നെല്ലിക്കുന്ന് കസബ കടപ്പുറത്ത് ഇടിമിന്നലിൽ വീട് ഭാഗികമായി കത്തി To advertise here, നെല്ലിക്കുന്ന്/ബദിയഡുക്ക : കസബ കടപ്പുറത്ത് ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിൽ വീട് ഭാഗികമായി കത്തിനശിച്ചു. കസബ കടപ്പുറത്തെ മീനാക്ഷിയുടെ വീടാണ് കത്തിയത്. ആദ്യം ഫ്രിഡ്ജിനാണ് തീപിടിച്ചത്. അതിൽനിന്ന് സമീപത്തുണ്ടായിരുന്ന ടിവി, ഫാൻ, കിടക്ക, മറ്റ് തുണിത്തരങ്ങൾ എന്നിവയിലേക്ക് തീ പടരുകയായിരുന്നു. വീട്ടിനകത്ത് തീ പടരുന്നത് കണ്ട് മീനാക്ഷി പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാൽ വലിയൊരു അപകടം ഒഴിവായി. വിവരമറിഞ്ഞ് കാസർകോട് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഏകദേശം രണ്ടരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വേനൽ മഴയെത്തുടർന്നുണ്ടായ ശക്തമായകാറ്റിൽ ഓടുന്ന കാറിനുമുകളിൽ മരം കടപുഴകിവീണു. ഷേണി മണിയംപാറയിൽ ചൊവ്വാഴ്ച വൈകീട്ടാണ് അപകടം നടന്നത്. സീതാംഗോളി ഭാഗത്തുനിന്ന് പെർളയിലേക്ക് വരികയായിരുന്ന ഡോ. വിഷ്ണുപ്രസാദിന്റെ കാറിനുമുകളിലാണ് മരം വീണത്. കാർ പൂർണമായും തകർന്നുവെങ്കിലും ഡോക്ടർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടംനടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. Published: 14 May 2026, 04:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
