'കബനി ബ്ലൂ മെറ്റൽസ്' കരിങ്കൽ ക്വാറി To advertise here, ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയിൽ പ്രവർത്തിക്കുന്ന കബനി ബ്ലൂ മെറ്റൽസ് എന്ന കരിങ്കൽ ക്വാറി രാജിഗിരി-കാനംവയൽ പ്രദേശത്തെ ജനങ്ങളുടെ തലയ്ക്ക് മുകളിലെ ബോംബാണെന്ന് പ്രദേശവാസികൾ പരാതിപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മുഖ്യമന്ത്രി, കളക്ടർ, പഞ്ചായത്ത്, കോടതി തുടങ്ങി പരാതിപ്പെടാത്ത സ്ഥലങ്ങളില്ല. ജനങ്ങളുടെ ആശങ്ക അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്നതാണ് തിങ്കളാഴ്ച കൂറ്റൻ കല്ല് ഉരുണ്ടിറങ്ങിയത്. ഇതോടെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കി. ക്വാറിക്ക് സമീപം മലപോലെ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മഴക്കാലത്ത് ജലബോംബായി മാറുമെന്നും നാട്ടുകാർ പറയുന്നു. രാജഗിരി-ജോസ്ഗിരി റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന ആയിരക്കണക്കിന് ലോഡ് മണ്ണ് മഴക്കാലത്ത് താഴേയ്ക്കൊഴുകി എത്തിയാൽ രാജഗിരി ടൗണിന്റെയും നിരവധി വീടുകളുടേയും നാശത്തിന് കാരണമാകുമെന്നും രാജഗിരി പൈതൃക സംരക്ഷണ സമിതി ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും മുന്നറിയിപ്പ് കൊടുത്തിരുന്നതായി രാജഗിരി പൈതൃക സംരക്ഷണ സമിതി ചെയർമാൻ സ്കറിയ നടുവിലേക്കൂറ്റ്, കൺവീനർ ബിനോയി മുതുകാട്ടിൽ എന്നിവർ പറഞ്ഞു. സംഭവത്തെ തുടർന്ന് രാത്രി വൈകിയും പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ക്വാറി ഭീഷണിയാണെന്ന് കാണിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമുയർത്തിയിരുന്നു. അന്വേഷണത്തിനായി ഉന്നതതല ഉദ്യോഗസ്ഥ സംഘവും എത്തി തെളിവെടുപ്പ് നടത്തിയെങ്കിലും ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരമുണ്ടായില്ലെന്ന് മാത്രമല്ല ക്വാറിക്ക് പ്രവർത്തിക്കാനുള്ള ലൈസൻസ് പുതുക്കിനൽകുകയാണുണ്ടായതെന്ന് രാജഗിരി പൈതൃക സംരക്ഷണ മിതി പ്രവർത്തകർ പറഞ്ഞു. ക്വാറിക്ക് ലൈസൻസ് പുതുക്കിനൽകണമെന്നാവശ്യപ്പെട്ട് ചെറുപുഴ പഞ്ചായത്തിൽ ക്വാറി ഉടമകൾ അപേക്ഷ നൽകിയെങ്കിലും പഞ്ചായത്ത് അപേക്ഷ നിരസിക്കുകയായിരുന്നു. രണ്ടാംഘട്ടമെന്ന നിലയിൽ ക്വാറി ഉടമകൾ വീണ്ടും അഞ്ചോളം വകുപ്പുകളുടെ സർട്ടിഫിക്കറ്റുമായെത്തുകയായിരുന്നു. മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ്, സർവേ മാപ്പ്, ഡിസ്ട്രിക്ട് ഇംപാക്ട്മെൻറ് എൻവയൺമെൻറ് വകുപ്പ്, മൈനിങ് ആൻഡ് ജിയോളജി ഡയറക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവയാണ് ലൈസൻസ് പുതുക്കിനൽകുന്നതിനായി ക്വാറി കമ്പനി ഹാജരാക്കിയ വിവിധ വകുപ്പുകളുടെ സർട്ടിഫിക്കറ്റുകൾ. ക്വാറിക്ക് അനുമതി കൊടുക്കരുതെന്നും ക്വാറിയുടെ പ്രവർത്തനം നാടിന്റെ നാശത്തിന് കാരണമാകുമെന്നും കുടിവെള്ളം വരെ മലിനമാകുമെന്നുമുള്ള ആശങ്കയുണ്ട്. ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകുമെന്ന് പഞ്ചായത്ത് അധികൃതർ : ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും സ്റ്റോപ്പ് മെമ്മോ നൽകുമെന്നും സ്ഥലം സന്ദർശിച്ച ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി എന്നിവർ പറഞ്ഞു. പഞ്ചായത്ത് എന്നും ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ലളിതാ ബാബു, കെ.ഡി. പ്രവീൺ, ലീനാ വില്യം, പഞ്ചായത്തംഗങ്ങളായ റോഷി ജോസ്, ടി.പി. ചന്ദ്രൻ, ആസൂത്രണസമിതി ഉപാധ്യക്ഷൻ മനോജ് വടക്കേൽ എന്നിവരും സ്ഥലം സന്ദർശിച്ചു. സംഭവം അറിഞ്ഞ് പയ്യന്നൂർ നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണനും പോലീസ്, വൈദ്യുതി വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി.
