കെ.എസ്.ഇ.ബി.ക്കു നഷ്ടം ഏഴുലക്ഷം To advertise here, തുറവൂർ : കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും വടക്കൻമേഖലകളിൽ വീണ്ടും നാശം. കൂറ്റൻ മരം കടപുഴകിവീണ് തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് പുഷ്പത്തിൽ വർഗീസ് ഏലിയാസിന്റെ വീടു തകർന്നു. ശബ്ദംകേട്ട് വീടിനകത്തുണ്ടായിരുന്നവർ പുറത്തേക്കോടിയതിനാൽ ആർക്കും പരിക്കില്ല. എരമല്ലൂർ മാണൂർ ഷിനോജിന്റെ പുരയിടത്തിൽ നിന്ന മരം കടപുഴകി വീടിനു മുകളിൽ പതിച്ചതിനെത്തുടർന്ന് ഭിത്തിക്കു വിള്ളൽ വീണു. തോട്ടപ്പള്ളി ക്ഷേത്രം റോഡിനു സമീപത്തെ മതിൽ പൂർണമായും തകർന്നു. പട്ടണക്കാട്, കുത്തിയതോട്, അരൂർ വൈദ്യുതി സെക്ഷനുകൾക്കു കീഴിൽ ഏഴുലക്ഷത്തിന്റെ നഷ്ടമുണ്ടായതായാണ് കണക്ക്. പട്ടണക്കാട് വൈദ്യുതി സെക്ഷനു കീഴിൽ ആറിടങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതിത്തൂണുകളൊടിഞ്ഞു. അത്തിക്കാട്, അടിവാക്കൽ, അന്ധകാരനഴി, ഒളതല, കടക്കരപ്പള്ളി, പി.ആർ.സി., 16-ാം മൈൽ എന്നിവിടങ്ങളിൽ മരംവീണ് വൈദ്യുതിക്കമ്പികൾ പൊട്ടി. കുത്തിയതോട് വൈദ്യുതി സെക്ഷനു കീഴിൽ ഒട്ടേറെ വൈദ്യുതിത്തൂണുകളാണ് ഒടിഞ്ഞത്. കുത്തിയതോട്, എഴുപുന്ന, നാളികാട്ട്, മോഹം ആശുപത്രി, കുത്തിയതോട് പാലം, വളമംഗലം, കാടാതുരുത്ത് എന്നിവിടങ്ങളിലായി വൈദ്യുതിക്കമ്പികളിൽ മരങ്ങൾ വീണു. അരൂർ സെക്ഷനു പരിധിയിൽ വരുന്ന കൊമ്പനാമുറി, അറബ് കോളനി, അടിവാക്കൽ, ഇല്ലത്തുവെളി, പൂജപ്പുര, മൾട്ടിപർപ്പസ്, ശ്രീനാരായണപുരം, തോട്ടപ്പള്ളി, മണ്ണാട്ട് എന്നിവിടങ്ങളിൽ കാറ്റിൽ മരങ്ങൾ വീണ് ഒൻപതു വൈദ്യുതിത്തൂണുകളാണ് ഒടിഞ്ഞത്. 17 സ്ഥലത്ത് മരംവീണ് വൈദ്യുതിക്കമ്പികൾ പൊട്ടി.
