മുംബൈ: ഒരുവർഷത്തിനിടെ ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയുടെ നഷ്ടം 12 ശതമാനം. 2025 മേയ് 13-ന് ഡോളറൊന്നിന് 85.27 രൂപയായിരുന്നു നിരക്ക്. ബുധനാഴ്ച 95.66 രൂപയെന്ന നിലയിലാണ് ക്ലോസിങ്. അതായത് ഒരു വർഷംകൊണ്ട് ഒരു ഡോളറിന് 10.39 രൂപയുടെ വർധന. 12.18 ശതമാനം വർധന. ഇതിൽ 4.7 ശതമാനത്തോളം പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയശേഷമുണ്ടായ ഇടിവാണ്. To advertise here, പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയശേഷം ഏറ്റവുംകൂടുതൽ ഇടിവുനേരിട്ട രണ്ടാമത്തെ കറൻസിയാണ് രൂപയെന്ന് ‘കെയർ റേറ്റിങ്സി’ന്റെ റിപ്പോർട്ടിൽ പറയുന്നു. 5.1 ശതമാനം ഇടിവുനേരിട്ട ഫിലിപ്പീൻസിന്റെ പെസോ ആണ് കൂടുതൽ നഷ്ടംനേരിട്ടത്. രൂപയുടെ മൂല്യശോഷണം ഡോളറിൽ വാങ്ങുന്ന ഉത്പന്നങ്ങളുടെ വിലകൂടാനിടയാക്കും. അസംസ്കൃത എണ്ണ, സ്വർണം, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, യന്ത്രങ്ങൾ എന്നിങ്ങനെ വിവിധ ഉത്പന്നങ്ങൾ ഇതിലുൾപ്പെടുന്നു. ഇന്ത്യ ഉപയോഗിക്കുന്ന അസംസ്കൃത എണ്ണയുടെ 89 ശതമാനംവരെ ഇറക്കുമതിചെയ്യുന്നതാണ്. ഇത്തരത്തിൽ അധികംവരുന്ന ചെലവ് ഡോളർ രൂപത്തിൽ ഇന്ത്യൻ വിപണിയിൽനിന്ന് പുറത്തേക്കൊഴുകുകയാണ്. ഇത് കരുതൽശേഖരത്തിൽ വിദേശനാണ്യം കുറയാനിടയാക്കുന്നു. കൂടുതൽ ബാധിക്കുന്നത് ഗതാഗതമേഖലയിൽ രൂപയുടെ മൂല്യശോഷണം കൂടുതൽ ബാധിക്കുന്ന പ്രധാന മേഖലകളിലൊന്നാണ് ഗതാഗതവും ചരക്കുനീക്കവും. പെട്രോളിനും ഡീസലിനും വിമാന ഇന്ധനത്തിനും വില കൂടുന്നതാണ് പ്രതിസന്ധിയാവുക. വിമാന ഇന്ധനവില ഉയർന്നത് യാത്രച്ചെലവിൽ ഗണ്യമായ വർധനയുണ്ടാക്കി. അതേസമയം, പെട്രോൾ, ഡീസൽ വിലകളിൽ ഇനിയും മാറ്റംവരുത്തിയിട്ടില്ല. ഉടൻ വിലവർധന അനിവാര്യമാണെന്ന് സർക്കാർ സൂചന നൽകിക്കഴിഞ്ഞു. പെട്രോൾ, ഡീസൽ വില ഉയർന്നാൽ ചരക്കുനീക്കത്തിന്റെ ചെലവുയരും. പച്ചക്കറി, പലവ്യഞ്ജനം ഉൾപ്പെടെ സമസ്തവസ്തുക്കളുടെയും വില ഉയരും. യാത്രച്ചെലവിലും വർധന അനിവാര്യമായിമാറും. മറ്റ് അന്താരാഷ്ട്ര കറൻസികളിലും തിരിച്ചടി ഡോളറുമായി മാത്രമല്ല, മിക്ക അന്താരാഷ്ട്ര കറൻസികളുമായും രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ അന്താരാഷ്ട്ര കറൻസികൾക്കെതിരേയും രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്. എന്നാൽ, ഡോളർ മാത്രമാണ് കൂടുതലും ചർച്ചകളിൽ നിറയുന്നതെന്നുമാത്രം. 2025 മേയ് മാസത്തിനുശേഷം ഓസ്ട്രേലിയൻ ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയ്ക്കു നഷ്ടമായത് 25 ശതമാനം വരെയാണ്. അന്നത്തെ 55.18 രൂപ നിലവാരത്തിൽനിന്ന് 69.27 രൂപയായാണു കൂടിയിട്ടുള്ളത്. ചൈനയുടെ യുവാൻ, യൂറോ എന്നിവയുമായുള്ള മൂല്യത്തിലും സമാനമായ രീതിയിൽ ഇടിവുണ്ടായിട്ടുണ്ട്. ഇറാൻ യുദ്ധം തുടങ്ങുന്നതിനു മുൻപുതന്നെ ഓസ്ട്രേലിയൻ ഡോളറുമായും ചൈനീസ് യുവാനുമായും രൂപയുടെ മൂല്യത്തിൽ വലിയ ഇടിവുതുടങ്ങിയിരുന്നു. ആഗോള വ്യാപാരരംഗത്ത് യുദ്ധത്തിനു മുൻപുതന്നെ രൂപ കൂടുതൽ ദുർബലമായിരുന്നുവെന്നതിന്റെ സൂചനയായാണ് സാമ്പത്തികവിദഗ്ധർ ഇതിനെ കാണുന്നത്. നേരിട്ടുള്ള വിദേശനിക്ഷേപം കുറയുന്നു പുതിയ റിപ്പോർട്ടുകൾപ്രകാരം ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശനിക്ഷേപം 630 കോടി ഡോളറിന്റെ മാത്രമാണ്. ദീർഘകാല ശരാശരിയായ 3100 കോടി ഡോളറിനെക്കാൾ ഏറെ താഴെയാണിത്. ഡോളറിനെതിരേ രൂപ ദുർബലമാകാൻ ഇതും കാരണമാകുന്നു. അതായത് ദൈനംദിന ആവശ്യത്തിനുള്ള ഡോളർ നേരിട്ട് വിപണിയിലേക്കെത്തുന്നില്ല. ആഗോളതലത്തിൽ അനിശ്ചിതത്വം മുറുകുമ്പോൾ ആഗോളനിക്ഷേപകർ യു.എസ്. ഡോളർ, യു.എസ്. ട്രഷറി ബോണ്ടുകൾ, സ്വർണംപോലുള്ള സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപം മാറ്റുന്നതാണ് രൂപ ദുർബലമാകാനുള്ള മറ്റൊരു കാരണം. അമേരിക്കയും ചൈനയും നിർമിതബുദ്ധിയിൽ വലിയതോതിൽ നിക്ഷേപം ആകർഷിക്കുമ്പോൾ ഇന്ത്യയിൽ ഇത് തുച്ഛമാണ്. ആഗോളതലത്തിൽ ഈ മേഖലയിലെ സ്വകാര്യ നിക്ഷേപം 34,500 കോടി ഡോളർ വരും. ഇതിൽ 28,500 കോടി ഡോളറും അമേരിക്കയിലാണ്. ചൈനയിൽ 12,400 കോടി ഡോളറിന്റെ നിക്ഷേപമെത്തിയിട്ടുണ്ട്. ബ്രിട്ടൻ, ഫ്രാൻസ്, കാനഡ എന്നിവയ്ക്കും പിന്നിലാണ് ഈ രംഗത്ത് ഇന്ത്യയിലെ നിക്ഷേപം. വെറും 410 കോടി ഡോളർ. Content Highlights: Indian Rupee depreciated by 12.18% against the US Dollar within one year., West Asian conflict significantly contributed to currency instability., Rising import costs for crude oil and gold are straining foreign exchange reserves., Anticipated hikes in petrol, diesel, and transport costs due to currency devaluation., FDI in India remains significantly below the long-term average of $31 billion. Published: 14 May 2026, 06:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
