മാന്നാർ : പ്രളയദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചു നവീകരിച്ച ആലുംമൂട്-ഇലഞ്ഞിമേൽ റോഡിലെ കുറിച്ചിപ്പുഴ പാലം പുനർനിർമിക്കാത്തത് യാത്രക്കാർക്കു ദുരിതമാകുന്നു. റോഡുപണി പൂർത്തിയായിട്ടും ഇതിനെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പണി അനന്തമായി നീളുകയാണ്. പാലത്തിന്റെ കൈവരികൾ പൂർണമായും തകർന്ന നിലയിലായതോടെ ഇവിടം മരണക്കെണിയായി മാറി. To advertise here, പാലം പുനർനിർമിക്കാൻ കഴിയാത്തതിനാൽ ഇതിന്റെ ഇരുവശങ്ങളിലുമായി ഏകദേശം അൻപതു മീറ്ററോളം ദൂരത്തിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ ഈ ഭാഗത്ത് നിത്യേന വാഹനാപകടങ്ങൾ സംഭവിക്കുന്നു. ഇരുചക്രവാഹന യാത്രക്കാരാണ്, പ്രത്യേകിച്ചും സ്കൂട്ടർ യാത്രക്കാരാണ് അപകടങ്ങളിൽപ്പെടുന്നവരിൽ ഏറെയും. കഴിഞ്ഞദിവസം ഈ ഭാഗത്ത് ഒരു പെട്ടി ഓട്ടോ നിയന്ത്രണംവിട്ട് 12 അടി താഴ്ചയിലേക്കു മറിഞ്ഞിരുന്നു. ഓട്ടോ ഡ്രൈവറും കൂടെയുണ്ടായിരുന്ന സഹയാത്രികനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാലത്തിന്റെയും അനുബന്ധറോഡിന്റെയും നിർമാണം ഏറ്റെടുത്ത കരാറുകാരൻ പണി പാതിവഴിയിൽ ഉപേക്ഷിച്ചുപോയെന്നാണ് നാട്ടുകാർ പറയുന്നത്. യാത്രക്കാരുടെ ഈ ദുരവസ്ഥയും തുടർച്ചയായുണ്ടാകുന്ന അപകടങ്ങളും പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചിട്ടുണ്ട്. അടിയന്തരമായി പാലം പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം. Published: 14 May 2026, 02:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
