ടെഹ്‌റാൻ: ഇറാന് മുകളിൽവെച്ച് അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി). ഒരു എഫ്-15 ഇ യുദ്ധവിമാനവും ഒരു എഫ്-35 യുദ്ധവിമാനവുമാണ് വെടിവെച്ചിട്ടതെന്ന് ഇറാനുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. To advertise here, ആക്രമണത്തെ തുടർന്ന് വിമാനം തകരുന്നതിനു മുമ്പ് പൈലറ്റുമാർ പുറത്തേക്ക് ചാടിയതായാണ് റിപ്പോർട്ടുകൾ. വിമാനത്തിൽനിന്ന് പൈലറ്റുമാർ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടി രക്ഷപ്പെട്ടതായും ഇത്തരത്തിൽ രക്ഷപ്പെട്ട യുഎസ് പൈലറ്റുമാർക്കായി ഇറാൻ സൈന്യവും ജനങ്ങളും തിരച്ചിൽ നടത്തിവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പൈലറ്റിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഇറാൻ ഭരണകൂടം പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിനെ ജീവനോടെ പിടികൂടി പോലീസിന് കൈമാറുന്നവർക്ക് വിലപ്പെട്ട സമ്മാനം നൽകുമെന്ന് പ്രാദേശിക ടിവി ചാനലുകൾ വഴി ഇറാൻ അറിയിപ്പ് നൽകി. 'അമേരിക്കക്കാരെ കണ്ടാലുടൻ വെടിവെക്കുക' എന്ന് ആദ്യം നിർദേശം നൽകിയെങ്കിലും പിന്നീട് ഇത് തിരുത്തി പൈലറ്റിനെ ജീവനോടെ പിടികൂടാൻ ആവശ്യപ്പെടുകയായിരുന്നു. ടെഹ്റാനിൽനിന്ന് ഏകദേശം 500 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് മാറിയുള്ള കോഹ്ലിലുയെ ആൻഡ് ബോയർ-അഹമ്മദ് പ്രവിശ്യയിൽ വെച്ചാണ് എഫ്-15 ഇ യുദ്ധവിമാനം തകർക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഈ വിമാനത്തിൽനിന്ന് രക്ഷപ്പെട്ട പൈലറ്റ് ഇറാൻ സൈന്യത്തിന്റെ പിടിയിലായെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച ഐആർജിസിയാണ് എഫ്-15 വിമാനം വെടിവെച്ചിട്ടത്. തങ്ങളുടെ പുതിയ അത്യാധുനിക പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് വിമാനം തകർത്തതെന്നാണ് ഇവരുടെ അവകാശവാദം. ഇതിനു പിന്നാലെയാണ് ലേക്കൻഹീത്ത് സ്‌ക്വാഡ്രണിൽപ്പെട്ട ഒരു എഫ്-35 യുദ്ധവിമാനം കൂടി തകർത്തതായും ഐആർജിസി അവകാശപ്പെട്ടത്. അപകടത്തിൽപ്പെട്ട വിമാനങ്ങളിലെ പൈലറ്റുമാരെ രക്ഷിക്കാനായി അമേരിക്കൻ സൈന്യം കോംബാറ്റ് സെർച്ച് ആൻഡ് റെസ്‌ക്യൂ ഓപ്പറേഷൻ നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഈ പ്രദേശത്ത് പറക്കുന്നതായി ഇറാനിയൻ മാധ്യമങ്ങൾ പങ്കുവെച്ച ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഇറാനിൽവെച്ച് തങ്ങളുടെ ഒരു യുദ്ധവിമാനം തകർക്കപ്പെട്ടതായും പൈലറ്റുമാർക്കായി തിരച്ചിൽ തുടരുകയാണെന്നും പേര് വെളിപ്പെടുത്താത്ത ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ യുഎസ് സെൻട്രൽ കമാൻഡോ പെന്റഗണോ വൈറ്റ് ഹൗസോ ഇതുവരെ ഔദ്യോഗികമായി പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. പൈലറ്റുമാരെ കണ്ടെത്താനായി അമേരിക്ക നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണങ്ങൾ നടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. Content Highlights: IRGC claims to have downed a US F-15E and F-35 fighter jet in 2026., Iran has announced a reward for the capture of US pilots., US Central Command has not issued an official statement regarding the incident., Search and rescue operations are currently underway amid reports of ongoing skirmishes. Published: 03 Apr 2026, 08:57 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യുഎസിന്റെ F-15, F-35 വിമാനങ്ങൾ വെടിവെച്ചിട്ടെന്ന് ഇറാൻ; പുറത്തേക്കു ചാടിയ പൈലറ്റുമാർക്കായി തിരച്ചിൽ
M
MathrubhumiSource Link
about 1 month ago