽ വെച്ച് ഹിരുഡിൻ വൻതോതിൽ നിർമിക്കാൻ തുടങ്ങി. ഇന്ന് ഹൃദയധമനികളിലെ രക്തംകട്ടപിടിക്കുന്നത് തടയാനും ഡീപ്പ് വെയിൻ ത്രോംബോസിസ്, പൾമണറി എംബോളിസം, ഹെപ്പാരിൻ അലർജി തുടങ്ങിയവക്കുമൊക്കെ ഹിരുഡിൻ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പല്ലിയുടെ തുപ്പലിൽ നിന്ന് പ്രമേഹമരുന്ന് പല്ലികൾ പൊതുവെ മനുഷ്യർക്ക് കാര്യമായ ദ്രോഹമൊന്നും ചെയ്യാറില്ല. ഇവയ്ക്ക് വിഷമൊന്നുമില്ലെങ്കിലും ഈ പാവങ്ങളെക്കുറിച്ച് ഭയപ്പെടുത്തുന്ന കഥകൾക്ക് കുറവൊന്നുമില്ല. എന്നാൽ വിഷമുള്ള ചിലയിനം പല്ലികളെങ്കിലും ലോകത്തുണ്ട്. അതിലൊന്നാണ് നമ്മുടെ കഥാനായകൻ. ഈ ജീവിയുടെ വിഷം എങ്ങനെ മനുഷ്യന് ഔഷധമായി എന്നാണ് ഇനി പറയാൻ പോകുന്നത്. അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ മരുഭൂമികളിൽ കാണപ്പെടുന്ന ഗില മോൺസ്റ്റർ (Gila Monster) എന്ന ഒരുതരം പല്ലി മാസങ്ങളോളം ഭക്ഷണമൊന്നും കഴിക്കാതെ ജീവിക്കും. എന്നാലും കാര്യമായ ക്ഷീണമില്ല, രക്തത്തിൽ പഞ്ചസാര ഉയരുന്നുമില്ല. ഇത് നിരീക്ഷിച്ച ഗവേഷകർ 1990-കളിൽ അതിന്റെ വിഷത്തിൽ എക്സെൻഡിൻ-4 (Exendin-4) എന്ന ഒരു പെപ്റ്റൈഡ് കണ്ടെത്തി. അമിനോ ആസിഡുകളുടെ ചെറിയ ശൃംഖലകളാണ് പെപ്റ്റൈഡുകൾ. ഈ പെപ്റ്റൈഡിന് മനുഷ്യരിൽ കാണുന്ന GLP-1 എന്ന ഹോർമോണിനോട് സാദൃശ്യമുണ്ടായിരുന്നു. ഈ ജി.എൽ.പി.-1 ആണ് നാം ഭക്ഷണം കഴിക്കുമ്പോൾ ഇൻസുലിൻ സ്രവണം കൂട്ടുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതും. എന്നാൽ ഈ പ്രവർത്തനത്തിന് കുറഞ്ഞസമയമേ ആയുസ്സുള്ളൂ. അതേസമയം എക്സെൻഡിൻ-4 നും ഇതേ സ്വഭാവമുണ്ട് എന്നുമാത്രമല്ല അത് കൂടുതൽ സമയം നീണ്ടുനിൽക്കുകയും ചെയ്യുന്നുണ്ട്. അതറിഞ്ഞതോടെ ഗവേഷകരുടെ മനസ്സിൽ ലഡുപൊട്ടി. എക്സെൻഡിൻ-4 ഉപയോഗിച്ച് അവർ ഒരു മരുന്ന് നിർമിച്ചു. അതാണ് Exenatide (എക്സെനാടൈഡ്). ഇതാണ് Byetta എന്ന പേരിൽ വിപണിയിലെത്തിയത്. ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തിക്കൊണ്ടും വിശപ്പിനെ കുറച്ചുകൊണ്ടും ഈ മരുന്ന് ടൈപ്പ് രണ്ട് പ്രമേഹത്തെ നിയന്ത്രിക്കാൻ വലിയ സഹായമായി. ഇന്ന് പ്രമേഹ ചികിത്സയ്ക്കും പൊണ്ണത്തടി-ഭാരം എന്നിക കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്ന സെമാഗ്ലൂട്ടൈഡ് (Ozempic), Wegovy, Liraglutide തുടങ്ങിയ മരുന്നുകളുടെ പിൻഗാമി യഥാർത്ഥത്തിൽ എക്സെനാടൈഡ് ആയിരുന്നു. ഒരു വസ്തു വിഷവും ഔഷധവുമാകുന്നത് അതിന്റെ അളവിന്റെ അടിസ്ഥാനത്തിലാണെന്ന യാഥാർത്ഥ്യത്തെ ഓർമിപ്പിക്കുന്നതാണ് ഇത്തരം കണ്ടെത്തലുകൾ. പറഞ്ഞാൽ തീരാത്ത കഥകൾ … ഇങ്ങനെ മരുന്നുകളുടെ ഉത്ഭവകഥകൾ പറഞ്ഞാൽ തീരില്ല. മനുഷ്യന്റെ സൂക്ഷ്മമായ നിരീക്ഷണമാണ് എല്ലാ വസ്തുക്കളിൽ നിന്നും നമുക്കാവശ്യമുള്ള ഔഷധങ്ങൾ രൂപപ്പെടുത്തുന്നതിലേക്ക് വഴിതെളിച്ചത്. അതിജീവിക്കാനുള്ള മനുഷ്യന്റെ അടങ്ങാത്ത വ്യഗ്രതതന്നെയാണ് അതിന് കാരണം. ധാതുക്കളിൽ നിന്നും സസ്യങ്ങളിൽ നിന്നും മാത്രമല്ല, പക്ഷികൾ വിവിധ ജന്തുക്കൾ, കടൽസ്പോഞ്ചുപോലുള്ള ജീവികൾ എന്നിവയിൽ നിന്നെല്ലാം മരുന്നുണ്ടാക്കി. ആരോഗ്യവാനായ മനുഷ്യന്റെ മലംപോലും രോഗിയുടെ ഉള്ളിലെത്തിച്ച് ആരോഗ്യമുള്ള ബാക്ടീരിയയെ കൈമാറ്റം ചെയ്ത് ചികിത്സിക്കുന്നു, ഇതാണ് ഫീക്കൽ തെറാപ്പി. ഫംഗസ്, പൂപ്പൽ, ബാക്ടീരിയ... തുടങ്ങി നമുക്ക് ആവശ്യമില്ലാത്തതെന്നും അപകടമുണ്ടാക്കുന്നതെന്നും എഴുതിത്തള്ളിയ പലതും നമുക്ക് ഔഷധങ്ങൾ നൽകി. കോഴിമുട്ടകളിൽ വൈറസിനെ വളർത്തിയും മനുഷ്യജീനിനെ ബാക്ടീരിയയിൽ കടത്തിയും ഒരു ജീവിയുടെ വിഷം മറ്റൊരു ജീവിയിൽ കുത്തിവെച്ചും... അങ്ങനെ അതിജീവനൗഷധങ്ങൾക്കായുള്ള മനുഷ്യന്റെ അടങ്ങാത്ത അന്വേഷണം തുടരുകയാണ്..