കെ.എം. സീതി Last Updated: 04 January 2026, 02:41 PM IST സൈനികബലം ഉപയോഗിച്ച് യുദ്ധങ്ങൾ ജയിച്ചേക്കാമെങ്കിലും, ഭീഷണിയുടെയും ആധിപത്യത്തിന്റെയും അടിസ്ഥാനത്തിൽ കെട്ടിപ്പടുക്കുന്ന ഒരു വിദേശനയം ലാറ്റിനമേരിക്കൻ രാജ്യങ്ങളെ അമേരിക്കയുടെ സഖ്യകക്ഷികളാക്കുന്നതിന് പകരം കൂടുതൽ ശത്രുക്കളാക്കാനേ ഉപകരിക്കൂ. വെനസ്വേലയിലെ സൈനിക നടപടി വിലയിരുത്തുന്ന ഡൊണാൾഡ് ട്രംപ് | Photo: AP വെനസ്വേലയിലെ രാഷ്ട്രീയപ്രതിസന്ധി ഇപ്പോൾ ഒരു തുറന്ന യുദ്ധമായി മാറിയിരിക്കുന്നു. മയക്കുമരുന്ന് കടത്തിനും നിയമവിരുദ്ധപ്രവർത്തനങ്ങൾക്കും എതിരേയാണ് തങ്ങൾ നടപടിയെടുക്കുന്നത് എന്നാണ് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നത്. എന്നാൽ, യാഥാർഥ്യം മറ്റൊന്നാണ്. വെനസ്വേലയിൽ നിർബന്ധിത ഭരണകൂടമാറ്റത്തിനുള്ള ശ്രമമാണിത്. ക്യൂബൻ മിസൈൽ പ്രതിസന്ധിക്കുശേഷം കരീബിയൻ മേഖലയിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനികവിന്യാസമാണ് കഴിഞ്ഞ മാസങ്ങളിൽ നടന്നത്. വിമാനവാഹിനി കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്, ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ, ആക്രമണക്കപ്പലുകൾ, അന്തർവാഹിനികൾ, കൂടാതെ ആയിരക്കണക്കിന് സൈനികരെ വെനസ്വേലൻ തീരത്തിന് തൊട്ടടുത്ത് വിന്യസിച്ചിട്ടുണ്ട്. പഴയ സൈനികത്താവളങ്ങൾ വീണ്ടും സജ്ജമാക്കി. യുദ്ധവിമാനങ്ങൾ ഏതുനിമിഷവും പറക്കാൻ തയ്യാറായി നിൽക്കുന്നു. നിയമവിരുദ്ധമായ മയക്കുമരുന്ന് കടത്തിനെക്കുറിച്ചുമാത്രം ആശങ്കപ്പെടുന്ന ഒരു രാജ്യത്തിന്റെ നിഷ്കളങ്കമായ നീക്കമല്ല ഇത്. To advertise here, സൈനികവിന്യാസത്തിനുപുറമേ, അന്താരാഷ്ട്ര സമുദ്രമേഖലയിൽ വെനസ്വേലയുടെ എണ്ണക്കപ്പലുകൾ അമേരിക്ക പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തുന്നു എന്ന് ആരോപിച്ച് ഡസൻകണക്കിന് ചെറിയ ബോട്ടുകൾ ആക്രമിക്കപ്പെടുകയും സാമ്പത്തിക ഉപരോധം കർശനമാക്കുകയുംചെയ്തു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയായ എണ്ണയിൽനിന്നുള്ള വരുമാനം ഇല്ലാതാക്കാൻ ഈ നടപടികൾ കാരണമായി. അവശ്യസാധനങ്ങളുടെ ക്ഷാമം, പണപ്പെരുപ്പം, വിലക്കയറ്റം തുടങ്ങി മറ്റു സാമൂഹികവിപത്തുകളാൽ വലയുന്ന സാധാരണക്കാരായ വെനസ്വേലൻ ജനത ഇപ്പോൾ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്. ഇതിനിടയിലെല്ലാം ട്രംപ് പരസ്യമായി മഡുറോയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ‘മഡുറോ കടുപ്പത്തിൽ പെരുമാറിയാൽ അത് അയാളുടെ അവസാനത്തെ കളിയായിരിക്കു’മെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിൽ രഹസ്യങ്ങളുന്നുമില്ല. മഡുറോയെ അധികാരത്തിൽനിന്ന് നീക്കംചെയ്യുക, അമേരിക്കൻ രാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങൾ അനുസരിക്കുന്ന ഒരു സർക്കാരിനെ അവിടെ പ്രതിഷ്ഠിക്കുക. എണ്ണയും സാമ്രാജ്യത്വവും വെനസ്വേലയിലെ അമേരിക്കയുടെ ഇടപെടലുകൾക്ക് സാമ്പത്തികലക്ഷ്യങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ളത് വെനസ്വേലയിലാണ്. ഏകദേശം 303 ബില്യൺ ബാരൽ. ഇതിൽ മുഴുവൻ എണ്ണയും ഖനനം ചെയ്തെടുക്കുക എളുപ്പമല്ലെങ്കിൽപ്പോലും, അവിടത്തെ ഊർജസമ്പത്തിന്റെ ശേഷി അതിബൃഹത്താണ്. വരും ദശകങ്ങളിലും ലോകം എണ്ണയെയും വാതകത്തെയും ആശ്രയിക്കും എന്നതിനാൽ, വെനസ്വേലയുടെ ഈ സമ്പത്ത് ഒരു ആഗോളശക്തിക്കും അവഗണിക്കാൻ കഴിയാത്ത ഒന്നാണ്. പക്ഷേ, യുഎസ് ഉപരോധം, രാഷ്ട്രീയ അസ്ഥിരത, സൈനിക ഇടപെടലുകൾ എന്നിവ കാരണം ഉത്പാദനവും കയറ്റുമതിയും വൻതോതിൽ കുറഞ്ഞിരിക്കുന്നു അമേരിക്കയെ സംബന്ധിച്ചിടത്തോളം, വെനസ്വേലൻ എണ്ണയുടെമേലുള്ള നിയന്ത്രണമെന്നാൽ ആഗോള ഊർജവിപണിയിലും മേഖലാ ഭൗമരാഷ്ട്രീയത്തിലും സ്വാധീനമുറപ്പിക്കുക എന്നാണ്. കാരക്കാസിൽ അമേരിക്കയുമായി സൗഹൃദമുള്ള ഒരു ഭരണകൂടം നിലവിൽവന്നാൽ, അത് അമേരിക്കൻ എണ്ണക്കമ്പനികൾക്കും നിക്ഷേപകർക്കും വാതിൽ തുറന്നുകൊടുക്കും. ഒപ്പം അമേരിക്കയുടെ എതിരാളികൾക്ക് തന്ത്രപ്രധാനമായ ഈ വിഭവങ്ങൾ നിഷേധിക്കാനും സാധിക്കും. ഇത് സാമ്പത്തികമായ ഒരുകാര്യംമാത്രമല്ല. മറിച്ച് അധികാരം, ആധിപത്യം, ആഗോളമത്സരം എന്നിവയുമായി ബന്ധപ്പെട്ടതാണ്. പ്രത്യേകിച്ച് വരുംവർഷങ്ങളിൽ വെനസ്വേലയുമായി അടുത്ത ബന്ധം പുലർത്തുന്ന ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള മത്സരം. ക്യൂബയിലേക്കോ ചൈനയിലേക്കോ പോകുന്ന എണ്ണക്കപ്പലുകൾ അമേരിക്ക പിടിച്ചെടുക്കുന്നത് ഈ പോരാട്ടം എത്രത്തോളം രൂക്ഷമാണെന്ന് കാണിക്കുന്നു. നിയമപാലനത്തെക്കാളുപരി കടൽക്കൊള്ളയോടാണ് ഈ നടപടികൾക്ക് സാമ്യം. അമേരിക്കൻ നിയമങ്ങളുടെ പേരിൽ, സ്വന്തം അതിർത്തിയിൽനിന്ന് വളരെ അകലെ അന്താരാഷ്ട്ര സമുദ്രമേഖലയിൽ അമേരിക്ക ഏകപക്ഷീയമായി നടത്തുന്ന ഒരു സാമ്പത്തിക യുദ്ധമാണിത്. വിശാലമായ യുഎസ് തന്ത്രം ലാറ്റിനമേരിക്കയിലുടനീളവും കരീബിയൻ മേഖലയിലും തങ്ങളുടെ ആധിപത്യമുറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ വിശാലമായ നയത്തിന്റെ ഏറ്റവും തീവ്രമായ മുഖംമാത്രമാണ് വെനസ്വേല. ട്രംപിന്റെ ഭരണത്തിനുകീഴിൽ, ഈ തന്ത്രം കൂടുതൽ പ്രത്യക്ഷവും ഇടപെടൽ സ്വഭാവമുള്ളതുമായി മാറിയിരിക്കുന്നു. അയൽരാജ്യങ്ങൾക്കെതിരേയുള്ള ഭീഷണികളും അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കുന്ന രാഷ്ട്രീയശക്തികൾക്കുള്ള പിന്തുണയും ഉൾപ്പെടെ വിവിധ രീതിയിലുള്ള സമ്മർദങ്ങൾ മറ്റുരാജ്യങ്ങൾക്കുമേൽ പ്രയോഗിക്കപ്പെടുന്നുണ്ട്. തങ്ങളുടെ പരമ്പരാഗത സ്വാധീനമേഖലയിൽ നിയന്ത്രണം പുനഃസ്ഥാപിക്കാൻ അമേരിക്ക ഇതിലൂടെ ലക്ഷ്യമിടുന്നു. യുദ്ധങ്ങൾ, അട്ടിമറികൾ, ഉപരോധങ്ങൾ, അധിനിവേശങ്ങൾ എന്നിങ്ങനെ ഈ മേഖലയിൽ അമേരിക്കൻ ഇടപെടലുകളുടെ ദീർഘകാലചരിത്രത്തെ ഇത് ഓർമ്മിപ്പിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ കോളനികൾ സ്ഥാപിക്കുന്നതിനെതിരേ യൂറോപ്യൻ ശക്തികൾക്ക് നൽകിയ മുന്നറിയിപ്പായിരുന്നു ‘മൺറോ സിദ്ധാന്തം’. എന്നാൽ, കാലക്രമേണ അത് അമേരിക്കയുടെ ആധിപത്യത്തിനുള്ള ന്യായീകരണമായി മാറി. സംരക്ഷണമെന്ന പേരിൽ നടത്തുന്ന ഇടപെടൽ നയമായി ഇത് പരിണമിച്ചു. ഇപ്പോൾ, ട്രംപ് ഭരണകൂടം ഈ ആശയം പരസ്യമായി പുനരുജ്ജീവിപ്പിച്ചിരിക്കയാണ്. പടിഞ്ഞാറൻ അർധഗോളത്തിൽ അമേരിക്കയുടെ പ്രാമുഖ്യം വീണ്ടെടുക്കുന്നതിനെക്കുറിച്ച് അവരുടെ ഔദ്യോഗിക ദേശീയ സുരക്ഷാതന്ത്രം ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനർഥം, പരമാധികാരരാജ്യങ്ങളെ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായി കണക്കാക്കുക എന്നതാണ്. അവിടെ വിയോജിപ്പുകൾ അനുവദിക്കില്ലെന്നും സ്വാതന്ത്ര്യം സംശയാസ്പദമാണെന്നും അമേരിക്ക കരുതുന്നു. അന്താരാഷ്ട്ര നിയമങ്ങൾ കീഴ്മേൽ മറിയുന്നു വെനസ്വേലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്കുമേലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണ്. ഒരു രാജ്യത്തിന്റെ ക്ഷണമില്ലാതെയോ ഐക്യരാഷ്ട്രസഭയുടെ അനുമതിയില്ലാതെയോ പെട്ടെന്നുണ്ടാകാൻ സാധ്യതയുള്ള ഭീഷണിയെക്കുറിച്ച് വ്യക്തമായ തെളിവുകളില്ലാതെയോ ബോംബാക്രമണം നടത്തുന്നത് ഒരു യുദ്ധപ്രഖ്യാപനമാണ്. ഒരു രാജ്യത്തെ ആഭ്യന്തരനിയമങ്ങളുടെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര സമുദ്രമേഖലയിൽ എണ്ണക്കപ്പലുകൾ പിടിച്ചെടുക്കുന്നത് അപകടകരമായ ഒരു ആഗോള കീഴ്വഴക്കമാണ് സൃഷ്ടിക്കുന്നത്. ശക്തരായ രാജ്യങ്ങൾക്ക് ഏകപക്ഷീയമായി മറ്റുരാജ്യങ്ങളിലെ നേതാക്കളെ കുറ്റവാളികളായി പ്രഖ്യാപിക്കാനും ലോകത്തെവിടെയുംവെച്ച് അവരെ ആക്രമിക്കാനോ അവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കാനോ സാധിക്കുമെങ്കിൽ, അന്താരാഷ്ട്രനിയമങ്ങൾ അർഥശൂന്യമായി മാറും. തങ്ങൾ ഒരു ‘നിയമാധിഷ്ഠിത അന്താരാഷ്ട്രക്രമത്തെ’ ഉയർത്തിപ്പിടിക്കുന്നു എന്നാണ് അമേരിക്ക കാലാകാലമായി അവകാശപ്പെടുന്നത്. എന്നാൽ, ഇത്തരം നടപടികൾ ആ അവകാശവാദത്തെ വെറും പൊള്ളയായ പ്രഖ്യാപനങ്ങൾ മാത്രമാക്കുന്നു. സൈനികബലം ഉപയോഗിച്ച് യുദ്ധങ്ങൾ ജയിച്ചേക്കാമെങ്കിലും ഭീഷണിയുടെയും ആധിപത്യത്തിന്റെയും അടിസ്ഥാനത്തിൽ കെട്ടിപ്പടുക്കുന്ന ഒരു വിദേശനയം, ലാറ്റിനമേരിക്കൻ രാജ്യങ്ങളെ അമേരിക്കയുടെ സഖ്യകക്ഷികളാക്കുന്നതിനുപകരം കൂടുതൽ ശത്രുക്കളാക്കാനേ ഉപകരിക്കൂ. വെനസ്വേലയുടെ ഭാവി നിയന്ത്രിക്കാനുള്ള ഈ തിടുക്കത്തിൽ, തങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന മൂല്യങ്ങളെത്തന്നെ തകർക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. (ലേഖകൻ എം.ജി. സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടറും രാജ്യാന്തരപഠന വിദഗ്ധനുമാണ്)
