വാഷിങ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്താബ ഖമനേയിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ലോകമെമ്പാടും അഭ്യൂഹങ്ങൾ പടരുന്നതിനിടെ അദ്ദേഹം ജീവനോടെയുണ്ടെന്ന് താൻ വിശ്വസിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖമനേയി ഒരുപക്ഷേ പരിക്കേറ്റ് അവശനായ നിലയിലായിരിക്കാമെങ്കിലും ‘ഏതെങ്കിലും രൂപത്തിൽ’ അദ്ദേഹം ജീവനോടെയുണ്ടെന്നാണ് താൻ കരുതുന്നതെന്ന് ഫോക്സ് ന്യൂസ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. To advertise here, ഫെബ്രുവരി 28-ന് പിതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ മുജ്താബയ്ക്കും ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹം നിലവിൽ കോമയിലാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മുജ്താബ ഖമനേയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്നത്. ആക്രമണത്തിൽ അദ്ദേഹത്തിന് ഒരു കാൽ നഷ്ടപ്പെട്ടതായും വയറിനും കരളിനും മാരകമായ പരിക്കുകൾ ഏറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ ടെഹ്റാനിലെ സിന യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അതീവ സുരക്ഷയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നതെന്നാണ് സൂചനകൾ. അദ്ദേഹത്തിന്റെ പത്നിയും സഹോദരിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ കൊല്ലപ്പെട്ട അതേ ആക്രമണത്തിലാണ് 56-കാരനായ മുജ്താബയ്ക്കും പരിക്കേറ്റത്. ഇറാനിയൻ അധികൃതരും ഖമനേയിക്ക് പരിക്കേറ്റ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. സൈപ്രസിലെ ഇറാന്റെ അംബാസഡർ അലിറേസ സലാരിയൻ പറയുന്നതനുസരിച്ച്, ഖമനേയിയുടെ കൈകൾക്കും കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. അധികാരമേറ്റശേഷം മുജ്താബ ഖമനേയി ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തത് അദ്ദേഹം പ്രസംഗിക്കാനുള്ള ശാരീരിക അവസ്ഥയിലല്ലാത്തതിനാലാണെന്ന് അംബാസഡറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, അദ്ദേഹം സുരക്ഷിതനാണെന്നും പരിക്കുകളിൽനിന്ന് സുഖം പ്രാപിച്ചുവരികയാണെന്നുമാണ് ഇറാനിൽനിന്നുള്ള ഔദ്യോഗിക വിശദീകരണം. പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും അധികാരമേറ്റശേഷമുള്ള തന്റെ ആദ്യ പ്രസ്താവന മുജ്താബ ഖമനേയി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ വഴി പുറത്തുവിട്ടിരുന്നു. ഒരു വാർത്താ അവതാരകൻ വായിച്ച ഈ സന്ദേശത്തിൽ, യുഎസിനോടും ഇസ്രയേലിനോടും ഉള്ള പോരാട്ടത്തിൽ ഇറാൻ പിന്നോട്ടില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് നൽകിയത്. രക്തസാക്ഷികളുടെ രക്തത്തിന് പകരം ചോദിക്കുമെന്നും മേഖലയിലെ എല്ലാ യുഎസ് താവളങ്ങളും ഉടനടി അടച്ചുപൂട്ടണമെന്നും അല്ലാത്തപക്ഷം അവ ആക്രമിക്കപ്പെടുമെന്നും മുജ്താബ ഭീഷണി മുഴക്കി. യുദ്ധംമൂലം ഇറാനുണ്ടായ നാശനഷ്ടങ്ങൾക്ക് ശത്രുക്കളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ഖമനേയി പ്രസ്താവനയിൽ പറഞ്ഞു. ശത്രുക്കൾ ഇതിന് വിസമ്മതിക്കുകയാണെങ്കിൽ അവരുടെ ആസ്തികൾ കണ്ടുകെട്ടുകയോ നശിപ്പിക്കുകയോ ചെയ്യുമെന്നാണ് മുന്നറിയിപ്പ്. Content Highlights: US President Donald Trump suggests Iranian leader Mojtaba Khamenei is alive but severely injured. Published: 13 Mar 2026, 10:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
