പുതുച്ചേരി : എൻ.ആർ. കോൺഗ്രസ് സ്ഥാപകനേതാവ് എൻ. രംഗസാമി പുതുച്ചേരി മുഖ്യമന്ത്രിയായി അഞ്ചാംതവണ അധികാരമേറ്റു. ബുധനാഴ്ച ലോക് നിവാസിൽ നടന്ന ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ സത്യവാചകം ചൊല്ലിക്കൊടുത്തു. To advertise here, മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ പാർട്ടിയിലെ മല്ലാടി കൃഷ്ണറാവുവും ബി.ജെ.പി.യുടെ എ. നമശിവായവും മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്തു. യാനത്തുനിന്നുള്ള എം.എൽ.എ.യായ റാവു തെലുഗുവിലാണ് സത്യവാചകം ചൊല്ലിയത്. മറ്റുള്ളവർ തമിഴിലും. സത്യപ്രതിജ്ഞാചടങ്ങിൽ ബി.ജെ.പി. ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ, ബി.ജെ.പി. നേതാവ് ബി.എൽ. സന്തോഷ് എന്നിവർ പങ്കെടുത്തു. പുതുച്ചേരിയിലെ 30 അംഗ സഭയിൽ 18 സീറ്റുനേടിയാണ് എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിൽവന്നത്. രംഗസാമിയുടെ എൻ.ആർ. കോൺഗ്രസ് 12 സീറ്റുനേടി. ബി.ജെ.പി. നാലുസീറ്റും അണ്ണാ ഡി.എം.കെ., എൽ.ജെ.കെ. എന്നിവ ഓരോ സീറ്റും നേടി. 75 വയസ്സുള്ള രംഗസാമി ഇതിനുമുൻപ് 2001, 2006 വർഷങ്ങളിൽ കോൺഗ്രസ് നേതാവായും 2011, 2021 വർഷങ്ങളിൽ എൻ.ആർ കോൺഗ്രസ് നേതാവായും മുഖ്യമന്ത്രിപദത്തിലെത്തി. ഈ തിരഞ്ഞെടുപ്പിൽ തട്ടാഞ്ചാവടി, മംഗലം മണ്ഡലങ്ങളിൽനിന്നാണ് അദ്ദേഹം വിജയിച്ചത്. പുതുച്ചേരിയിലെ സത്യപ്രതിജ്ഞാ ചടങ്ങിലും തമിഴ് തായ്വാഴ്ത്ത് മൂന്നാമത് പുതുച്ചേരി : എൻ. രംഗസാമി പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത ചടങ്ങിൽ തമിഴ് തായ് വാഴ്ത്ത് ആലപിച്ചത് മൂന്നാമത്. ഇതേച്ചൊല്ലി തമിഴ്നാട്ടിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതുച്ചേരിയിലും സമാനരീതി അവലംബിച്ചത്. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഔദ്യോഗിക ചടങ്ങുകളിൽ തമിഴ് തായ്വാഴ്ത്താണ് ആദ്യം ആലപിക്കാറ്. പിന്നീട് ദേശീയ ഗാനവും. എന്നാൽ, ബുധനാഴ്ച രാവിലെ ലോക് നിവാസിൽ നടന്ന ചടങ്ങിൽ ആദ്യം വന്ദേമാതരവും രണ്ടാമത് ദേശീയഗാനവും ഏറ്റവും ഒടുവിലായി തമിഴ് തായ്വാഴ്ത്തും ആലപിച്ചു. പൊതുപ്രവർത്തകനായ എസ്. സ്വാമിനാഥൻ ഇതിൽ പ്രതിഷേധംഅറിയിച്ചു. തമിഴ്നാട്ടിൽ മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് തായ്വാഴ്ത്ത് മൂന്നാമതാണ് ആലപിച്ചത്. രാഷ്ട്രീയകക്ഷികൾ ഇതിൽ പ്രതിഷേധം പ്രകടിപ്പിച്ചു.
