സ്കൂട്ടർയാത്രക്കാരനും ഭാര്യക്കുമെതിരേ കേസ് To advertise here, ഹരിപ്പാട് : സ്കൂട്ടറിൽ യാത്രചെയ്തിരുന്ന യുവാവും ഭാര്യയും സ്വകാര്യബസ് ഡ്രൈവറെ ഹെൽമെറ്റുകൊണ്ട് ആക്രമിച്ചതായി പരാതി. പത്തനംതിട്ട- ഹരിപ്പാട് റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർ ബേബി ചാക്കോ(51)യ്ക്കുനേരേയായിരുന്നു ആക്രമണം. സ്കൂട്ടർയാത്രക്കാരായ ചേപ്പാട് ഗൗരിശങ്കരത്തിൽ സന്തോഷ് കുമാർ (46), ഭാര്യ മധ്യപ്രദേശ് സ്വദേശിനി അനുരാധ താക്കൂർ (37) എന്നിവർക്കെതിരേ കരീലക്കുളങ്ങര പോലീസ് കേസെടുത്തു. ഇവരുടെ പരാതിയിൽ ബേബി ചാക്കോയെ പ്രതിയാക്കിയും കേസുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ മാവേലിക്കര-നങ്ങ്യാർകുളങ്ങര റോഡിലെ മുട്ടം മൈത്രി ജങ്ഷനിലാണ് സംഭവങ്ങളുടെ തുടക്കം. ബസ് വരുന്നത് ശ്രദ്ധിക്കാതെയാണ് സന്തോഷ് കുമാർ സ്കൂട്ടർ റോഡിലേക്ക് ഓടിച്ചുകയറ്റിയത്. ഡ്രൈവർ പെട്ടെന്ന് ബസ് വെട്ടിച്ചുമാറ്റുകയായിരുന്നു. ബസ് ജീവനക്കാർ ഇതിന്റെ പേരിൽ സന്തോഷ് കുമാറുമായി സംസാരമുണ്ടായി. തുടർന്ന്, ബസിന്റെ പിന്നാലെ സ്കൂട്ടർ ഓടിച്ചെത്തി മുട്ടംകുളം ജങ്ഷനിൽവെച്ച് ഇവർ ബസ് തടഞ്ഞു. ഡ്രൈവറെ പിടിച്ചിറക്കിയശേഷം സന്തോഷ് കുമാറും ഭാര്യയും ഹെൽമെറ്റുകൊണ്ട് ആക്രമിച്ചതായാണ് പരാതി. ബസിലെയും സമീപത്തെ കടകളിലെയും സി.സി.ടി.വി.കളിൽ ആക്രമണ ദൃശ്യങ്ങൾ കാണാം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ബസിലെ യാത്രക്കാർ സന്തോഷ് കുമാറിനെയും ഭാര്യയെയും കുറ്റപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തലയ്ക്കു പരിക്കേറ്റ ബേബി ചാക്കോയെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ജീവനക്കാർ ആക്രമിച്ചതായും അപമാനിക്കാൻ ശ്രമിച്ചതായും അനുരാധ താക്കൂർ പരാതി നൽകിയിട്ടുണ്ട്. Published: 14 May 2026, 02:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
